നഗരമധ്യത്തില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍
നഗരമധ്യത്തില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ നിരവധി മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വഞ്ചിയൂര്‍ ഋഷിമംഗലം ചിറക്കുളം കോളനിയില്‍ ടി.സി 27/2135 വീട്ടില്‍ നിന്നും തമ്പാനൂര്‍ തൈക്കാട് രാജാജി നഗറിന് സമീപത്തായി വിള്ളിയപ്പന്‍ ലെയ്‌നില്‍ താമസിക്കുന്ന അനില്‍കുമാറാണ്(44) പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങല്‍ പാലസ് റോഡില്‍ അമ്മന്‍കോവിലിന് സമീപം ദില്‍ വീട്ടില്‍ ഏഴിന് ആളില്ലാത്ത സമയം വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും 1.5 ലക്ഷം രൂപയും കവരുകയായിരുന്നു.
രാവിലെ 8.30ന് വീട് പൂട്ടി വീട്ടുകാര്‍ തിരുവനന്തപുരത്തേക്ക് പോയി. 11.45നും 12.10 നും ഇടക്ക് മതില്‍ ചാടിക്കടന്ന് വീടിന്റെ മുന്‍വാതില്‍ പാളിയുടെ ഒരു ഭാഗം ചുറ്റികയും ഉളിയും ഉപയോഗിച്ച് പൊളിച്ച് ഇളക്കിമാറ്റി വീടിനകത്ത് കടന്ന് കവര്‍ച്ച നടത്തുകയായിരുന്നു. തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി കിരണ്‍ നാരായണ്‍, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്. മഞ്ജുലാല്‍ എന്നിവരുടെ നേതൃത്യത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
നിരവധി സി.സി.ടി.വി ദൃശ്യങ്ങളില്‍ മാസ്‌ക് ധരിച്ചയാളെ വീടിന്റെ പരിസരത്ത് കണ്ടെത്തി. അന്വേഷണത്തില്‍ ഇയാള്‍ കുപ്രസിദ്ധ മോഷ്ടാവാണെന്ന് മനസ്സിലാകുകയും പ്രതി തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്രീവരാഹത്തുള്ളതായ രഹസ്യവിവരപ്രകാരം അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha