കളി ഇങ്ങോട്ടിറക്കല്ലേ... ബിജെപി നേതൃത്വവുമായി ഭിന്നതയിലായ സന്ദീപ് വാര്യര്‍ ഇന്ന് നിലപാട് വ്യക്തമാക്കും; ആര്‍എസ്എസ് അനുനയ നീക്കത്തില്‍ ഫലം പ്രതീക്ഷിച്ച് ബിജെപി
ഒറ്റ ദിവസം കൊണ്ട് സന്ദീപ് വാര്യരാണ് വാര്‍ത്തയിലെ താരം. ഇന്നറിയാം സന്ദീപിന്റെ ഭാവി. ബിജെപി നേതൃത്വവുമായി ഭിന്നതയിലായ സന്ദീപ് വാര്യര്‍ പാര്‍ട്ടിയില്‍ തുടരുന്നത് സംബന്ധിച്ച നിലപാട് ഇന്ന് വ്യക്തമാക്കും. സന്ദീപ് പാര്‍ട്ടി വിടില്ല എന്നാണ് സൂചന. പ്രശ്‌നപരിഹാരത്തിന് ആര്‍എസ്എസ് നേരിട്ട് ഇടപെട്ടിട്ടുണ്ട്.
ഇന്നലെ ആര്‍എസ്എസ് നേതാവ് എ ജയകുമാര്‍ അടക്കമുള്ളവര്‍ സന്ദീപ് വാര്യരെ വീട്ടിലെത്തി കണ്ടിരുന്നു. ആര്‍എസ്എസ് നടത്തുന്ന അനുനയനീക്കത്തില്‍ ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. തന്റെ മനസ് ശൂന്യമെന്നും ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യര്‍ ഒടുവില്‍ പ്രതികരിച്ചത്.
സന്ദീപിനെ അനുനയിപ്പിക്കാന്‍ വീട്ടിലെത്തിയ ആര്‍എസ്എസ് വിശേഷ് സമ്പര്‍ക് പ്രമുഖ് എ ജയകുമാര്‍, ബിജെപി നേതാവ് പി.ആര്‍ ശിവശങ്കര്‍ എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്നെ സ്വാഗതം ചെയ്ത സിപിഎം നേതാക്കളോട് സ്‌നേഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യരുടെ വീട്ടിലെത്തിയ എ ജയകുമാറും പി.ആര്‍ ശിവശങ്കറും അടച്ചിട്ട മുറിയില്‍ സന്ദീപുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയതെങ്കിലും ചര്‍ച്ചയില്‍ സന്ദീപില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. നിലപാടില്‍ മാറ്റമില്ലെന്ന് സന്ദീപ് ഇവരെ അറിയിച്ചതായാണ് സൂചന. ജയകുമാര്‍ തനിക്ക് ഗുരുതുല്യനാണെന്നും കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് പറഞ്ഞുവെന്നും സന്ദീപ് പറഞ്ഞു. കെ സുരേന്ദ്രന്‍ സംസാരിച്ചിരുന്നെങ്കില്‍ കൂടൂതല്‍ സന്തോഷമായേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇതിനിടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി വെച്ച പശ്ചാത്തലത്തില്‍ പ്രചാരണ പരിപാടികളില്‍ പുനക്രമീകരണം നടത്താനും പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടികള്‍ സിപിഎം മാറ്റിയിട്ടുണ്ട്. നേരത്തെ 6, 7 തീയതികളില്‍ നിശ്ചയിച്ച പരിപാടി 16, 17 തീയതികളിലേക്കാണ് മാറ്റിയത്. യുഡിഎഫും തുടര്‍ പരിപാടികള്‍ ആലോചിച്ച ശേഷം തീരുമാനിക്കും. ഓരോ ദിവസവും വിവിധ രാഷ്ട്രീയ നീക്കങ്ങള്‍ അരങ്ങേറുന്ന പാലക്കാട് തെരഞ്ഞെടുപ്പ് തീയതി നീട്ടിയത് മുന്നണികള്‍ക്കും നിര്‍ണായകമാണ്.
സമവായമല്ല പരിഹാരമായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും അതിന്റെ സമയം കഴിഞ്ഞെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു. തനിക്ക് നിരവധി അപമാനങ്ങള്‍ നേരിടേണ്ടിവന്നെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിനെതിരെ പ്രത്യേകിച്ച് പാലക്കാട്ടെ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിനെ ഉന്നമിട്ട് കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അപമാനിതനായതിനാല്‍ പാലക്കാട്ട് പ്രചാരണത്തിനിറങ്ങില്ലെന്നും സി.കൃഷ്ണകുമാര്‍ സ്ഥിരം സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞു
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ ഒഴിവാക്കലുകള്‍ ഉള്‍പ്പെടെ ഒരുപാട് പരിപാടികളില്‍നിന്ന് എന്നെ മാറ്റിനിര്‍ത്തി. പ്രധാനമന്ത്രിയോ മറ്റ് കേന്ദ്രമന്ത്രിമാരോ വരുന്ന പരിപാടികള്‍ എന്നെ അറിയിച്ചില്ല. അഖിലേന്ത്യാ പ്രസിഡന്റ് വന്ന പരിപാടിയും എന്നെ അറിയിച്ചില്ല. ജില്ലയുടെ പ്രധാനപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പില്‍പോലും ഇടംനല്‍കിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനയോട് ആത്മാര്‍ഥതയുള്ള ഒരാള്‍ക്കും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാകില്ല എന്നത് 2021-ലും ഓര്‍മവേണമായിരുന്നു- കൃഷ്ണകുമാറിന്റെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചു.
ഞാന്‍ നേരിട്ട വിഷമം പാര്‍ട്ടിയിലെ മുതിര്‍ന്ന ആളുകളെ അറിയിച്ചിരുന്നു. അവര്‍ വരും എന്നെ ആശ്വസിപ്പിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എന്നെ സംസ്ഥാന പ്രസിഡന്റ് വിളിച്ചിരുന്നു. പ്രചാരണത്തിന് ഇറങ്ങണം എന്നാണ് എന്നോട് അദ്ദേഹം പറഞ്ഞത്. അഞ്ചോ ആറോ ദിവസമായി. പ്രചരണത്തിന് വരണമെന്നതിനപ്പുറം ഏതെങ്കിലും ക്രിയാത്മകമായ നടപടി ഉണ്ടായില്ല. കൃഷ്ണകുമാറിനേക്കാള്‍ പ്രായം കുറഞ്ഞയാള്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സാമീപ്യം ആഗ്രഹിച്ച നിമിഷങ്ങള്‍ ജീവിതത്തിലുണ്ടായിരുന്നു. ഇനി ഓടിയെത്തണമെന്നില്ല. അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha