ആരോഗ്യ മന്ത്രി വീണാ ജോർജിനെ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മന്ത്രിക്ക് വിശ്രമം നിർദ്ദേശിച്ച് ഡോക്ടർ...
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചേലക്കരയിൽ എത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണു മന്ത്രിയെ ചികിത്സയ്‌ക്കെത്തിച്ചത്. രക്തസമ്മർദം ഉയർന്നതോടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതെന്നു ഡോക്ടർമാർ പറഞ്ഞു. ഡോ. എം. രാധികയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയ്ക്കുശേഷം മന്ത്രിക്ക് വിശ്രമം നിർദ്ദേശിച്ചു. രാവിലെ മുതൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ പരിപാടികൾക്ക് ശേഷമാണ് ചേലക്കരയിലെത്തിയത്. വിശ്രമമില്ലാതെ പരിപാടികളിൽ പങ്കെടുത്തതാണ് ആരോഗ്യപ്രശ്‌നത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
രാത്രി 7.30ന് എത്തിയ മന്ത്രി പ്രാഥമിക ചികിത്സ കഴിഞ്ഞ് 8.25ന് നാട്ടിലേക്ക് മടങ്ങിയത്. ഇന്നലെ വൈകിട്ട് ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു.
ഉയർന്ന രക്തസമ്മർദ്ദം പലരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ശരീരത്തില്‍ രക്തസമ്മര്‍ദ്ദം കൂടുന്ന അവസ്ഥയാണ് ഹൈപ്പര്‍ടെന്‍ഷന്‍ എന്ന് പറയുന്നത്. അല്പം കൂടെ വിശദമായി പറഞ്ഞാല്‍, നമ്മളുടെ രക്തധമനികളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദമാണ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നും പറയാം. ആരോഗ്യമുള്ള ബിപി 120/ 80 വരെയാണ്. വിശ്രമാവസ്ഥയില്‍ ഒരാളുടെ ബിപി 140നും 90നും മുകളിലെങ്കില്‍ ഇത് ബിപി ഉയര്‍ന്ന തോതില്‍ എന്ന അവസ്ഥ തന്നെയാണ്.
ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദമെന്നത് ഹൃദയാരോഗ്യത്തെ തന്നെ കേടു വരുത്തി മരണത്തിലേയ്ക്കു വരെ വഴി വയ്ക്കാവുന്ന അവസ്ഥയാണ്. ഇതിനെ നിസാരമായി എടുക്കേണ്ടതില്ലെന്നര്‍ത്ഥം. സ്‌ട്രോക്ക്, അറ്റാക്ക് പോലുള്ള പല അവസ്ഥകളിലേയ്ക്കും വഴി വയ്ക്കാന്‍ ബിപിയ്ക്ക് സാധിയ്ക്കും. ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ മര്‍ദം കൂടുന്നതാണ് ഹൈപ്പര്‍ടെന്‍ഷന് വഴിയൊരുക്കുന്നത്. സൈലന്റ് കില്ലര്‍ എന്നാണ് ഹൈപ്പര്‍ടെന്‍ഷന്‍ അറിയപ്പെടുന്നത്. ഹൈപ്പര്‍ ടെന്‍ഷന്‍ പലപ്പോഴും ശരീരത്തില്‍ പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നും തന്നെ കാണിയ്ക്കുന്നില്ല. ഇതിനാല്‍ തന്നെ തിരിച്ചറിയാന്‍ വൈകുന്നതും പലരും ഇത് നിസാരമായി കാണുന്നതുമെല്ലാം തന്നെ ഈ രോഗാവസ്ഥ കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേയ്ക്ക് വഴി തെളിയ്ക്കുന്നു.
പല കാരണങ്ങളാല്‍ ഒരു വ്യക്തിയ്ക്ക് ഹൈപ്പര്‍ ടെന്‍ഷന്‍ അനുഭവപ്പെടാറുണ്ട്. അമിത വണ്ണം ഇതിനുള്ള ഒരു കാരണമാണ്. പ്രത്യേകിച്ചും അരക്കെട്ടിന്റേയും വയറിന്റേയും കൊഴുപ്പിന്റെ കാര്യത്തില്‍. പല രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നത് പോലെ ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അവസ്ഥയ്ക്കും ഇത് കാരണമാകുന്നു. അടുപ്പിച്ച് ആറ് മണിക്കൂറില്‍ കുറവ് ഉറക്കമെന്നത് ഹൈപ്പര്‍ ടെന്‍ഷന്‍ വര്‍ദ്ധിപ്പിയ്ക്കാനുളള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഉറങ്ങാന്‍ കിടന്നത് കൊണ്ടായില്ല, നല്ല ഉറക്കമെന്നത് പ്രധാനമാണ്. പാരമ്പര്യവും ഒരു പരിധി വരെ ഉയര്‍ന്ന ബിപി അഥവാ ഹൈപ്പര്‍ ടെന്‍ഷനുള്ള ഒരു കാരണം തന്നെയാണ്.
ഭക്ഷണത്തില്‍ ഉപ്പ് കൂടുന്നത്, അനാരോഗ്യകരമായ ഭക്ഷണം, വ്യായാമക്കുറവ് എന്നിവയെല്ലാം തന്നെ ബിപി വര്‍ദ്ധിയ്ക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ പെടുന്നവയാണ്. ശരീരത്തിലെത്തുന്ന ഉപ്പിന്റെ അളവ് 10 ഗ്രാമില്‍ കൂടുതലെങ്കില്‍ ബിപിയിലേയ്‌ക്കെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നതിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ് തലവേദന. നിരന്തരമായി അടുപ്പിച്ച് നിങ്ങൾക്ക് തലവേദന ഉണ്ടാകുന്നുണ്ടെങ്കിൽ, തലവേദന തലയുടെ രണ്ട് സൈഡുകളിലുമായി അനുഭവപ്പെടുന്നുവെങ്കില്‍ ബിപി പരിശോധിയ്ക്കാം. തലകറക്കം, നെഞ്ചുവേദന, ക്ഷീണം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളും ബിപി കൂടുമ്പോള്‍ ഉണ്ടാകുന്നത് സാധാരണയാണ്.
ബിപി വരാതിരിയ്ക്കാനും വന്നു കഴിഞ്ഞാല്‍ നിയന്ത്രിയ്ക്കാനുമുള്ള വഴികള്‍ പലതാണ്. ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് നല്ലതാണ്. അതുപോലെ, വറവ് സാധനങ്ങള്‍ ഉപേക്ഷിച്ച് പകരം പഴങ്ങളും, പച്ചക്കറികളും കഴിക്കാം. അതുപോലെതന്നെ, പുകവലി, മദ്യപാനം എന്നിവയും ഉപേക്ഷിക്കാവുന്നതാണ്.ദിവസേന കൃത്യമായി വ്യായാമം ചെയ്യുന്നതും ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്.
ഭക്ഷണവും വ്യായാമവും മാത്രം പോര, സെട്രസ്സ് കുറയ്ക്കുക, ഇടയ്ക്കിടയ്ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കുക, ബിപി ഉയര്‍ന്ന നിലയില്‍ കണ്ടെത്തിയാല്‍ അടുപ്പിച്ച് 3 ദിവസം ഇതു പരിശോധിയ്ക്കുക. എന്നിട്ടും കൂടുതലെങ്കില്‍ പരിഹാരം തേടുക ബിപി കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടുക. ഇതിനായി മരുന്ന് കഴിക്കുക. ഡോക്ടറെ കണ്ട് നിര്‍ദേശപ്രകാരം മരുന്നു കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഡോസും കഴിയ്ക്കണമോ വേണ്ടയോ എന്നതും ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം മാത്രം ചെയ്യുകയെന്നത് ഏറെ പ്രധാനപ്പെട്ടതാണ്.
https://www.facebook.com/Malayalivartha