സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിന് ജാമ്യം
സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിന് ജാമ്യം. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളിയില്‍ തിരുവോണ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി നിരസിച്ചു. ഈ കേസില്‍ മനഃപൂര്‍വമുള്ള നരഹത്യ കുറ്റം നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം വാദിച്ചിച്ചത്.
കേസിലെ രണ്ടാം പ്രതിയായ ഡോക്ടര്‍ ശ്രീക്കുട്ടിക്ക് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തന്നെ ജാമ്യം നല്‍കിയിരുന്നു. നെയ്യാറ്റിന്‍കര സ്വദേശിനിയായ ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. സമീപകാലത്താണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇവിടെ വച്ചാണ് അജ്മലിനെ പരിചയപ്പെടുന്നതും ഈ സൗഹൃദം വളരുന്നതും. കോയമ്പത്തൂരില്‍നിന്നാണ് ശ്രീക്കുട്ടി മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്.
അജ്മല്‍ ഓടിച്ച കാറിടിച്ചാണ് മൈനാഗപ്പള്ളി സ്വദേശിനിയായ കുഞ്ഞുമോള്‍ മരിച്ചത്. റോഡില്‍ തെറിച്ചു വീണ ഇവരുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. കുഞ്ഞുമോള്‍ വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ അജ്മല്‍ കാര്‍ ശരീരത്തിലൂടെ മുന്നോട്ടെടുത്തു. അപകടം കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
എങ്കിലും നാട്ടുകാരെ കബളിപ്പിച്ച് അജ്മല്‍ രക്ഷപ്പെടുകയും ശ്രീക്കുട്ടി ഓടി അടുത്തുള്ള വീട്ടിലേക്ക് കയറുകയും ചെയ്തു. പിന്നാലെ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊല്ലപ്പെട്ട കുഞ്ഞുമോള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്. നേരത്തെ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha