പാലക്കാട്ട് വമ്പൻ ട്വിസ്റ്റ് !പോലീസിൽ തെറ്റായ വിവരം നൽകിയത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല...എവിടെ നിന്നോ വന്നു ചേരുന്ന നവാഗതർക്ക് സീറ്റ് നൽകുന്ന പിണറായി വിജയന്റെ രീതി..പോലീസ് ഓപ്പറേഷന്റെ പേരിൽ സി.പി. എമ്മിൽ തമ്മിലടി തുടങ്ങി...
പാലക്കാട്ടെ പോലീസ് പരിശോധന ഇടതുമുന്നണി സ്ഥാനാർഥി പി സരിനെ തോൽപ്പിക്കാനുള്ള മന്ത്രി എം.ബി. രാജേഷിന്റെയും ഭാര്യാ സഹോദരൻ നിധിൻ കണിച്ചേരിയുടെയും ഗൂഢാലോചനയാണെന്ന് സംശയിച്ച് ഒരു കൂട്ടം സി.പി.എം നേതാക്കൾ. നിധിൻ കണിച്ചേരിക്ക് സീറ്റ് നൽകാത്തതിലുള്ള അമർഷം പാർട്ടിയോടും മുന്നണി സ്ഥാനാർത്ഥിയോടും രാജേഷും അളിയനും ചേർന്ന് തീർക്കുകയായിരുന്നു എന്ന സംശയം സി പി എമ്മിന്റെ സംസ്ഥാന നേതാക്കൾക്കുമുണ്ട്. പാതിരാ റെയ്ഡിൽ കാര്യമില്ലെന്ന് മനസിലാക്കിയാണ് തിരഞ്ഞടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടാത്തത്.ഇല്ലാത്ത പണത്തെ കുറിച്ച് എങ്ങനെ അന്വേഷിക്കുമെന്നാണ് പോലീസിന്റെ ചോദ്യം.
അതേ സമയം പി സരിൻ ഇത് ഷാഫിപറമ്പിലിന്റെ നാടകമാണെന്ന് വിശേഷിപ്പിച്ചു. ഈ വാദം സി പി എം ജില്ലാ സെക്രട്ടറി തള്ളി. പാതിരാ റെയ്ഡിന്റെ കൃത്യമായ വിവരം മന്ത്രി രാജേഷിനുണ്ട്. പി. സരിനെ സ്ഥാനാർത്ഥിയാക്കിയതു മുതൽ തുടങ്ങിയതാണ് സി.പി.എം പാലക്കാട് ജില്ലാ നേതാക്കളുടെ അമർഷം. സരിൻ കെട്ടി വച്ച പെസ പോലും ലഭിക്കാതെ തോൽക്കണമെന്നാണ് സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. പോലീസിൽ തെറ്റായ വിവരം നൽകിയത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാത്തതും ദുരൂഹമാണ്. ആയിര കണക്കിന് പ്രവർത്തകർ കൈയും മെയ്യും മറന്ന് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ എവിടെ നിന്നോ വന്നു ചേരുന്ന നവാഗതർക്ക് സീറ്റ് നൽകുന്ന പിണറായി വിജയന്റെ രീതിയോടുള്ള വിയോജിപ്പാണ് പാലക്കാട് ഉണ്ടായത്.
മുമ്പ് എറണാകുളം പാർലമെന്റ് തിരഞ്ഞടുപ്പിലും ഇതേ നിലപാട് തന്നെ സ്വീകരിച്ചു. അന്ന് സി പി എം ദയനീയമായി തോറ്റു. മുമ്പ് പ്രവർത്തകരെയാണ് സി പി എം ഇലക്ഷനിൽ മത്സരിപ്പിച്ചിരുന്നത്. എന്നാൽ പണത്തിനു മുന്നിൽ സി പി എം മുട്ടുമടക്കിയതോടെയാണ് ഇത്തരമാളുകൾക്ക് സീറ്റ് ലഭിച്ചു തുടങ്ങിയത്. റെയ്ഡിന്റെ ദ്യശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് നിധിൻ കണിച്ചേരിയാണ്. ഇതിന് പിന്നിൽ സരിൻ തോൽക്കണമെന്ന വ്യക്തമായ ഉദ്ദേശമുണ്ടെന്നാണ് ആരോപണം.അങ്ങനെ പാലക്കാട്ടെ പോലീസ് ഓപ്പറേഷന്റെ പേരിൽ സി.പി. എമ്മിൽ തമ്മിലടി തുടങ്ങി.മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പ് രാഹുൽ മാങ്കുട്ടത്തിന്റെ വിജയം ഉറപ്പാക്കിയെന്ന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഒരു കൂട്ടം നേതാക്കളും വിശ്വസിക്കുന്നു.
എന്നാൽ തന്റെ വകുപ്പിന് പറ്റിയ അമളി സമ്മതിക്കാൻ മുഖ്യമന്ത്രി തയ്യാറല്ല. കാള പെറ്റെന്ന് കേട്ടപ്പോൾ പോലീസ് കയറെടുത്തുവെന്നാണ് ചില സി പി എം നേതാക്കളുടെ വിശ്വാസം.പൊലീസ് റെയ്ഡ് നടത്തിയ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തെടുത്തിട്ടും ഒന്നും കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. പൊലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിച്ചു. സൗത്ത് സി ഐയാണ് പരിശോധന നടത്തിയത്. സി ഐക്കൊപ്പം സൈബർ വിദഗ്ധരും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കുചേർന്നു. . വനിത കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അടക്കമാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. സംഭവം വലിയ വിവാദമായിരുന്നു.
ഇത് കോൺഗ്രസ്സിന് മൈലേജ് കിട്ടിയെന്ന് സി പി എമ്മിനെ ഒരു കൂട്ടം നേതാക്കൾ വിശ്വസിക്കുന്നു. പഴയ ത്യശൂർ പൂരം പരിപാടിയുമായാണ് ചില പ്രവർത്തകർ പിണറായിയുടെ പുതിയ പരിപാടിയെ താരതമ്യം ചെയ്യുന്നത്. ഉപ തെരഞ്ഞെടുപ്പിന് അനധികൃതമായി പണമെത്തിച്ചുവെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ പാലക്കാട്ട് വന്‍ സംഘർഷമാണ് ഉണ്ടായത്. പാതിരാത്രിയിൽ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലിൽ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളിൽ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളാവുകയായിരുന്നു.
ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവർത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍, പരിശോധനയിൽ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നൽകി. എന്നാൽ, റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.പൊലീസ് തങ്ങളെ അപമാനിക്കും വിധം പെരുമാറിയെന്ന് ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും പ്രതികരിച്ചു. യൂണിഫോം പോലും ഇല്ലാതെ ആണ് ചില ഉദ്യോഗസ്ഥർ പാതിരാ നേരത്ത് വാതിലിൽ മുട്ടിയത് എന്നും അതിന്റെ നടുക്കത്തിലാണ് ഇപ്പോഴും എന്നും ഇരുവരും പറഞ്ഞു. പാലക്കാട്ടെ പാതിരാ പരിശോധനയ്ക്ക് പിന്നിൽ മന്ത്രി എം ബി രാജേഷ് ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
പാതിരാ പരിശോധന മന്ത്രി എംബി രാജേഷും ഭാര്യാസഹോദരനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. വനിതാ എന്നാൽ പൊലീസ് പരിശോധനയെ കോണ്‍ഗ്രസ് അട്ടിമറിച്ചതായാണ് മന്ത്രി എം ബി രാജേഷ് പറയുന്നത്,.ഇവർ ഷാനിമോൾ ഉസ്മാൻ താമസിക്കുന്ന മുറിയിലേക്കു മുന്നറിയിപ്പോ വ്യക്തതയോ നൽകാതെ പരിശോധിക്കാൻ കയറി. ഉദ്യോഗസ്ഥരിൽ ചിലർ മഫ്തിയിലായിരുന്നതിനാൽ ഷാനിമോൾ ഭയന്ന് മുറിയിൽനിന്നു പുറത്തേക്കിറങ്ങി. ഇതിനു പിന്നാലെ ബിന്ദുകൃഷ്ണയും ഭർത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥർ കയറാൻ ശ്രമിച്ചു. ഇതോടെ രണ്ടു മുറികളും പൂട്ടി ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും പുറത്ത് ഇറങ്ങി നിന്നു.
ഇവരുടെ ആവശ്യ പ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധന സാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കൾ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതൽ കോൺഗ്രസ് നേതാക്കൾ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലിൽ വലിയ സംഘർഷാവസ്ഥയായി. മാധ്യമ പ്രവർത്തകർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരും ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ഹോട്ടലിലേക്ക് എത്തിയെങ്കിലും ഇവരെയും പുറത്തു കാത്തു നിന്ന ബിജെപി, സിപിഎം നേതാക്കളെയും അകത്തേക്കു കയറ്റി വിട്ടില്ല. തുടർന്നു വീണ്ടും സംഘർഷാവസ്ഥയുണ്ടായി.
പാതിരാ റെയ്ഡ് ബി ജെപിയുടെ സാധ്യതക്ക് മങ്ങൽ ഏൽപ്പിക്കുമാ എന്ന സംശയവും ബാക്കിയാവുകയാണ്. ഏറെ പിന്നിലായിരുന്ന രാഹുൽ ഏറെ മുന്നിലാകുന്ന സാഹചര്യമാണ്വന്നു ചേർന്നിരിക്കുന്നത്. എൽഡിഎഫിലെ എ.എ.റഹീം എംപിയും മറ്റും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനോടു തർക്കിച്ചു. ബിജെപി നേതാക്കളായ വി.വി.രാജേഷ്, സി.ആർ.പ്രഫുൽ കൃഷ്ണ, പ്രശാന്ത് ശിവൻ, സ്ഥാനാർഥി സി.കൃഷ്ണകുമാർ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവച്ചു. ഹോട്ടലിൽ താമസിക്കുന്ന സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. എ എ റഹിമിന്റെ ഉദ്ദേശവും വ്യക്തമായിരുന്നു. സരിൻ തോൽക്കണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാളാണ് ഹോട്ടലിലേക്ക് സ്യൂട്ട്കേസുമായി എത്തിയതെന്നാണ് ആരോപണം. വെൽഫയർ വണ്ടിയിലാണ് സ്യൂട്കേസ് വന്നത്..7 കോടി വന്നു എന്നാണ് സി പി എം നേതാവ് കെ.പി. അനിൽ കുമാർ പറയുന്നത്. അതേസമയം, കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിലടക്കം പാതിരാത്രി നടന്ന പരിശോധനയെ കുറിച്ച് പൊലീസ് നൽകിയ വിശദീകരണങ്ങളിൽ അടിമുടി വൈരുധ്യമാണ് കാണുന്നത്. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ ആദ്യ വിശദീകരണം.
എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു. ഹോട്ടൽ മുറികളിലെ പൊലീസ് പരിശോധനയെ കുറിച്ച് പാലക്കാട് എഎസ്പി അശ്വതി ജിജിയാണ് ആദ്യം വിശദീകരണം നൽകിയത്. ആരുടെയും പരാതി കിട്ടിയിട്ടല്ല പൊലീസ് പരിശോധന നടത്തിയതെന്നും സാധാരണ പരിശോധന മാത്രമായിരുന്നുവെന്നുമാണ് എഎസ്പി അശ്വതി ജിജി പുലർച്ചെ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ വനിതാ പൊലീസില്ലാതെ കോൺഗ്രസിന്റെ വനിതാ നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയതിനെതിരെ അടക്കം വലിയ പ്രതിഷേധമുണ്ടായതോടെ മുൻ നിലപാടിൽ നിന്ന് പൊലീസ് മലക്കം മറിഞ്ഞു. ഹോട്ടലിൽ റെയ്ഡ് നടത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും റെയ്ഡ് തുടങ്ങിയ ശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതെന്നുമാണ് പാലക്കാട് എസ് പി ആർ ആനന്ദ് പ്രതികരിച്ചത്.
ഹോട്ടലിൽ പല പാർട്ടികളിലുളള രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. എല്ലാം രാഷ്ട്രീയ പാർട്ടിക്കാരുടെയും റൂം പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. വനിത പൊലീസെത്തിയ ശേഷമാണ് വനിതകൾ മാത്രമുള്ള റൂം പരിശോധിച്ചതെന്നും എസ് പി ആർ ആനന്ദ് വിശദീകരിക്കുന്നു.പാലക്കാട് ഹോട്ടൽ റെയ്ഡ് തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞാണ് ജില്ലാ കളക്ടർ വിവരമറിഞ്ഞത്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കളക്ടറെ 1 മണിക്കാണ് പൊലീസ് വിവരം അറിയിച്ചത്. അപ്പോഴേക്കും റെയ്ഡ് അവസാന ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ പരിശോധനയിൽ അപാകതയില്ലെന്നായിരുന്നു പാലക്കാട് ജില്ല കളക്ടർ ഡോ എസ് ചിത്രയുടെ പ്രതികരണം. പൊലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അതിൽ അപാകതയില്ല.
വിവരം കിട്ടിയതും ഉടൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെന്നും കളക്ടർ വിശദീകരിക്കുന്നു. 12 മുറികൾ അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകിയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്നും പൊലീസ് മടങ്ങിയത്. ഇവിടെയാണ് സി പി എം ജില്ലാ കമ്മറ്റിയുടെ കള്ളകളിക്ക് പ്രസക്തി വർധിക്കുന്നത്. സരിന്റെ എല്ലാ പ്രസ്താവനകളും തള്ളുന്ന പ്രതികരണമാണ് ജില്ലാ കമ്മറ്റിയിൽ നിന്നുണ്ടാക്കുന്നത്. ഏറ്റവുമൊടുവിൽ വ്യാഴാഴ്ചത്തെ സരിന്റെ പ്രസ്താവനയും പാർട്ടി തള്ളി.വനിതാ നേതാക്കളുടെ മുറിയിൽ ഇടിച്ചുകയറി പോലീസ് റെയ്ഡ് നടത്തുമ്പോൾ ഒരു ഇലക്ഷൻ കാലത്ത് അത് എങ്ങനെ പ്രതിഫലിക്കും എന്ന് അറിയാത്തവരല്ല സി പി എം നേതാക്കൾ. ഇതിന് പിന്നിൽ സി.പി.എമ്മിന്റെ ഡീൽ ഉണ്ടെന്ന് ബി ജെ പി ആരോപണം ഉന്നയിച്ചത് ഈ സാഹചര്യത്തിലാണ്.
എന്നാൽ പിണറായിക്കെതിരെയുള്ള കൊടുങ്കാറ്റായാണ് പാതിരാ റെയ്ഡിനെ സി പി എം കാണുന്നത്. കോൺഗ്രസാകട്ടെ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. വി ഡി സതീശൻ തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. സതീശൻ സർക്കാരിനും രാജേഷിനുമെതിരെ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha