എന്തു കൊണ്ടാണ് പി.പി ദിവ്യക്കെതിരെ സി പി എം നടപടിക്ക് ഒരുങ്ങാത്തത്..? സി പി എം മുട്ടുമുക്കിയത് എന്തു കൊണ്ടാണ് ? ദിവ്യ എല്ലാം പറഞ്ഞാൽ സി.പി. എമ്മിന്റെ മൂടുപടം അഴിഞ്ഞുവീഴും...
എന്തു കൊണ്ടാണ് പി.പി ദിവ്യക്കെതിരെ സി പി എം നടപടിക്ക് ഒരുങ്ങാത്തത്? കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് മുന്നിൽ സി പി എം മുട്ടുമുക്കിയത് എന്തു കൊണ്ടാണ് ? തനിക്കെതിരെ പാർട്ടി നടപടിയുണ്ടായാൽ നടന്നതെല്ലാം തുറന്നു പറയുമെന്ന ഭീഷണിയാണ് കാരണം. ദിവ്യ എല്ലാം പറഞ്ഞാൽ സി.പി. എമ്മിന്റെ മൂടുപടം അഴിഞ്ഞുവീഴും.പാർട്ടിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ നടത്തികൊണ്ടിരിക്കുന്ന ബിനാമി ബിസിനസുകൾ ഒന്നൊന്നായി പുറത്തുവരും.
റിമാൻഡിലുള്ള ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയുടെ അഭ്യർഥനകൂടി മാനിച്ചാണു സംഘടനാപരമായ അച്ചടക്കനടപടികളിലേക്ക് ഉടൻ കടക്കേണ്ടെന്ന നിഗമനത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം എത്തിയതെന്നറിയുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ദിവ്യയുടെ നീക്കം. അതിൽ തീരുമാനം വരുന്നതുവരെ അറസ്റ്റിനു വഴങ്ങാതിരിക്കുന്നതു പാർട്ടിക്കു ക്ഷീണം ചെയ്യുമെന്നു മനസ്സിലാക്കിയ നേതാക്കൾ കീഴടങ്ങാൻ ദിവ്യയോട് ആവശ്യപ്പെട്ടെന്നാണു വിവരം.
ഇതനുസരിച്ച ദിവ്യ ‘പ്രത്യുപകാരമെന്നോണം’, അച്ചടക്കനടപടികളുടെ ആലോചനയിലേക്ക് ഉടൻ കടക്കരുതെന്ന ആവശ്യം നേതൃത്വത്തിനു മുന്നിൽ വച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു പിന്നാലെ സംഘടനാ നടപടികൂടി വന്നാൽ തെറ്റുകാരിയല്ലെന്ന വാദത്തിന്റെ മുനയൊടിയുമെന്ന ആശങ്കയിലാണിത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം സമർപ്പിക്കാനുള്ള സാവകാശം പോലും ദിവ്യക്ക് നൽകാത്തതിൽ അവർക്ക് അമർഷമുണ്ട്. ഹൈക്കോടതിയിൽ ഹർജി നൽകിയിട്ട് കാര്യമില്ലെന്നായിരുന്നു പോലീസിന്റെ ഉപദേശം.എം.ആർ. അജിത് കുമാർ പോയതോടെ പോലീസിൽ പിണറായിയുടെ ഓഫീസിന് വേണ്ടത്ര പിടുത്തമില്ല. അതിനാൽ അവർ സി പി എം നേതാക്കളെ പോലുംവഴി തെറ്റിക്കും.
ദിവ്യയുടെ താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ പിറകെ മറ്റു ചില പ്രശ്നങ്ങൾ ഉയർന്നുവന്നേക്കാമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. പെട്രോൾ പമ്പിന് എൻഒസി നേടിയ പ്രശാന്ത് മുഖ്യമന്ത്രിക്കു അയച്ചതായി പറയുന്ന പരാതിയാണ് അതിലൊന്ന്. ഈ പരാതി പ്രശാന്ത് തയാറാക്കിയതല്ലെന്നും മറ്റാരോ തയാറാക്കി പ്രശാന്തിന്റെ പേരും ഒപ്പുമിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ ഔദ്യോഗിക പദവിയിലിരിക്കുന്ന ആൾക്ക് വാട്സാപ് ചെയ്യുകയായിരുന്നു എന്നാണു വിവരം. പരാതിയിലെ ഒപ്പും പേരുമെല്ലാം വ്യത്യസ്തമാണെന്നു വ്യക്തമായിരുന്നു.
പാർട്ടി ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫിസിലും ഉള്ളവർ ഇക്കാര്യത്തിൽ സംശയനിഴലിലായതിൽ നേതാക്കൾക്ക് ആശങ്കയുണ്ട്. അതിനു പിന്നാലെയാണ് പെട്രോൾ പമ്പ് ഇടപാടിൽ ബെനാമി പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്ന, പ്രശാന്തിന്റെ ബന്ധു പാർട്ടിയുടെ ഉന്നതനേതാവിന്റെ അടുപ്പക്കാരനാണെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നത്. പി . ശശിയാണ് ബിനാമിയെന്ന് ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. ശശിക്കെതിരെ ആരോപണം ഉയർന്നാൽ അത് ബാധിക്കാൻ പോകുന്നത് സാക്ഷാൽ മുഖ്യമന്ത്രിയെയാണ്. പരാതി തയാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്ന് വന്നാൽ അത് ദോഷമാകും. മുഖ്യമന്ത്രിയുടെ ഓഫീസ് കുഴപ്പത്തിലാവുകയും ചെയ്യും.
കാരണം പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏത് ഉന്നതനാണ് വാട്സ് ആപ്പ് ചെയ്തെന്ന കാര്യം ഇതിനകം പോലീസിന് ലഭിച്ചിട്ടുണ്ട്. പി.കെ ശ്രീമതിക്കും പി. സതീദേവിക്കും കെ.കെ ശൈലജയ്ക്കും പിന്നാലെ സി.പി.എം കണ്ണൂരില്‍നിന്ന് വളര്‍ത്തിക്കൊണ്ടുവന്ന വനിതാ നേതാവാണ് ദിവ്യാ.. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം പാര്‍ട്ടി മുന്‍നിരയിലേക്ക് കടന്നുവരേണ്ടിയിരുന്ന മുഖങ്ങളിലൊന്ന്. അടുത്ത തവണ എംഎല്‍എയോ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ മന്ത്രി വരെയോ ആകേണ്ടിയിരുന്ന നേതാവ്. രാഷ്ട്രീയ ജീവിതത്തില്‍ പി.പി ദിവ്യയ്ക്ക് ഇങ്ങനെയൊരു വീഴ്ച സിപിഎം ഒരിക്കലും പ്രതീക്ഷിച്ചതല്ല. 'ഒരു നിമിഷം മതി നമ്മുടെ ജീവിതത്തില്‍ എന്തും സംഭവിക്കാന്‍',
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച അന്നത്തെ ആ ചടങ്ങില്‍ ദിവ്യ തന്നെ നടത്തിയ പ്രസംഗത്തിലെ ഒരു വാചകമായിരുന്നു ഇത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ശോഭിച്ച ദിവ്യയുടെ രാഷ്ട്രീയ ജീവിതത്തിലും ആ വാക്കുകള്‍ അറംപറ്റി.കോടതി ജാമ്യ ഹര്‍ജി തള്ളിയതോടെ പാര്‍ട്ടി നിര്‍ദേശപ്രകാരമായിരുന്നു ദിവ്യയുടെ കീഴടങ്ങല്‍. എന്നാല്‍ അറസ്റ്റിന് ശേഷവും തെല്ലുമൊരു കുറ്റബോധം ആ മുഖത്തുണ്ടായില്ല. കൂക്കിവിളികള്‍ക്കിടയിലൂടെ പോലീസ് വലയത്തില്‍ ജയിലിലേക്ക് പോകുമ്പോള്‍ പോലും ചെറു പുഞ്ചിരി. പാര്‍ട്ടും സര്‍ക്കാരും ഒപ്പമുണ്ടെന്ന ആത്മവിശ്വാസമാണോ ആ പുഞ്ചിരിക്ക് പിന്നിലുള്ളതെന്നും സംശയിക്കാം. റിമാന്‍ഡ് കാലയളവ് കഴിയുന്നത് വരെ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് ദിവ്യ.
നവീന്‍ ബാബു ഉള്ളുരുകി ജീവിതം അവസാനിപ്പിച്ച ക്വാര്‍ട്ടേഴ്സില്‍നിന്ന് മീറ്ററുകള്‍ മാത്രം അകലെയുള്ള ജയില്‍.പാര്‍ട്ടിയും സര്‍ക്കാരും പോലീസും ഒരുപോലെ സംരക്ഷണ വലയമൊരുക്കി കാത്ത 14 ദിനരാത്രങ്ങള്‍. ഒടുവില്‍ മറ്റുവഴികളില്ലാതെ നാടകീയമായ കീഴടങ്ങല്‍. പുറത്ത് നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറയുമ്പോഴും ദിവ്യയ്ക്ക് എല്ലാ സൗകര്യവും ഒരുക്കി ഇത്രയും നാള്‍ കാത്തതിന് പിന്നിലും പാര്‍ട്ടിയുടെ കരങ്ങളുണ്ടായിരുന്നു. ആ സംരക്ഷണം സിപിഎം ഇനിയും തുടരുമോ? അതോ പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ആയിട്ടെങ്കിലും ദിവ്യയ്ക്കെതിരേ നടപടി ഉണ്ടാകുമോ? ഈ ചോദ്യത്തിന് ഉത്തരം സിമ്പിളാണ്.ദിവ്യയെ രക്ഷിക്കും. ഇല്ലെങ്കിൽ പണി കിട്ടും.
അഴിമതിയാരോപിച്ച യോഗത്തിനുശേഷം അഭിനന്ദിച്ച് കളക്ടറേറ്റിലെ ജീവനക്കാരടക്കം ഒട്ടേറെപ്പേർ രാത്രി ഫോൺവിളികളും സന്ദേശങ്ങളുമായി എത്തിയിരുന്നെന്ന് ദിവ്യ പറഞ്ഞു. അഴിമതിക്കെതിരേ ധീരമായ നിലപാടെടുത്തെന്നും പലരും പറഞ്ഞിരുന്നതായി ദിവ്യ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.എന്നാൽ, രാവിലെ എ.ഡി.എം. മരിച്ചതോടെ അവരൊക്കെ നേരെ എതിരായി. ചിലർ രാക്ഷസിയെന്നു വിളിച്ച് ആക്ഷേപിച്ചു. മറ്റു ചിലർ ഫോൺബന്ധം വിച്ഛേദിച്ചു. ഇങ്ങനെ ഒട്ടേറെ അനുഭവങ്ങൾ നേരിട്ടതായി ദിവ്യ മൊഴി നൽകി.കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അന്വേഷണസംഘം ചോദ്യംചെയ്തത് മൂന്നുമണിക്കൂറോളമാണ്. ചോദ്യങ്ങൾക്ക് ആദ്യമൊക്കെ ധൈര്യപൂർവം മറുപടി നൽകിയെങ്കിലും പിന്നീട് പല ചോദ്യങ്ങളുടെമുന്നിലും പതറി.
നവീൻ ബാബു മരിക്കുമെന്ന് ഒരിക്കലും കരുതിയില്ല. വിഷമമുണ്ട്. രണ്ടുദിവസത്തിനുള്ളിൽ കാണാമെന്നു പറഞ്ഞത് ഭീഷണിയുടെ സ്വരത്തിലായിരുന്നില്ല. ചില തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്.പമ്പിന് എതിർപ്പില്ലാരേഖ നൽകാൻ എ.ഡി.എം. പണം വാങ്ങിച്ചു. അക്കാര്യം പ്രശാന്തൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.എമ്മിനോട് ചോദിച്ചത്. എന്നാൽ, പണം വാങ്ങിയെന്ന് എങ്ങനെ അറിയാമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. പമ്പിന് എതിർപ്പില്ലാരേഖ നൽകുന്നതിൽ വലിയ താത്പര്യം എടുക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായില്ല. കളക്ടറെ വിളിച്ചിരുന്നു. യോഗത്തിൽ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. യോഗാധ്യക്ഷയുടെ സമ്മതപ്രകാരമാണ് സംസാരിച്ചത്. ചാനൽ വീഡിയോ ഗ്രാഫറെ വിളിച്ചു എന്നീ കാര്യങ്ങൾ സമ്മതിച്ചു.
ഒക്ടോബർ 14 ന് വൈകീട്ട് 4.00 മണിക്കാണ് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആ സംഭവം നടന്നത്. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ ക്ഷണിക്കാതെ എത്തുന്നു. കളക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിൽ നവീൻ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിക്കുന്നു. ചെങ്ങളായിയിലെ പെട്രോൾ പമ്പിന് എതിർപ്പില്ലാരേഖ നൽകിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്ന് ആക്ഷേപം. ഇത്തരത്തിൽ ആക്ഷേപം ഉന്നയിക്കുന്നതിന് മുമ്പ് ദിവ്യ ചില സി പി എം നേതാക്കളുമായി സംസാരിച്ചിരുന്നു എന്ന വിവരവും പുറത്തുവന്നു. ഇനി പറയുന്നതാണ് കേസിന്റെ നാൾ വഴി.
യോഗത്തിനുശേഷം അവസാനഫയലുകൾ ഒപ്പിട്ട് നവീൻ ബാബു സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകാനായി ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് മുതലാണ് സസ്‌പെൻസ് തുടങ്ങുന്നത്. റെയിൽവേ സ്റ്റേഷനടുത്ത് മുനീശ്വരൻ കോവിലിനു സമീപം ഇറങ്ങി ഡ്രൈവറെ പറഞ്ഞയക്കുന്നു.പിന്നീട് എന്താണ് നടന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒക്ടോബർ 15 രാവിലെ 7.15 ന് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ നവീൻ ബാബുവിനെ കണ്ടെത്തുന്നു.രാവിലെ 10 ന് അസ്വാഭാവിക മരണത്തിന് കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർചെയ്തു. പെട്രോൾ പമ്പിന് അപേക്ഷിച്ച ടി.വി. പ്രശാന്തന്റെ മുഖ്യമന്ത്രിക്ക് നൽകിയതായുള്ള പരാതി പുറത്തുവരുന്നു. ഒക്ടോബർ ആറിന് ക്വാർട്ടേഴ്സിൽവെച്ച് താൻ 98,500 രൂപ നവീൻ ബാബുവിന് കൈക്കൂലിനൽകിയെന്ന് പറയുന്നു.
നവീൻ ബാബുവിന്റെ സഹോദരൻ അഡ്വ. കെ. പ്രവീൺ ബാബു കണ്ണൂർ ടൗൺ പോലീസിൽ പരാതിനൽകി.ഒക്ടോബർ 16 ന് ദിവ്യയെ ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റാൻ ആലോചന തുടങ്ങി. പോലീസ് പത്തനംതിട്ടയിലെത്തി. പാർട്ടി സംരക്ഷണം ഒരുക്കിയപ്പോഴും അന്വേഷണം തുടങ്ങി.ഒക്ടോബർ 17 ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ദിവ്യയുടെപേരിൽ പോലീസ് കേസെടുത്തു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ദിവ്യയെ മാറ്റി കെ.കെ. രത്നകുമാരിയെ ജില്ലാപഞ്ചായത്ത് അധ്യക്ഷയാക്കാൻ തീരുമാനിച്ചു. ദിവ്യ രാജിസന്നദ്ധത അറിയിച്ച് ജില്ലാ സെക്രട്ടറി എം.വി. ജയരാജന് കത്ത് കൈമാറി. ഇത് മനസില്ലാമനസോടെ നടന്ന സംഗതിയാണ്.
ഒക്ടോബർ 18 ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയെത്തി. യോഗത്തിന് കളക്ടർ ക്ഷണിച്ചതായി ജാമ്യാപേക്ഷയിൽ പരാമർശമുണ്ടായി.ഒക്ടോബർ 19 ന് ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ അരുൺ കെ. വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബർ 20 നും ദിവ്യ ഒളിവിൽത്തന്നെയായിരുന്നു. ഒക്ടോബർ 22 ന് എ.ഡി.എമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം വന്നു. 'അന്വേഷണം ശരിയായ രീതിയിൽ നടക്കും. അന്വേഷണത്തിൽ ഇടപെടില്ല'. പ്രതികരിച്ചില്ലെങ്കിൽ കുഴപ്പമാകുമെന്ന സാഹചര്യത്തിലായിരുന്നു ഇത്.
ഒക്ടോബർ 24 ന് ദിവ്യയുടെ ജാമ്യഹർജിയിൽ തലശ്ശേരി സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വാദം കേട്ടു. ഹർജി വിധിപറയാൻ 29-ലേക്ക് മാറ്റി.ഒക്ടോബർ 25 ന് കേസ് അന്വേഷിക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിന് രൂപം നൽകി. ഒക്ടോബർ 26 ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരനായ ടി.വി. പ്രശാന്തനെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു.ഒക്ടോബർ 28 ന് ദിവ്യ രാജിവച്ചതിനുശേഷമുള്ള ആദ്യ ഭരണസമിതി യോഗം നടന്നു. ദിവ്യയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. അംഗങ്ങളുടെ ബഹളമുണ്ടാക്കി.
ഒക്ടോബർ 29 രാവിലെ 11 ന് ദിവ്യക്ക് മുൻകൂർജാമ്യം നിഷേധിച്ച് തലശ്ശേരി സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദിന്റെ വിധി പറഞ്ഞു. ഉച്ചയ്ക്ക് മൂന്നുമണിക്ക് ദിവ്യ കീഴടങ്ങുന്നു, വനിതാ ജയിലിൽ റിമാന്റിലാവുന്നു. ചരിത്രത്തിൽ ഇത്രയും ഗതികേട് ഒരാൾക്ക് ഉണ്ടാകണമെന്നില്ല. മന്ത്രിയാകുമെന്ന് കരുതിയയാൾ നിസഹായയായി ജയിലിൽ കഴിയുന്നു. പക്ഷേ ദിവ്യ ഒരു ബോംബാണ്. ആ ബോംബ് പൊട്ടിയാൽ സി.പി.എം ചിന്തിച്ചിതറും. അക്കാര്യം അറിയാവുന്ന സി പി എം എങ്ങനെയും ദിവ്യയെ രക്ഷിക്കാൻ ശ്രമിക്കും. വിജയിച്ചാലും ഇല്ലെങ്കിലും..
https://www.facebook.com/Malayalivartha