അമ്പരപ്പോടെ രാജ്യം... ഒരു സുപ്രധാന പ്രതിരോധ യൂണിറ്റിന് നേരെ സൈബര്‍ ആക്രമണമുണ്ടായതായി കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഒരു സുപ്രധാന പ്രതിരോധ യൂണിറ്റിനു നേരെ സൈബര്‍ ആക്രമണമുണ്ടായതായി കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. യൂണിറ്റ് ഏതെന്നു വ്യക്തമാക്കിയിട്ടില്ല. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണമായ സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്ന വര്‍ഷമാണ് 2023 എന്നാണ് മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ പരാമര്‍ശം.
ഒരു പ്രതിരോധ യൂണിറ്റിനു നേരെ റാന്‍സംവെയര്‍ ആക്രമണമാണുണ്ടായത്. ഫയലുകള്‍ ലോക്ക് ചെയ്ത ശേഷം അവ തുറന്നു നല്‍കാനായി മോചനദ്രവ്യം തേടുന്ന ആക്രമണ രീതിയാണ് റാന്‍സംവെയര്‍. ഇതിനു പുറമേ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ വിവരം പുറത്തുവന്ന വിവരച്ചോര്‍ച്ചയെക്കുറിച്ചും പരാമര്‍ശമുണ്ട്. കോവിന്‍ പോര്‍ട്ടലിലെ വിവരച്ചോര്‍ച്ചയെക്കുറിച്ചാണ് പരാമര്‍ശമെന്നാണ് സൂചന.
ഒരു മന്ത്രാലയത്തിനു നേരെ മാല്‍വെയര്‍ ആക്രമണവും വിമാനത്താവളങ്ങള്‍ അടക്കമുള്ള സുപ്രധാന സ്ഥാപനങ്ങള്‍ക്കു നേരെ ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ്) ആക്രമണവും 2023ല്‍ നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ സമയം ലക്ഷക്കണക്കിനു ഡിവൈസുകളില്‍ നിന്നു ഒരു പ്രത്യേക ഐപി വിലാസത്തിലേക്ക് മലവെള്ളപ്പാച്ചില്‍ പോലെ റിക്വസ്റ്റുകള്‍ അയച്ച് പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനെയാണ് ഡിഡിഒഎസ് എന്നു വിളിക്കുന്നത്.
അതേ സമയം ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദീപ് ദല്ലയെ കീഴ്‌പ്പെടുത്തിയ വിവരം ഇന്ത്യക്ക് കൈമാറാതെ കാനഡ. കൊടും ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ വിശ്വസ്തനായ ഇയാളെ കഴിഞ്ഞ 28ന് കീഴ്‌പ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകം, തീവ്രവാദമടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ദല്ലക്കായി പഞ്ചാബ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സുപ്രധാന വിവരങ്ങള്‍ കൈമാറുന്നതില്‍ പോലും തടസമായി ഇന്ത്യക്കും കാനഡക്കുമിടയിലെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വരുകയാണ്. ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദീപ് ദല്ലയെ കീഴ്‌പ്പെടുത്തി ഒന്നരയാഴ്ച പിന്നിട്ടിട്ടും കാനഡ ഔദ്യോഗികമായി വിവരം ഇന്ത്യയെ അറിയിച്ചിട്ടില്ല. മില്‍ട്ടണില്‍ നടന്ന വെടിവെയ്പിനിടെ കീഴ്‌പ്പെടുത്തിയെന്നാണ് വിവരം. കീഴ്‌പ്പെടുത്തിയ കാര്യമോ ഇപ്പോള്‍ എവിടെ പാര്‍പ്പിച്ചിരിക്കുന്നുവെന്ന വിവരമോ കാനഡ കൈമാറിയിട്ടില്ല.
കാനഡയിലെ സുരേയില്‍ കഴിയുകയായിരുന്ന ദല്ലക്കെതിരെ യുഎപിഎ അടക്കം നിരവധി കേസുകളുണ്ട്. 2020ല്‍ ദേര സച്ച സൗദയുടെ രണ്ട് അനുയായികളെ പഞ്ചാബില്‍ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് അര്‍ഷ് ദീപ് ദല്ല. ഖലിസ്ഥാന്‍ തീവ്രവാദത്തിലേക്ക് നിരവധി യുവാക്കളെ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഇയാള്‍ കാനഡയിലേക്ക് കടന്നിരുന്നു.
തീവ്രവാദികളുടെ പട്ടികയിലുള്ള അര്‍ഷ് ദീപ് ദല്ലയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കാനഡ അവഗണിച്ചിരുന്നു. ഇതിനിടെ കാനഡയില്‍ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ദില്ലിയില്‍ സിഖ് സംഘടനകള്‍ കാനഡ എംബസിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ഹിന്ദു - സിഖ് ഐക്യത്തെ തകര്‍ക്കാനുള്ള ചിലരുടെ നീക്കമാണ് ആക്രമണത്തിന് പിന്നിലെന്നും, കാനഡ ശക്തമായ നടപടിയെടുക്കണമെന്നും പ്രതിഷേധിച്ചവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധം കണക്കിലെടുത്ത് കാനഡ എംബസിക്ക് സുരക്ഷ കൂട്ടി.
https://www.facebook.com/Malayalivartha