നിരാശരായി ആരാധകര്‍... ബാറ്റിംഗ് സമ്പൂര്‍ണ പരാജയമായ ഇന്ത്യയെ ചുരുട്ടിക്കൂട്ടി ദക്ഷിണാഫ്രിക്ക; അവസാന ഓവറുകള്‍ കളഞ്ഞ് കുളിച്ച് ഹാര്‍ദിക് പാണ്ഡ്യ; വിജയം പിടിച്ചുവാങ്ങി ദക്ഷിണാഫ്രിക്ക
ബാറ്റിംഗ് സമ്പൂര്‍ണ പരാജയമായ ഇന്ത്യയെ ശരിക്കും ദക്ഷിണാഫ്രിക്ക ചുരുക്കൂട്ടി. എങ്കിലും ജയിക്കുമെന്ന് തോന്നിപ്പിച്ചു. അവസാന ഓവറുകള്‍ ഹാര്‍ദിക് പാണ്ഡ്യ കളഞ്ഞ് കുളിക്കാതിരുന്നെങ്കില്‍ ജയിച്ചേനെ. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി വരുണ്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ബോളര്‍മാര്‍ അവരുടെ പരമാവധി ശ്രമിച്ചുനോക്കിയതാണ്. സ്‌കോര്‍ബോര്‍ഡില്‍ ബാറ്റര്‍മാര്‍ എത്തിച്ച റണ്‍സിന് 'കനം കുറഞ്ഞത്' ടീം ഇന്ത്യയ്ക്ക് വിനയായി. ഫലം, രാജ്യാന്തര ട്വന്റി20യില്‍ കഴിഞ്ഞ 11 മത്സരങ്ങളായി തുടര്‍ന്നുവന്ന വിജയക്കുതിപ്പിന് നിരാശപ്പെടുത്തുന്ന വിരാമമിട്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി.
കെബര്‍ഹയില്‍ നടന്ന രണ്ടാം ട്വന്റി20 മത്സരത്തില്‍ മൂന്നു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 124 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാക്കിയെങ്കിലും മൂന്നു വിക്കറ്റും 6 പന്തും ബാക്കിയാക്കി ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി.
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മധ്യ ഓവറുകളിലെ തകര്‍പ്പന്‍ ബോളിങ്ങിലൂടെ ടൈറ്റാക്കിയ മത്സരം, അവസാന ഓവറുകളില്‍ പേസര്‍മാര്‍ തിരിച്ചെത്തിയതോടെയാണ് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായത്. അതേസമയം, ഒരു ഓവര്‍ ബോള്‍ ചെയ്ത് രണ്ടു റണ്‍സ് മാത്രം വിട്ടുകോടുത്ത അക്ഷര്‍ പട്ടേലിന്, പിന്നീട് ബോളിങ്ങിന് അവസരം നല്‍കാതിരുന്നത് ശ്രദ്ധേയമായി. ഈ വിജയത്തോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്കൊപ്പമെത്തി.
പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയനില്‍ നടക്കും. മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ചറിയുമായി തിളങ്ങിയ ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. രാജ്യാന്തര ട്വന്റി20യില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡുമായി ഈ മത്സരത്തിനെത്തിയ സഞ്ജു, പൂജ്യത്തിന് പുറത്തായത് നിരാശയായി
ഒരറ്റത്തു വിക്കറ്റുകള്‍ കൊഴിയുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന് പൊരുതിയ ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. 41 പന്തുകള്‍ നേരിട്ട സ്റ്റബ്‌സ്, ഏഴു ഫോറുകളോടെ 47 റണ്‍സുമായി പുറത്താകാതെ നിന്നു. പന്തും റണ്‍സും തമ്മിലുള്ള അകലം വര്‍ധിച്ചതോടെ സമ്മര്‍ദ്ദത്തിലായ ദക്ഷിണാഫ്രിക്കയെ, ഒന്‍പതാമനായി ഇറങ്ങിയ ജെറാള്‍ഡ് കോട്‌സെയുടെ കടന്നാക്രമണമാണ് രക്ഷപ്പെടുത്തിയത്. കോട്‌സെ ഒന്‍പതു പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 19 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 20 പന്തില്‍ 42 റണ്‍സ് അടിച്ചെടുത്താണ് ടീമിനെ വിജയത്തിലെത്തിച്ചത്.
റീസ ഹെന്‍ഡ്രിക്‌സ് 21 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സെടുത്തു. ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടനാണ് (11 പന്തില്‍ രണ്ടു ഫോറുകളോടെ 13) രണ്ടക്കത്തിലെത്തിയ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം.
ഇന്ത്യയ്ക്കായി കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വരുണ്‍ ചക്രവര്‍ത്തിയാണ് ബോളിങ് ആക്രമണം നയിച്ചത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. യുസ്വേന്ദ്ര ചെഹലിനു പിന്നില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കൂടിയാണിത്. 25 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയാണ് ചെഹല്‍ ഒന്നാമതു നല്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉമര്‍ ഗുല്ലിനു ശേഷം (ആറിന് അഞ്ച് വിക്കറ്റ്) ഒരു ബോളറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കൂടിയാണിത്. രവി ബിഷ്‌ണോയ് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങിയും അര്‍ഷ്ദീപ് നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
തുടര്‍ സെഞ്ചറികളുമായി കഴിഞ്ഞ മത്സരങ്ങളില്‍ ആരാധകരെ ആവേശത്തിലാറാടിച്ച മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിനു പുറത്തായ രണ്ടാം ട്വന്റി20യില്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച ഉണ്ടായി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 125 റണ്‍സ് വിജയലക്ഷ്യം. മുന്‍നിര ബാറ്റര്‍മാര്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയ മത്സരത്തില്‍, ക്ഷമയോടെ നിലയുറപ്പിച്ച മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍124 റണ്‍സെടുത്തത്. 45 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് ഒഴികെ ബോള്‍ ചെയ്ത അഞ്ച് ബോളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചു. മഹാരാജ് നാല് ഓവറില്‍ 24 റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും, വിക്കറ്റൊന്നും ലഭിച്ചില്ല.
https://www.facebook.com/Malayalivartha