പൊളിറ്റിക്കല്‍ പിതാവ് പ്രയോഗം ഓര്‍മ്മയില്‍... കത്ത് വിവാദത്തിന് ശേഷം കെ മുരളീധരന്‍ ഇന്ന് പാലക്കാട്ട്; രാഹുലിന്റെ ബുള്ളറ്റ് ബൈക്ക് റാലി പ്രചാരണം കോട്ടമൈതാനത്ത്
പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയപ്പോള്‍ രാഹുല്‍ മാങ്കൂട്ടം നടത്തിയ വിവാദ പ്രസ്ഥാവയ്‌ക്കെതിരെ പത്മജ വേണുഗോപാല്‍ നിരവധി തവണ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആ പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിനായി കെ മുരളീധരന്‍. ഡിസിസിയുടെ കത്ത് വിവാദത്തിന് ശേഷമാണ് കെ മുരളീധരന്‍ ഇന്ന് പാലക്കാട് പ്രചാരണത്തിന് എത്തുന്നത്.
വൈകിട്ട് അഞ്ച് മണിക്ക് മേപ്പറമ്പിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ മുരളീധരന്‍ പ്രസംഗിക്കും. രാവിലെ 7 മണിക്ക് കോട്ടമൈതാനത്ത് നിന്ന് ബുള്ളറ്റ് ബൈക്ക് റാലിയിലൂടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിക്കും. എന്‍ഡിഎയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പാലക്കാട്ട് എത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മണ്ഡലത്തില്‍ തുടരുകയാണ്. ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനും ഇന്ന് രാവിലെ പ്രചാരണത്തിനിറങ്ങും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലയില്‍ തുടരുകയാണ്.
പിണക്കം ഉള്ളിലൊതുക്കി ഉപതിരഞ്ഞെടുപ്പിന്റെ അവസാനലാപ്പില്‍ കെ. മുരളീധരന്‍ പാലക്കാട് പ്രചാരണത്തിനെത്തുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് താനുണ്ടാകില്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ മുരളീധരന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയും നിലപാട് ആവര്‍ത്തിച്ച മുരളിയോട് പ്രചാരണത്തിന് എത്തണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലും മുരളീധരനോട് ഫോണില്‍ സംസാരിച്ചതായാണ് വിവരം.
പാലക്കാട്ടെ പ്രചാരണ യോഗങ്ങളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമാകും മുരളീധരന്‍ പങ്കെടുക്കുക. ആദ്യം പാലക്കാട് സ്ഥാനാര്‍ഥിയായി ഡിസിസി നല്‍കിയ കത്തില്‍ നിര്‍ദേശിച്ചിരുന്നത് കെ.മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കുശേഷമാണ് ഡിസിസി നേതൃത്വം അയച്ച കത്ത് പുറത്തുവന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.
മേപ്പറമ്പ് ജങ്ഷനില്‍ നാളെ വൈകുന്നേരം ആറിന് പൊതുയോഗത്തില്‍ മുരളീധരന്‍ സംസാരിക്കും. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയില്‍ കര്‍ഷക രക്ഷാമാര്‍ച്ചും മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാട്ടേക്ക് സംസ്ഥാന നേതാക്കള്‍ ക്ഷണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. ദേശീയ നേതാക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. ഇവിടെ നിന്ന് ആവശ്യപ്പെട്ടാല്‍ താന്‍ പോകുമെന്നും മുരളി പറഞ്ഞു. അപമാനിച്ച മുതിര്‍ന്ന നേതാവ് ആരെന്ന ചോദ്യത്തിന് നിങ്ങള്‍ ഗവേഷണം നടത്തൂ എന്നായിരുന്നു മറുപടി
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പ്രത്യേകമായി ക്ഷണിക്കേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ പ്രചാരണത്തിന് എത്തണമെന്ന് ആവശ്യപ്പെട്ട് മുരളീധരന്‍ ഉള്‍പ്പെടെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും കത്തയച്ചിട്ടുണ്ട്. വാട്സാപ്പിലും വിവരം കൈമാറി. സ്വന്തം വീട്ടില്‍ കല്യാണം നടക്കുമ്പോള്‍ ഓരോരുത്തരെയും പ്രത്യേകമായി ക്ഷണിക്കേണ്ട കാര്യമില്ല. പാര്‍ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ പാര്‍ടിക്കകത്താണ് ചര്‍ച്ച ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ടാണ് പൊതുമധ്യത്തില്‍ പറഞ്ഞതെന്ന് മുരളീധരനോട് ചോദിക്കണമെന്നും സതീശന്‍ പറഞ്ഞു. മുരളീധരന്‍ പാര്‍ടിക്കുള്ളില്‍ അപമാനം നേരിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസമായിരുന്നു സതീശന്റെ മറുപടി.
പാലക്കാട്ടെ നീലട്രോളി ബാഗ് വിവാദം സജീവമായി നിലനില്‍ക്കുന്നതിനിടെ പാലക്കാട് പണം എത്തിയിട്ടുണ്ടെന്ന് ഉറച്ച് പറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍. പണം ഇന്നോവാ കാറിലാണോ പെട്ടിയിലാണോ വന്നത് എന്നതല്ല പ്രശ്നമെന്നും എത്തിയ പണമാണ് കണ്ടെത്തേണ്ടതെന്നും സരിന്‍ പറഞ്ഞു. ബൂത്തിന് 30,000 എന്ന നിലയില്‍ പണം എത്തിച്ചത് പ്രവര്‍ത്തകരെ സജീവമാക്കാനാണെന്നും സരിന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha