വിശ്വസിക്കാനാവുന്നില്ല... പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ആവേശത്തോടെ വരവേറ്റ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്ല്‍ നടത്തുന്ന മെഗാ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് നാളെ സമാപനം; വന്‍ ഡിമാന്‍ഡ്, ഓഹരി വില്‍പന 30% ആയി കൂട്ടി
ഭാഗ്യ പരീക്ഷകര്‍ക്ക് വമ്പന്‍ അവസരമാണ് ഒരുങ്ങിയത്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ കാത്തിരുന്ന് ആവേശത്തോടെ വരവേറ്റ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്ല്‍ നടത്തുന്ന മെഗാ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) നാളെ തിരശീല വീഴും.
25% ഓഹരികള്‍ (258.2 കോടി ഓഹരികള്‍) വിറ്റഴിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രതീക്ഷകളെ കവച്ചുവയ്ക്കുന്ന വന്‍ സ്വീകാര്യത ലഭിച്ചതോടെ വില്‍പന 30 ശതമാനത്തിലേക്ക് (310 കോടി ഓഹരികള്‍) ഉയര്‍ത്തിയെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എഡിഎക്‌സ്) ലിസ്റ്റിങ് ലക്ഷ്യമിട്ട് ഒക്ടോബര്‍ 28നാണ് ലുലു റീറ്റെയ്ല്‍ ഐപിഒയ്ക്ക് തുടക്കമായത്. വില്‍പനയ്ക്ക് വച്ച ഓഹരികള്‍ക്ക് ആദ്യ മണിക്കൂറില്‍ തന്നെ 100 ശതമാനത്തിലധികം അപേക്ഷകള്‍ കിട്ടിയിരുന്നു.
യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വമ്പന്‍ ഐപിഒ എന്ന റെക്കോര്‍ഡുമാണ് സൂപ്പര്‍ഹിറ്റ് പരിവേഷത്തോടെ ലുലു റീറ്റെയ്ല്‍ സ്വന്തമാക്കുന്നത്. അധികമായിവില്‍പനയ്ക്കുവച്ച 51.6 കോടിയില്‍പ്പരം ഓഹരികള്‍ പൂര്‍ണമായും യോഗ്യരായ നിക്ഷേപകര്‍ക്ക് (പ്രൊഫഷണല്‍ ഇന്‍വെസ്റ്റര്‍മാര്‍) മാത്രമായാണ് വകയിരുത്തിയിരിക്കുന്നത്.
ഓഹരിക്ക് 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയായിരുന്നു (44.40 രൂപ മുതല്‍ 46.49 രൂപവരെ) ഇഷ്യൂ വില. ഇതില്‍ മാറ്റമില്ല. 164 കോടി ഡോളര്‍ മുതല്‍ 172 കോടി ഡോളര്‍ വരെ (ഏകദേശം 13,776 കോടി രൂപ മുതല്‍ 14,450 കോടി രൂപവരെ) സമാഹരണമാണ് ഐപിഒയുടെ പുതുക്കിയ ലക്ഷ്യം. 2,004 കോടി മുതല്‍ 2,107 കോടി ദിര്‍ഹം വരെ (48,231 കോടി രൂപവരെ/546574 കോടി ഡോളര്‍) വിപണിമൂല്യം (മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍) വിലയിരുത്തിയുമാണ് ലുലു റീറ്റെയ്ല്‍ ഐപിഒ. ഇതില്‍ 89% യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കും (ക്യുഐബി) 10% ചെറുകിട നിക്ഷേപകര്‍ക്കും (റീറ്റെയ്ല്‍ നിക്ഷേപകര്‍) ബാക്കി ഒരു ശതമാനം കമ്പനിയിലെ യോഗ്യരായ ജീവനക്കാര്‍ക്കുമായി നീക്കിവച്ചിരുന്നു.
റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് മിനിമം 5,000 ദിര്‍ഹം (1.14 ലക്ഷം രൂപ), ക്യുഐബികള്‍ക്ക് 50 ലക്ഷം ദിര്‍ഹം (11.44 കോടി രൂപ) എന്നിങ്ങനെയാണ് ഐപിഒയ്ക്ക് അപേക്ഷിക്കാവുന്ന മിനിമം തുക. റീറ്റെയ്ല്‍ നിക്ഷേപര്‍ക്ക് തുടര്‍ന്ന് 1,000 ദിര്‍ഹത്തിന്റെ (22,800 രൂപ) ഗുണിതങ്ങള്‍ക്കായും അപേക്ഷിക്കാം. യോഗ്യരായ ജീവനക്കാര്‍ക്ക് മിനിമം 2,000 ഓഹരികള്‍ ഉറപ്പാക്കുമെന്ന് ലുലു വ്യക്തമാക്കിയിരുന്നു.
ലുലു റീറ്റെയ്ല്‍ ഐപിഒ അവസാനിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കേയും മികച്ച അപേക്ഷകളാണ് റീറ്റെയ്ല്‍ നിക്ഷേപകരില്‍ നിന്നും നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നും ഇപ്പോഴും ലഭിക്കുന്നത്. ഇഷ്യൂവിലെ ഉയര്‍ന്ന വിലയായ 2.04 ദിര്‍ഹപ്രകാരം അപേക്ഷിച്ചവര്‍ക്കായിരിക്കും അലോട്ട്‌മെന്റ് ഭാഗ്യമുണ്ടാവുക. 2.04 ദിര്‍ഹമായിരിക്കും ഓഹരിക്ക് അന്തിമവിലയായി നിശ്ചയിച്ചേക്കുക. നവംബര്‍ ആറിനാണ് അന്തിമവില പ്രഖ്യാപനം. അലോട്ട്‌മെന്റ് സംബന്ധിച്ച എസ്എംഎസ് നവംബര്‍ 13ന് നിക്ഷേപകര്‍ക്ക് ലഭിക്കും. നവംബര്‍ 14ന് ലുലു റീറ്റെയ്ല്‍ ഓഹരികള്‍ അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. 25 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 68 കോടി ഡോളര്‍/572 കോടി രൂപ) നിക്ഷേപ വാഗ്ദാനവുമായി സൗദി അറേബ്യന്‍ നിക്ഷേപ സ്ഥാപനമായ മസാറ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും ലുലു ഐപിഒയിലെ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ചേര്‍ന്നിട്ടുണ്ട്.
മൂല്യത്തിലും സബ്‌സ്‌ക്രിപ്ഷനിലും യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടം ലുലു റീറ്റെയ്ല്‍ നേടിക്കഴിഞ്ഞു. ഊര്‍ജ സേവനസ്ഥാപനമായ എന്‍എംഡിസി എനര്‍ജി ഓഗസ്റ്റില്‍ നടത്തിയ 87.7 കോടി ഡോളറിന്റെ റെക്കോര്‍ഡ് ഐപിഒയാണ് പഴങ്കഥയായത്. സബ്‌സ്‌ക്രിപ്ഷനിലാകട്ടെ പാര്‍ക്കിന്‍ കോ ഈ വര്‍ഷം നടത്തിയ ഐപിഒയില്‍ ലഭിച്ച 165 മടങ്ങ് എന്ന റെക്കോര്‍ഡും പിന്തള്ളപ്പെട്ടുവെന്നാണ് വിലയിരുത്തലുകള്‍.
സൗദി അറേബ്യയിലും യുഎഇയിലും ഉള്‍പ്പെടെ കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്ന് വിപണിവിപുലീകരിക്കുക, കടബാധ്യതകള്‍ വീട്ടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി നയിക്കുന്ന ലുലു റീറ്റെയ്‌ലിന്റെ ഐപിഒ. യുഎഇയിലും ഒട്ടുമിക്ക ഗള്‍ഫ് നാടുകളിലെയും മിക്ക കുടുംബങ്ങള്‍ക്കും സുപരിചിതമാണെന്നതും മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാരുടെ ശക്തമായ സാന്നിധ്യവുമാണ് ജിസിസി മേഖലയെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലുവിന്റെ ഐപിഒയ്ക്കുള്ള മികച്ച സ്വീകാര്യതയുടെ മുഖ്യ കാരണങ്ങള്‍.
"
https://www.facebook.com/Malayalivartha