നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസിന്റെ പരിശോധനയെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ...
നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസിന്റെ പരിശോധനയെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. തെരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.
ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന റൂമുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. കോണ്‍ഗ്രസ് വനിതാ നേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പൊലീസ് പരിശോധനയ്ക്കെത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളില്‍ പൊലീസ് കയറി പരിശോധിച്ചു.
വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന് നിലപാടെടുത്തു. കൂടാതെ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാന്‍ പൊലീസ് തയ്യാറാകാത്തതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്. ഇതിനിടെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പുറത്ത് തടിച്ച് കൂടി. പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
"
https://www.facebook.com/Malayalivartha