ദിവ്യയെ ചേര്‍ത്തുപിടിച്ച് പി കെ ശ്യാമളയുടെ ആ 'കെ'രുതല്‍;ഗോവിന്ദനും തുള്ളിച്ചാടുന്നു
പി പി ദിവ്യക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ വനിതാ ജയിലിലേക്ക് സിപിഎം നേതാക്കളുടെ പ്രവാഹമായിരുന്നു. ദിവ്യയെ കാണുന്നതിന് വിലക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതോടെയാണ് നേതാക്കള്‍ വനിതാ ജയിലിലെത്തിയത്. എ ഡി എമ്മിന്റെ കുടുംബത്തിന് ഒപ്പമാണെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് 'ദിവ്യയുടെ അടുത്ത് ഇനിയും പാര്‍ട്ടി നേതാക്കള്‍ പോകും. അവര്‍ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണ്' എന്ന് ഗോവിന്ദന്‍ മാഷ് നിലപാട് വ്യക്തമാക്കിയത്. ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഭാര്യ പി കെ ശ്യാമള അടക്കം വനിതാ നേതാക്കള്‍ ജയിലിലേക്ക് എത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പികെ ശ്യാമള, സരള, എന്‍ സുകന്യ എന്നിവരാണ് ദിവ്യയെ കാണാനെത്തിയത്.
ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് വളരെ സന്തോഷകരമായ കാര്യമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഇത്തവണ ജാമ്യം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചതെന്നും ശ്രീമതി പ്രതികരിച്ചു. ജനാധിപത്യ മഹിള അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് പി കെ ശ്രീമതി. കഴിഞ്ഞ കുറച്ചുദിവസമായി അവള്‍ ജയിലില്‍ കിടക്കുകയാണ്. എന്തുതന്നെയായാലും മനപൂര്‍വമല്ലാത്ത നിര്‍ഭാഗ്യകരമായ സംഭവം എന്നേ അതിനെ പറയാനുള്ളൂ. ദിവ്യയുടെ ഭാഗത്ത് നിന്ന് മനപൂര്‍വം ഉണ്ടായ സംഭവമല്ല. ഉണ്ടായ പാകപ്പിഴകളെ സംബന്ധിച്ച് പാര്‍ട്ടി പരിശോധിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി ജയിലില്‍ കിടക്കുന്ന ദിവ്യയ്ക്ക് ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയില്ലെങ്കില്‍ വലിയ വിഷമം ഉണ്ടായേനെ. ഏതൊരാളേയും എന്നപോലെ ദിവ്യക്കും നീതി നിഷേധിക്കപ്പെടാന്‍ പാടില്ല. എന്നെ സംബന്ധിച്ചും പാര്‍ട്ടിയെ സംബന്ധിച്ചും ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് ഏറെ സന്തോഷകരമാണെന്ന് പി.കെ ശ്രീമതി പറഞ്ഞു. റേപ്പ് പോലുള്ള ഏതുഭീകരമായ കുറ്റത്തിനും കോടതി ജാമ്യം അനുവദിക്കുന്നുണ്ടെന്ന കാര്യം നമ്മള്‍ മറക്കാന്‍ പാടില്ല. മനപൂര്‍വമല്ലാത്ത ഒരു തെറ്റാണിത്. ചെയ്യണമെന്ന് വിചാരിച്ച് ചെയ്തതല്ല. നവീന്‍ ബാബുവിന്റെ ആത്മഹത്യ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ശ്രീമതി പ്രതികരിച്ചു.
ജാമ്യം കിട്ടിയെന്ന സന്തോഷ വാര്‍ത്തയോടൊപ്പം പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന ദുഃഖവാര്‍ത്തയും ഒരേ സമയം തന്നെയാണ് ദിവ്യയെ തേടിയെത്തിയത്. എന്നാല്‍, ഗോവിന്ദന്റെ വാക്കുകള്‍ ദിവ്യയ്ക്ക് ആശ്വാസം പകരുന്നതാണ്. 'കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചത്. ദിവ്യ സിപിഎം കേഡറാണ്. ദിവ്യക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. കോടതിയില്‍ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാര്‍ട്ടി നിലപാടല്ലെന്നും' എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി
പി പി ദിവ്യയെ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ കുറ്റവാളിയായി മാദ്ധ്യമങ്ങള്‍ ചിത്രീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മാദ്ധ്യമങ്ങളുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.
പിപി ദിവ്യയുടെ ഭാഗത്തുനിന്നുള്ള വാക്കുകളൊന്നും ശരിയല്ലെന്ന് പറഞ്ഞു. കഴിഞ്ഞൊരു രണ്ടാഴ്ചയായിട്ട് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ എത്രത്തോളം എയര്‍ ടൈമും മഷിയും പിപി ദിവ്യയ്ക്ക് നല്‍കി. പി പി ദിവ്യ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലയൊരു കുറ്റവാളിയാണെന്ന ഇംപ്രഷന്‍ സൃഷ്ടിക്കുന്ന മാദ്ധ്യമ പ്രക്ഷാളനമല്ലേ നടന്നത്. ഈയൊരു സംഭവമങ്ങ് മാറ്റിവച്ചാല്‍, പി പി ദിവ്യ നല്ല ഊര്‍ജസ്വലയായിട്ടുള്ള യുവ നേതാവല്ലേ. എസ് എഫ് ഐയുടെ കരുത്തുള്ള ഒരു നേതാവായിരുന്നില്ലേ. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന്, നേതൃപദവിയിലേക്ക് ഉയര്‍ന്നയാളല്ലേ. നേതൃശേഷി പ്രകടിപ്പിച്ചയാളല്ലേ.ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിന്റെ അവാര്‍ഡ് വാങ്ങിയ ആളല്ലേ. കോളേജ് ചെയര്‍മാനായി. എവിടെയാണ് അവരെക്കുറിച്ചൊരു മോശം. പക്ഷേ ഇന്ന് അവരുടെ ഇത്രയും കാലത്തെ രാഷ്ട്രീയത്തെ മുഴുവന്‍ കറുപ്പടിച്ച് വിട്ടില്ലേ. നീതിയാണോ? അവരുടെ ഈ പ്രവൃത്തി നീതിന്യായ മാര്‍ഗങ്ങളിലൂടെ പരിശോധിക്കപ്പെടട്ടേ. കുറ്റവാളിയാണെങ്കില്‍ തൂക്കിലേറ്റപ്പെടട്ടേ അതാണോ നമ്മള്‍ ചെയ്തത്.
പി.പി ദിവ്യ ജയില്‍ മോചിതയാകുന്നതോടെ നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസ് അന്വേഷണവും നിലയ്ക്കും. ഇതോടെ നിയമപോരാട്ടത്തിന് പുതിയ മുഖം കൈവരുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ. വിശ്വന്‍ പറഞ്ഞത് ഇതിന്റെ സൂചനയാണ്.
നാലാം തീയ്യതി കണ്ണൂരില്‍ നിന്നും ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച നവീന്‍ ബാബു ആറിന് ടിവി പ്രശാന്തിനെ കണ്ടതായുള്ള സി.സി.ടി.വി ദൃശ്യങ്ങളും ഫോണ്‍ കോളുകളുമുണ്ട്. കിലോമീറ്ററുകള്‍ താണ്ടിയാണ് ശ്രീകണ്ഠാപുരത്തു നിന്നും നവീന്‍ ബാബുവിനെ കാണാന്‍ പ്രശാന്തെത്തിയത്. ഇതെന്തിനാണെ കാര്യം അന്വേഷണ സംഘമാണ് പരിശോധിക്കേണ്ടതെന്ന് അഡ്വക്കേറ്റ് പറയുന്നു. എന്നാല്‍ ഇതെല്ലാം നവീന്‍ ബാബുവിനെ കുടുക്കാനുള്ള ബോധപൂര്‍വ്വമായ ഗൂഡാലോചനയാണ്. ചെങ്ങളായി മാഫിയ ആയിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ അന്വേഷണത്തെ വെറുമൊരു ആത്മഹത്യാ പ്രേരണയില്‍ ഒതുക്കിയ പോലീസാണ് ദിവ്യയ്ക്ക് ജാമ്യം ഉറപ്പിച്ചതെന്ന വാദവും ശക്തം.
കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡിലായിരുന്ന ദിവ്യയ്ക്ക് ആശ്വാസമാണ് കോടതി വിധി. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയന്റ് കമ്മിഷണര്‍ എ.ഗീത നടത്തിയ അന്വേഷണത്തില്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ പ്രതിരോധത്തിലാക്കി കലക്ടറേറ്റ് ജീവനക്കാരുടെ നിര്‍ണായക മൊഴിയുണ്ടായിരുന്നു. കലക്ടറുമായി നവീന്‍ ബാബു അത്ര നല്ല ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നും കോടതിക്ക് മുമ്പിലെത്തിയില്ല. കളക്ടറും ദിവ്യയും തമ്മിലെ ഫോണ്‍ വിളികളും ചര്‍ച്ചയാക്കിയില്ല. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഒരു ഒളിച്ചു കളി പ്രോസിക്യൂഷന്‍ നടത്തി. ഒരു പ്രതിമാത്രമാണ് കേസിലുളളത്. ഇതൊരു ആത്മഹത്യാ പ്രേരണക്കേസാക്കി അന്വേഷണം അവസാനിപ്പിക്കും. ദിവ്യയ്‌ക്കെതിരെ കുറ്റപത്രവും നല്‍കിയേക്കും. അതിന് അപ്പുറത്തേക്കുള്ള ഗൂഡാലചനയൊന്നും ഒരു കാലത്തും പോലീസ് ചര്‍ച്ചയാക്കില്ല.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍. നിലവിലെ അന്വേഷണം തൃപ്തികരമല്ല. പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്തന്റെ പരാതി വ്യാജമാണോയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു. എഡിഎം മരിച്ച ശേഷമാണ് ഇവര്‍ പരാതിക്കത്ത് ഉണ്ടാക്കിയത്. അതിലെന്താണ് അന്വേഷണമില്ലാത്തതെന്നും മോഹനന്‍ ചോദിച്ചു. പി പി ദിവ്യയ്ക്ക് എതിരായ പാര്‍ട്ടി നടപടി വൈകി. എന്നിരുന്നാലും തൃപ്തിയുണ്ട്. പക്ഷേ കേസ് അന്വേഷണത്തില്‍ തൃപ്തിയില്ല. നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല. ദിവ്യക്ക് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നു. ജോലിയില്‍ നിന്നും വിടുതല്‍ നേടിയ നവീന്‍ ബാബു തിരികെ ഔദ്യോഗിക വസതിയിലെത്തി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ ലോജിക്ക് ഇല്ല. എഡിഎമ്മിന്റെ ഡ്രൈവറും സംശയ നിഴലിലാണ്. കേസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും എല്ലാം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മലയാലപ്പുഴ മോഹനന്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha