ഇരുപതു വയസുകാരന് ഓടിച്ച ആഡംബര കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു....
ഇരുപതു വയസുകാരന് ഓടിച്ച ആഡംബര കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു. അപകട ശേഷം വാഹനം നിര്‍ത്താതെ മുന്നോട്ട് പോയ യുവാവിനെയും സുഹൃത്തിനെയും തൊട്ടടുത്ത സിഗ്നലില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചു.
തുടര്‍ന്ന് പൊലീസിന് കൈമാറി. ബംഗളുവിലെ കേങ്ങേരിയില് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 30 വയസുകാരിയാണ് മരിച്ചത്. സൗത്ത് ബംഗളുരുവിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ അഞ്ചാം സെമസ്റ്റര്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ ധനുഷ് പരമേശും സുഹൃത്തുമാണ് പിടിയിലായത്.
ട്രാവല്‍ ഏജന്‍സി ഉടമയായ ധനുഷിന്റെ അച്ഛന് അടുത്തിടെ വാങ്ങിയ പുതിയ ബെന്‍സ് കാറുമായി ഇരുവരും കറങ്ങാനിറങ്ങുകയായിരുന്നു. മൈസൂരു ഹൈവേയില്‍ ലോങ് ഡ്രൈവായിരുന്നു ലക്ഷ്യം. യശ്വന്ത്പൂരിനടുത്ത് ഡോ രാജ്കുമാര് റോഡിലെ ഒരു മാളില്‍ കയറിയ ഇവര്‍ പിന്നീട് മദ്യപിച്ചു. അതിന് ശേഷമാണ് മൈസൂരൂ റോഡിലേക്ക് യാത്ര തുടര്‍ന്നത്.
ജ്ഞാനഭാരതി ക്യാമ്പസിന് സമീപം റോഡിലുണ്ടായിരുന്ന സ്പീഡ് ബ്രേക്കര്‍ യുവാവിന്റെ കണ്ണില്‍പെട്ടില്ല. അമിത വേഗത്തിലായിരുന്ന വാഹനം ഹമ്പില്‍ കയറിയിറങ്ങിയതോടെ നിയന്ത്രണം നഷ്ടമായി.
ഈ സമയം റോഡില്‍ നില്‍ക്കുകയായിരുന്ന സന്ധ്യ ശിവകുമാര്‍ എന്ന 30കാരിയെ കാര്‍ ഇടിച്ചിട്ടു. എന്നാല്‍ അപകടമുണ്ടായ ശേഷം പരിക്കേറ്റ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഇരുവരും വാഹനവുമായി കടന്നുകളയുകയായിരുന്നു. ഇതിനിടെ മറ്റൊരു ബൈക്കിലും കാര്‍ ഇടിച്ചു. ഈ ബൈക്ക് ഓടിച്ചയാളിനും പരിക്കേറ്റിട്ടുണ്ട്.
അപകട സ്ഥലത്തു നിന്ന് കാറുമായി രക്ഷപ്പെടാന്‍ ഇവര്‍ക്ക് സാധിച്ചെങ്കിലും 500 മീറ്റര്‍ അകലെ ഒരു സിഗ്നലില്‍ കാര്‍ നിര്‍ത്തേണ്ടി വന്നു. സംഭവത്തിന് സാക്ഷിയായ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് അവിടെ വെച്ച് കാര്‍ തടഞ്ഞ് ഇരുവരെയും പുറത്തിറക്കി മര്‍ദിച്ചു. പിന്നീട് പൊലീസിന് കൈമാറി. പരിക്കേറ്റ സന്ധ്യയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. .
https://www.facebook.com/Malayalivartha