കുറുവ സംഘം ആലപ്പുഴയിൽ
ചെറിയ കുട്ടി കരയുന്ന ശബ്ദം.നിർത്താതെയുള്ള കുഞ്ഞിന്‍റെ ശബ്ദം കേട്ടിടാകാം ആ വീട്ടുകാരൻ ചാടി എഴുന്നേറ്റു, പാതിഉറക്കത്തില്‍ ചെന്ന് കതക് തുറന്നു, നോക്കുമ്പോൾ മുറ്റത്തെ ടാപ്പിൽ നിന്നും വെള്ളം ഒഴുകുകയാണ്.ടാപ്പ് അടക്കാനായി മുന്നോട്ട് പോയത് മാത്രമെ അയാൾക്ക് ഓർമ്മയുള്ളു, പിന്നിൽ നിന്ന് തലക്കിട്ട് ഒരടികിട്ടി ബോധം മറഞ്ഞു. ഓര്‍മ തിരിച്ചുകിട്ടുമ്പോഴാണ് വീട്ടില്‍നിന്ന് വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നത് അറിയുന്നത്. അന്വേഷണം ചെന്ന് എത്തിയതാകട്ടെ കുറുവ സംഘത്തിലേക്ക്. മുഖം മറച്ച് അർധനഗ്നരായി കവര്‍ച്ചയ്ക്കിറങ്ങുന്ന കുറുവ സംഘം കഴിഞ്ഞ ദിവസം ആലപ്പുഴയിൽ എത്തിയതായി പൊലീസ് സംശയിക്കുന്നു.
ആലപ്പുഴ മണ്ണഞ്ചേരി നേതാജിയിൽ രേണുക അശോകന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം ഒരു മോഷണശ്രമം നടന്നു. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൊലിസിന് ചില സംശയങ്ങൾ തോന്നി. തമിഴ്നാട്ടിലെ കുറുവ മോഷണ സംഘം മണ്ണഞ്ചേരിയിൽ എത്തിയതായി സൂചന ലഭിച്ചതോടെ പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങി. രാത്രി പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ ചോദ്യം ചെയ്യുകയും സിസിടിവി ക്യാമറകളിലെ രാത്രിദൃശ്യങ്ങൾ പരിശോധിക്കുന്നുമുണ്ട്. മണ്ണഞ്ചേരി നേതാജി ജംക്‌ഷന് സമീപം മണ്ണേഴത്ത് വീട്ടിൽ രേണുക അശോകന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്. കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ നിന്ന് കിട്ടി. മുഖം മറച്ച് അർധ നഗ്നരായി രണ്ട് പേരാണ് ക്യാമറയല്‍ പതിഞ്ഞത്. ഇവരുടെ വേഷത്തിൽ നിന്നാണ് കുറുവ സംഘമാണെന്ന നിഗമനത്തിൽ പൊലിസ് എത്തിയത്.
ചൂലുകച്ചവടക്കാരായും ആക്രിപെറുക്കിയും , സഹായം ചോദിച്ചും പകല്‍ കറങ്ങി നടക്കുന്ന സംഘം മോഷണത്തിന് പറ്റിയ വീടുകള്‍ കണ്ടുവയ്ക്കും. സംഘത്തിലെ സ്ത്രികളെയും കുട്ടികളെയുമാണ് ഇവർ വീടുകള്‍ കണ്ടെത്താനായി പറഞ്ഞുവിടുക . വീടുകൾ നോക്കിവച്ച ശേഷം 6 മാസം മുതൽ ഒരു വർഷം വരെ കാത്തിരുന്നായിരിക്കും മോഷണം. മോഷണത്തിന് 6 മാസം മുൻപുതന്നെ ഇവർ ക്യാംപ് ചെയ്ത സ്ഥലത്തു നിന്നു മാറും. പിന്നീട് മടങ്ങിയെത്തി കവർച്ച നടത്തി കടന്നുകളയും. സംഘം ക്യാംപ് ചെയ്യുന്ന സ്ഥലത്തു നിന്ന് 10 കിലോമീറ്ററെങ്കിലും അപ്പുറമാണ് എപ്പോഴും മോഷണം നടക്കുക.
വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. ശരീരത്തിൽ എണ്ണയും കരിയും പുരട്ടും. പിടികൂടിയാൽ വഴുതി രക്ഷപ്പെടാനാണിത്. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്ത് വാതിൽ തുറക്കാൻ വീട്ടുകാരെ പ്രേരിപ്പിക്കാറുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം വീടനകത്തേക്ക് കയറും.
വീടുകളുടെ പിൻവാതിൽ തകർത്ത് അകത്തു കയറുകയാണ് പതിവ്. 3 പേരുടെ സംഘമായിരിക്കും പലപ്പോഴും മോഷണത്തിന് എത്തുക. ഇവരുടെ വേഷത്തിനുമുണ്ട് പ്രത്യേകത, കണ്ണുകൾ മാത്രം പുറത്തു കാണാവുന്ന വിധത്തിൽ തോർത്ത് തലയിൽ കെട്ടും. ഷർട്ടും കൈലിയും അരയിൽ ചുരുട്ടിവച്ച ശേഷം അതിനു മുകളിൽ കൂടി ഒരു നിക്കർ ധരിക്കും. സ്ഥിരമായ മേൽവിലാസമോ താമസ സൗകര്യമോ ഇവർക്കില്ല. വീട്ടിൽ കയറി ഭീക്ഷണിപ്പെടുത്തിയോ കഴുത്തിൽ കത്തി വച്ചോ വിരട്ടി പണവും ആഭരണവും കവരും, എതിർക്കുന്നവരെ ക്രൂരമായി ആക്രമിക്കും. സ്ത്രീകൾ ധരിച്ചിരിക്കുന്ന ആഭരണങ്ങൾ മുറിച്ചെടുക്കുകയാണ് പതിവ്, ഇതിനായി കട്ടിയുള്ള കത്രിക ഉപയോഗിക്കും. ഇനി മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇവർ തമിഴ്നാട്ടുകാരണെങ്കിലും നന്നായി മലയാളം സംസാരിക്കും. കുറുവ എന്ന് കേരളത്തിൽ അറിയപ്പെടുന്ന ഇവരെ തമിഴ്നാട്ടിൽ നരിക്കുറുവ എന്നാണ് വിളിക്കുന്നത്. കമ്പം ആങ്കുർപാളയം , കോയമ്പത്തൂർ, മധുര, തഞ്ചാവൂർ എന്നിവിടങ്ങളിലാണ് ഇവരുടെ കേന്ദ്രങ്ങൾ, മോഷണമുതൽ കടത്തുന്നതും തമിഴ്നാട്ടിലേക്ക് തന്നെ
കേരളത്തെ ഇപ്പോൾ ഭയപ്പെടുത്തുന്ന കുറുവ സംഘം പഴയ തിരുട്ടു ഗ്രാമത്തിലെ അംഗങ്ങൾ തന്നെയാണ്. തിരുട്ടുഗ്രാമം എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്നത് തിരുച്ചിറപ്പള്ളിക്കടുത്ത റാംജിനഗർ ആണ്. ഇവരെയാണ് ആദ്യം കുറുവ സംഘമെന്നു വിളിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ കുറുവ സംഘത്തിൽ ഉള്ളവർ എല്ലാവരും ഒരേ ഗ്രാമക്കാരല്ല. തിരുട്ടു ഗ്രാമങ്ങൾ എന്ന പേരിൽ കുപ്രസിദ്ധമായ തമിഴ്നാട്ടിലെ പല ഗ്രാമങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിലുണ്ട്. ആയുധധാരികളായ സംഘം എന്ന അർഥത്തിലാണ് തമിഴ്നാട് ഇന്റലിജൻസ് ഈ പേര് നൽകിയത്. തമിഴ്നാടൻ തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവ സംഘമെന്നു പൊലീസ് പറയുന്നു; മോഷ്ടിക്കാനായി കൊല്ലാൻ പോലും മടിയില്ലാത്തവരുടെ കൂട്ടം.
https://www.facebook.com/Malayalivartha