ഇ കെ നായനാര്‍ മുതല്‍ വി എസ് അച്യുതാനന്ദന് വരെയുള്ള സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ പ്രിയപ്പെട്ട തുന്നല്കാരന് എസ് ശശിധരന് അന്തരിച്ചു
ഇ കെ നായനാര്‍ മുതല്‍ വി എസ് അച്യുതാനന്ദന് വരെയുള്ള സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ പ്രിയപ്പെട്ട തുന്നല്കാരന് എസ് ശശിധരന്(85) അന്തരിച്ചു . പ്രിയ സഖാവിന് തലസ്ഥാനം വിട നല്കി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഞായര്‍ പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം. തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാര ചടങ്ങുകള്‍ നടത്തി. സഞ്ചയനം വ്യാഴം എട്ടിന്.
'ഇ കെ നായനാര്‍ക്ക് മാത്രമായി ആയിരത്തിലധികം ജുബ്ബയും ഷര്‍ട്ടും തയ്ച്ച് നല്‍കിയിട്ടുണ്ടെ'ന്ന് അഭിമാനത്തോടെ പലവേദികളിലും അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. 1978ല്‍ ഇ കെ നായനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് പാളയത്ത് മോഡേണ്‍ ടെയിലേഴ്സ് നടത്തിയിരുന്ന ശശിധരനെ പരിചയപ്പെടുന്നത്.
പരിചയം സൗഹൃദമായതോടെ നായനാര്‍ ശശിധരന് പ്രിയപ്പെട്ട 'സിഎം' ആയി. തുടര്‍ന്ന് നായനാരുടെ മരണത്തിന് ദിവസങ്ങള്‍ക്കുമുമ്പ് വരെയും ജുബ്ബ തയ്ച്ച് നല്‍കിയത് ശശിധരനാണ്.
നായനാര്‍ അവസാനം തയ്ക്കാനായി നല്കിയ ഇളംമഞ്ഞ നിറത്തിലുള്ള സില്‍ക്ക് തുണി ശശിധരന് അവസാനനിമിഷം വരെയും സൂക്ഷിച്ചുവച്ചു. പാളയത്ത് തയ്യല്ക്കടയിരുന്ന കെട്ടിടം ഉടമസ്ഥന് വിറ്റതോടെ തയ്യല്‍ജോലികള്‍ വീട്ടിലാക്കിയിരുന്നു. ഏറ്റവും അടുപ്പമുള്ളവര്‍ക്ക് മാത്രമായിട്ടായിരുന്നു പിന്നീട് തയ്യല്‍ജോലികള്‍.
ഇക്കാലയളവില്‍ ടി കെ രാമകൃഷ്ണന്, വി എസ് അച്യുതാനന്ദന് എന്നിവര്‍ക്കുവേണ്ടി തയ്ക്കുമായിരുന്നു. ഭാര്യ: പരേതയായ എസ് വസന്ത. മക്കള്‍: അഡ്വ. എസ് വി ഷാജി (വഞ്ചിയൂര്‍ കോടതി), എസ് വി ഷീബ. മരുമകന്: സുരേഷ് ബാബു (റിട്ട. സിഐഎസ്എഫ്).
https://www.facebook.com/Malayalivartha