ഷാരോണിനെ കൊല്ലാനായി ഉപയോഗിച്ചത്...കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്‌മ കലർത്തിയത്...വിദഗ്ദ്ധരായ ഡോക്‌ടർമാർ മൊഴി നൽകി...വിഷം മനുഷ്യ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റിൽ തെരഞ്ഞിരുന്നു...
ഏറെ കോളിളക്കം സൃഷ്ടിച്ച ഷാരോൺ കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഷാരോൺ കൊലക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കോടതിയെ അറിയിച്ച് മെഡിക്കൽ സംഘം. ഷാരോണിനെ കൊല്ലാനായി കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്‌മ കഷായത്തിൽ കലർത്തി നൽകിയതെന്നാണ് ഡോക്‌ടർമാർ കോടതിയിൽ നൽകിയ മൊഴി. നേരത്തേ ഏത് കളനാശിനിയാണ് നൽകിയതെന്ന് വ്യക്തത വന്നിട്ടില്ലായിരുന്നു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി എഎം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളേജിലെ വിദഗ്ദ്ധരായ ഡോക്‌ടർമാർ മൊഴി നൽകിയത്.
ആൺസുഹൃത്തായ ഷാരോണിന് കഷായത്തിൽ കലർത്തി നൽകുന്നതിന് മണിക്കൂറുകൾ മുമ്പ്, പാരക്വിറ്റ് വിഷം മനുഷ്യ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റിൽ തെരഞ്ഞിരുന്നു. 15 മില്ലി വിഷം ശരീരത്തിലെത്തിയാൽ മരണം ഉറപ്പാണെന്ന് വെബ്‌സെർച്ചിലൂടെ ഗ്രീഷ്‌മ മനസിലാക്കി. മറുമരുന്നില്ലാത്ത വിഷമാണിതെന്നും ഡോക്ടർ നെയ്യാറ്റിൻകര അഡീഷനൽ സെക്‌ഷൻസ് കോടതിയിൽ മൊഴി നൽകി.വിഷം മനുഷ്യശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. അരുണ കോടതിയിൽ മൊഴി നൽകി.പാരക്വിറ്റ് വളരെ വേഗത്തിലാണ് ശരീരത്തിൽ പ്രവർത്തിക്കുക.
രോഗ ലക്ഷണങ്ങളും ഉടൻ ഉണ്ടാകും. ഈ വിഷം ശ്വസിച്ചാൽ പോലും ഒരു വ്യക്തിക്ക് ഉടനെ വായിലും തൊണ്ടയിലും വീക്കവും വേദനയും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.ശരീരത്തിനുള്ളിലെത്തിയാൽ ഓക്കാനം, വയറുവേദന, ഛർദി, വയറിളക്കം തുടങ്ങി ദഹനക്കേടിന്റേതിന് സമാനമായ കഠിനമായ ലക്ഷണങ്ങളുണ്ടാകും. പിന്നീട് രക്തസമ്മർദം കുറഞ്ഞ് ശ്വാസതടസം അനുഭവപ്പെടും. ശരീരത്തിലെത്തിയ പാരക്വിറ്റിന്റെ അളവനുസരിച്ച് ഹൃദയം, വൃക്ക, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങൾ ഓരോന്നായി സ്‌തംഭിച്ച് മരണം സംഭവിക്കുന്നു.
https://www.facebook.com/Malayalivartha