ഒരു രൂപ ബാക്കി നല്‍കാത്തതിന് തിളച്ച വെള്ളം ദേഹത്തൊഴിച്ച് ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 15 വര്‍ഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ
ഒരു രൂപ ബാക്കി നല്‍കാത്തതിന് തിളച്ച വെള്ളം ദേഹത്തൊഴിച്ച് ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 30 കാരന് 15 വര്‍ഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുമങ്ങാട് ആനാട് അജിത് ഭവനില്‍ അജിത്തിനെ (30) യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം പോക്‌സോ ആന്റ് അഡീ. ജില്ലാ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്.
പഴകുറ്റി ലതി ഹോട്ടല്‍ ഉടമകളും വൃദ്ധ ദമ്പതികളുമായ രഘുനാഥന്‍ , ലീലാമണി എന്നിവരെ ആക്രമിച്ചെന്നാണ് കേസ്. 2015 ലാണ് സംഭവം നടന്നത്. പ്രതിക്ക് ഭക്ഷണം കഴിച്ച ശേഷം ബാക്കി നല്‍കിയ തുകയില്‍ ഒരു രൂപ കുറഞ്ഞതിനെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായി.
ചില്ലറയില്ലാത്തതിനാലാണ് നല്‍കാനാവാത്തത് എന്ന് പറഞ്ഞങ്കിലും പ്രതി ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മറ്റൊരു യുവാവില്‍ നിന്ന് ഒരു രൂപ വാങ്ങി നല്‍കി. പ്രകോപിതനായ പ്രതി ഹോട്ടലില്‍ തിളപ്പിച്ചു കൊണ്ടിരുന്ന ചൂടു വെള്ളം എടുത്ത് ദമ്പതികളുടെ ദേഹത്ത് ഒഴിച്ചു. ലീലാമണിക്ക് ഗുരുതര പൊള്ളലേല്‍ക്കുകയായിരുന്നു. നെടുമങാട് സി ഐ സ്റ്റുവര്‍ട്ട് കീലര്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂട്ടര്‍ അജിത് പ്രസാദ് ഹാജരായി.
https://www.facebook.com/Malayalivartha