എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യയുടെ ജാമ്യ ഹർജിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യയുടെ ജാമ്യ ഹർജിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നു കോടതിയെ ബോധ്യപ്പെടുത്താനാണ് കുടുംബത്തിന്റെ നീക്കം. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞത്.
യാത്രയയപ്പ് ചടങ്ങിലെ പി.പി. ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണമായി എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ ആയിരിക്കും മഞ്ജുഷയുടെ അഭിഭാഷകൻ ശ്രമിക്കുക. ഒപ്പം കണ്ണൂർ കലക്ടറുടെ മൊഴി കളവാണെന്ന് തെളിയിക്കാനും അഭിഭാഷകൻ ശ്രമിക്കും. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബു കലക്ടറെ കണ്ട് സംസാരിച്ചത് ആ ചടങ്ങിൽ സംഭവിച്ച കാര്യവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞിരുന്നു. തനിക്ക് തെറ്റുപറ്റി എന്ന് നവീൻ ബാബു പറഞ്ഞതായുള്ള കലക്ടറുടെ മൊഴിയുടെ പൂർണമായ തെളിവ് കോടതിയിൽ ഹാജരാക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞിരുന്നില്ല.
അതിനിടെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കി. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് ജോലി മാറ്റി നല്‍കണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു. കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നല്‍കിയത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നാണ് ജയിൽ മോചിതയായ ശേഷം പി.പി. ദിവ്യ പറഞ്ഞത്. സദുദ്ദേശപരമായിരുന്നു ഇടപെടൽ. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ തരംതാഴ്‌ത്തൽ നടപടിയിൽ അതൃപ്തി അറിയിച്ച് കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്ന് ദിവ്യ, നേതാക്കളെ ഫോൺ വിളിച്ച് പറഞ്ഞു. ജില്ലാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്കാണ് ദിവ്യയെ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം തരംതാഴ്‌ത്തിയത്.
നവീൻ ബാബു മരണപ്പെട്ട് 20 ദിവസങ്ങൾക്ക് ശേഷമാണ് ദിവ്യക്കെതിരെ തരംതാഴ്‌ത്തൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്. എന്നാൽ തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്നാണ് ദിവ്യയുടെ വാദം. പാർട്ടിയുടെ യശസ്സിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിവ്യയെ തെരഞ്ഞെടുത്ത പദവികളിൽ നിന്നെല്ലാം ഒഴിവാക്കിയത്.
തന്നോട് കൂടിയാലോചിക്കാതെയാണ് പാർട്ടി അജണ്ട നടപ്പിലാക്കിയത്. നവീൻ ബാബുവിന്റെ മരണത്തിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ പാർട്ടി അവസരം നൽകണമായിരുന്നു. എന്നാൽ തനിക്കൊപ്പം നിൽക്കാതെ അജണ്ട നടപ്പിലാക്കിയതിൽ അതൃപ്തിയുള്ളതായും ദിവ്യ നേതാക്കളെ അറിയിച്ചു.
https://www.facebook.com/Malayalivartha