ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ... ഇന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിടും
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാല്‍ ഇന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിടും. വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതെന്ന് അധികൃതര്‍.
യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ പുതുക്കിയ യാത്രാസമയം ശ്രദ്ധിക്കണമെന്നും വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് 3.00 മണി മുതല്‍ തിരുവനന്തപുരം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
3.00 മണി മുതല്‍ രാത്രി 10.00 മണി വരെ വാഴപ്പള്ളി ജംഗ്ഷന്‍ മുതല്‍ മിത്രാനന്ദപുരം, ഫോര്‍ട്ട് സ്‌കൂള്‍ വരെയുള്ള റോഡിലും, പടിഞ്ഞാറേ നട മുതല്‍ ഈഞ്ചക്കല്‍, വള്ളക്കടവ്, ആറാട്ട് ഗേറ്റ് വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ റോഡുകളില്‍ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ആറാട്ട് ഘോഷയാത്ര ശംഖുമുഖം ആറാട്ട് കടവിലേക്ക് പോകുന്നസമയത്തും തിരിച്ചു വരുന്ന സമയത്തും കഴക്കൂട്ടം- കോവളം ബൈപ്പാസ് റോഡില്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടും.
ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് വൈകിട്ട് 03.00 മണി മുതല്‍ വാഴപ്പള്ളി ജംഗ്ഷന്‍, പടിഞ്ഞാറേ കോട്ട, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, പത്മവിലാസം റോഡ്, കൊത്തളം ജംഗ്ഷന്‍ എന്നീ ഭാഗങ്ങളില്‍ കൂടിയുള്ള വാഹന ഗതാഗതം വഴിതിരിച്ചു വിടും.
https://www.facebook.com/Malayalivartha