കേരളത്തെ ബംഗാളാക്കാനുള്ള പദ്ധതിക്ക് തുടക്കം: പാർട്ടി ഓഫീസുകൾ പശുതൊഴുത്താകുമോ? സിൽവർ ലൈനിന് അനുമതി നൽകുന്നതെന്തിന്?
സാങ്കേതിക തടസങ്ങൾ പരിഹരിച്ചാൽ കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചതോടെയാണ് സി പിഎമ്മിനെ ഇല്ലാതാക്കാനുള്ള പരിപാടി കേന്ദ്രം ആരംഭിച്ചത്.
കെ റെയിലുമായി ബന്ധപ്പെട്ട് അശ്വിനി വൈഷ്‌ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പദ്ധതിക്ക് അനുകൂലമായി അദ്ദേഹം സംസാരിച്ചത്.
'ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നത്തിനുള്ള പരിഹാരമാണ്. സംസ്ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്ന് സമർപ്പിക്കപ്പെട്ട പദ്ധതി രേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാകണം'- കേന്ദ്രമന്ത്രി വ്യക്തമാക്കി. ബംഗാളിൽ ഇപ്പോൾ സി.പി.എം ഓഫീസുകൾ പശുത്തൊഴുത്തുകളാണ്. നാടു നീളെ മഞ്ഞക്കുറ്റിയടിച്ച് ഭൂമി ഏറ്റെടുക്കുമ്പോൾ ജനങ്ങൾ മുഴുവൻ സി.പി. എമ്മിന് എതിരാകും. സമാനമായ പ്രവൃത്തിയാണ് ബംഗാളിൽ നടന്നത്. അന്നു നശിച്ച പാർട്ടിക്ക് പിന്നെ കരകയറാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ആരെക്കാളധികം അറിയാവുന്നത് ബി.ജെ.പിക്കാണ്. ഒരിക്കലും നടപ്പാകില്ലെന്ന് ഉറപ്പുണ്ടായിരുന്ന സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിണറായി സർക്കാർ വെട്ടിയത് ഏതാണ്ട് 70 കോടിയാണെന്ന് ഇതിനകം പുറത്തുവന്നിരുന്നു. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് ഇല്ലാത്ത ഒരു പദ്ധതിയിൽ നിന്നും ഒരു സർക്കാർ ഇത്രയധികം കോടികൾ അടിച്ചുമാറ്റുന്നത്. കണ്‍സള്‍ട്ടിങ് ഫീസിനത്തില്‍ 33 കോടിയും പാരിസ്ഥിതിക പഠനത്തിനായി 79 ലക്ഷവും സര്‍വേയ്‌ക്കായി മൂന്നു കോടിയും സര്‍വേക്കല്ല് ഇടുന്നതിന് ഒരു കോടിയും മണ്ണുപരിശോധനയ്‌ക്ക് 75 ലക്ഷവും പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ആറു കോടിയും ഭൂമി ഏറ്റെടുക്കുന്നതിന് 19 കോടിയും പിണറായി സർക്കാർ ചെലവിട്ടു.
65,000 കോടി രൂപയ്‌ക്കു നിര്‍മിക്കുമെന്നു പറഞ്ഞ പദ്ധതിയാണ് എവിടെയുമെത്താതെ മുടങ്ങിക്കിടന്നത് . സില്‍വര്‍ലൈന്‍ പദ്ധതിക്കാവശ്യമായ കേന്ദ്രാനുമതിയോ പരിസ്ഥിതി പഠനമോ പ്രോജക്ട് റിപ്പോര്‍ട്ടോ ഇല്ലാതെയാണ് കോടികള്‍ പാഴാക്കിയതെന്നാണ് വ്യക്തമാകുന്നത്. കേന്ദ്രാനുമതിയില്ലാതെ ഒരു പദ്ധതി തുടങ്ങുന്നത് സാധാരണ പതിവില്ല.
സില്‍വര്‍ലൈനിന് ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന് ദക്ഷിണ റെയില്‍വെ ആദ്യം വ്യക്തമാക്കി. ഭൂമി വിട്ടുകൊടുക്കുന്നത് റെയില്‍വെ വികസനത്തെയും ട്രെയിനുകളുടെ വേഗം കൂട്ടലിനെയും ബാധിക്കുമെന്ന് റെയില്‍വെ ബോര്‍ഡിന്, ദക്ഷിണ റെയില്‍വെ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 183 ഹെക്ടര്‍ റെയില്‍വെ ഭൂമിയാണ് പാത കടന്നുപോകുന്നതിനു വേണ്ടത്. കോഴിക്കോട്ടും കണ്ണൂരും സില്‍വര്‍ലൈന്‍ സ്റ്റേഷനു കണ്ടെത്തിയ സ്ഥലം മറ്റു പദ്ധതികള്‍ക്കായി മുമ്പേ നിശ്ചയിച്ചിട്ടുള്ളതാണ്.
സില്‍വര്‍ലൈന്‍ ഭാഗമായി മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ചതോടെ ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് പല കുടുംബങ്ങളും. സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി കെ റെയിൽ കേന്ദ്ര റെയിൽവേ ബോർഡിനു പലവട്ടം കത്തെഴുതിയ സാഹചര്യത്തിലാണ് റെയിൽവേ ഭൂമി പദ്ധതിക്കായി ഉപയോഗിക്കുന്നതിനെ എതിർത്ത് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട്. കെ റെയിലുമായി ചർച്ച നടത്തിയശേഷം അഭിപ്രായം അറിയിക്കാനാണു കേന്ദ്ര റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
200 കിലോമീറ്റർ വേഗത്തിലുള്ള സ്റ്റാൻഡേഡ് ഗേജാണു സിൽവർലൈനിന്റേത്. ഇതു നിലവിലെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാകില്ല. ട്രാക്കിന് ഇരുവശത്തും ഭിത്തി പണിയുന്നതു റെയിൽവേ ഉപയോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കും.
റെയിൽ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റി വികസിപ്പിക്കുന്ന സ്റ്റേഷനുകളിൽ ഉൾപ്പെട്ട കോഴിക്കോട്ടും കണ്ണൂരും സിൽവർ ലൈനിനു സ്റ്റേഷൻ നിർമിക്കാൻ ഭൂമി നൽകാനാകില്ല. വെസ്റ്റ് ഹില്ലിൽ റെയിൽവേ ലൈനിനു പടിഞ്ഞാറാണു സിൽവർലൈനിന്റെ ആർഒആർ സ്റ്റേഷൻ നിർദേശിച്ചിരിക്കുന്നത്. ഇവിടെ റെയിൽവേ റോറോ സ്റ്റേഷൻ നിർമിക്കാനിരിക്കുകയാണ്. തിരൂർ, വടകര, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട് സ്റ്റേഷനുകൾ വികസിപ്പിക്കേണ്ടവയുടെ പട്ടികയിലുണ്ട്. ഇവിടെയൊന്നും ഭൂമി നൽകാനാകില്ല.
കെ റെയിൽ ആവശ്യപ്പെടുന്നതിൽ, എൻഎച്ച് 66 ആറു വരിയാക്കുന്നതിനുവേണ്ടി ദേശീയപാതാ അതോറിറ്റിക്കു വിട്ടുകൊടുത്ത ഭൂമിയുണ്ട്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ കെ റെയിൽ ആവശ്യപ്പെട്ട മുഴുവൻ റെയിൽവേ ഭൂമിയിലും തടസ്സവാദം ഉന്നയിച്ചാണു റിപ്പോർട്ട്. റെയിൽവേ ഭൂമിയിൽ കെ റെയിലുമായി ചേർന്നുനടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകണമെന്നു റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇടവിട്ടും അതിനുശേഷം ഏതാണ്ട് പൂർണമായും റെയിൽവേ ട്രാക്കിനു സമാന്തരമായി കടന്നുപോകുന്ന സിൽവർലൈനിന് 183 ഹെക്ടർ റെയിൽവേ ഭൂമിയാണു വേണ്ടത്. ആശയവിനിമയം നടത്താതെയാണ് അലൈൻമെന്റ് അന്തിമമാക്കിയതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
സ്റ്റേഷൻ ഉൾപ്പെടെയുള്ള നിർമിതികളോടു ചേർന്നു സിൽവർലൈൻ ട്രാക്ക് കടന്നുപോകുമ്പോൾ അതു ട്രെയിൻ സർവീസിനുണ്ടാക്കുന്ന ആഘാതം, റെയിൽവേ നിർമിതികൾ ഇളക്കുമ്പോഴും പുനർനിർമിക്കുമ്പോഴുമുള്ള പ്രശ്നങ്ങൾ എന്നിവ പരിഗണിച്ചിട്ടില്ല. പൊളിച്ചുമാറ്റുന്നവ പുനർനിർമിക്കുന്നതിനുള്ള ചെലവ് പദ്ധതിച്ചെലവിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിച്ചെലവ് റെയിൽവേ കൂടി വഹിക്കുന്നതിനാൽ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. സിൽവർലൈൻ വിരുദ്ധ സമിതി പ്രവർത്തകനായ കോട്ടയം മുളക്കുളം സ്വദേശി എം.ടി.തോമസിനു വിവരാവകാശ നിയമം വഴിയാണു റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചത്.
കെ റെയിൽ ആവശ്യപ്പെടുന്ന ഭൂമിയിൽ നല്ലൊരു പങ്കും വികസനാവശ്യത്തിനു റെയിൽവേ നീക്കിവച്ചതാണ്. സ്റ്റാഫ് ക്വാർട്ടേഴ്സുകളും സർവീസ് കെട്ടിടങ്ങളും മാത്രമല്ല, വൈദ്യുതി വിതരണ ശൃംഖല ഉൾപ്പെടെ മാറ്റേണ്ടിവരും. ഇതു പ്രായോഗികമല്ല. സിൽവർ ലൈനിന്റെ സ്റ്റാൻഡേഡ് ഗേജ്, ട്രാക്കിന് ഇരുവശവുമുള്ള മതിൽ, ക്രോസിങ് എന്നിവയിലെല്ലാം എതിർപ്പറിയിച്ചിട്ടുണ്ട്റെയിൽവേയുടെ ഭാവി വികസനത്തെ ബാധിക്കാത്ത തരത്തിലാണു സിൽവർലൈനിന്റെ അലൈൻമെന്റ് തയാറാക്കിയതെന്ന് കെ റെയിൽ പറഞ്ഞു. നിലവിലുള്ള റെയിൽപാത നാലുവരിയാകുമ്പോൾ സ്വീകരിക്കേണ്ട ഡിസൈൻ മാനദണ്ഡങ്ങളെല്ലാം ഡിപിആറിൽ പരിഗണിച്ചിട്ടുണ്ടെന്നും ദക്ഷിണ റെയിൽവേയെ കെ റെയിൽ അറിയിച്ചു. റെയിൽവേ ഭൂമിയിലൂടെ സിൽവർലൈൻ കടന്നുപോകുന്നതിൽ തടസ്സവാദങ്ങളുന്നയിച്ച് റെയിൽവേ ബോർഡിനു ദക്ഷിണ റെയിൽവേ നൽകിയ റിപ്പോർട്ടിനുള്ള വിശദീകരണത്തിലാണിത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർധ അതിവേഗ റെയിൽപാതയുടെ ഡിപിആർ 2020 ജൂൺ 17നാണ് സംസ്ഥാനം ദക്ഷിണ റെയിൽവേയ്ക്ക് സമർപ്പിച്ചത്. ഡിപിആർ പരിശോധിച്ച റെയിൽവേ ചില വിവരങ്ങൾ കൂടുതലായി ആവശ്യപ്പെട്ടു. പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ ലൊക്കേഷൻ, റെയിൽവേ ഏരിയയിലെ അലൈൻമെന്റ്, പുതിയ പാത വരുമ്പോൾ നിലവിലെ പാതയുമായുള്ള ലൈൻ ക്രോസിങുകൾ ഉൾപ്പെടെയുള്ള കാര്യമാണ് ദക്ഷിണ റെയിൽവേ ആസ്ഥാനത്തു നൽകാൻ റെയിൽവേ ബോർഡ് ആവശ്യപ്പെട്ടത്. റെയിൽവേ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപറേഷൻ മേയ് 12ന് റെയിൽവേ ബോർഡിനെ അറിയിച്ചു.
ബംഗാളിൽ ഇടതു ഭരണത്തിന് അന്ത്യംകുറിച്ച ടാറ്റാ മോട്ടേഴ്സ് ഭൂമി വിവാദം പോലെ കേരളത്തിൽ കെ.റയിൽ പദ്ധതി ഇടതു യുഗത്തിന് അന്ത്യം കുറിക്കുമെന്ന് ബിജെപിയും കേന്ദ്ര സർക്കാരും കരുതുന്നു.
ബംഗാളിലെ മൂന്നരപ്പതിറ്റാണ്ടു കാലത്തെ ഇടതുഭരണത്തിന് അന്ത്യംകുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ചത് സിംഗൂരിലെയും നന്ദിഗ്രാമിലെയും കർഷക രോഷമായിരുന്നു. ഇടതുപക്ഷ ഭരണകാലത്ത് സിംഗൂരില്‍ ടാറ്റയുടെ ചെറുകാര്‍ നിര്‍മാണശാല തുടങ്ങാന്‍ കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന മമതയ്ക്കായിരുന്നു ഇതിന്റെ നേതൃത്വം. പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥലം ഉപേക്ഷിച്ചുപോയ ടാറ്റ ഗുജറാത്തിലെ സാനന്ദില്‍ കാര്‍ ഫാക്ടറി ആരംഭിച്ചു..
ഇതുതന്നെയാണ് സിംഗൂരില്‍നിന്ന് 144 കി.മീ. അകലെയുള്ള നന്ദിഗ്രാമിലെയും സ്ഥിതി. ഇന്തോനേഷ്യയിലെ സാലിം ഗ്രൂപ്പ് രാസനിര്‍മാണശാല ആരംഭിക്കുന്നതിന് കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ നടന്ന പ്രക്ഷോഭം വെടിവെപ്പില്‍ കലാശിക്കുകയും, 14 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പോലീസിനൊപ്പം ചേര്‍ന്ന് സിപിഎമ്മുകാരും കര്‍ഷകര്‍ക്കുനേരെ നിറയൊഴിച്ചു. ഇതേ തുടര്‍ന്ന് സാലിം ഗ്രൂപ്പ് പദ്ധതി ഉപേക്ഷിച്ചുപോവുകയായിരുന്നു.ഇത് കേരളത്തിലും ആവർത്തിക്കാൻ ബി ജെ പി ആഗ്രഹിക്കുന്നു.
ഒരിക്കല്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന നന്ദിഗ്രാമം കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്വാധീനമേഖലയായി മാറി.
സമാന സ്ഥിതിയാണ് കേരളത്തിലും സംഭവിച്ചത്. കെ റയിലിന് വേണ്ടി ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതിനകം തന്നെ സ്ഥലം ഏറ്റെടുക്കൽ വലിയ വിവാദത്തിലെത്തിക്കഴിഞ്ഞിട്ടുണ്ട് . ജനകീയ പ്രക്ഷോഭം ഭയന്ന് ഒരു ഘട്ടത്തിൽ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറിയതാണ്. പദ്ധതിയുടെ അംഗീകാരത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ നിരന്തര സമ്മർദ്ദം ചെലുത്തുകയാണ് ഇപ്പോഴും കേരള സർക്കാർ.
സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. റോജി എം ജോണിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം 'കേരളത്തിന്‍റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് സമ്പദ്ഘടനയ്ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളര്‍ച്ചയ്ക്കും നല്‍കുന്ന സംഭാവന ഒട്ടുംതന്നെ ചെറുതല്ല.പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്.
പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം ലഭിച്ചതാണ്. റെയില്‍വേ, ധനമന്ത്രാലയങ്ങളുടെ അറിയിപ്പുകളും സര്‍ക്കുലറുകളും പ്രകാരം നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ജിയോ ടെക്‌നിക്കല്‍ പഠനം, ഹൈഡ്രോളിജിക്കല്‍ പഠനം, സമഗ്ര പരിസ്ഥിതി ആഘാത പഠനം, തുടങ്ങിയവ നടന്നു. മേല്‍പ്പറഞ്ഞ നിക്ഷേപപൂര്‍വ്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് ഭൂഅതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനമല്ല. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കാലവിളംബം കൂടാതെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha