കല്‍പാത്തിയില്‍ രഥോത്സവത്തിന്റെ ഒന്നാം തേരിന്റെ പ്രയാണത്തിന് ഇന്ന് തുടക്കം.. രഥസംഗമം വെള്ളിയാഴ്ച
രഥോത്സവത്തിന്റെ ഒന്നാം തേരിന്റെ പ്രയാണത്തിന് ബുധനാഴ്ച കല്‍പാത്തി സാക്ഷ്യം വഹിക്കും. നാളെ രണ്ടാംതേരും മൂന്നാം തേര് നാളായ വെള്ളിയാഴ്ച രഥസംഗമവും നടക്കും.ആറു തേരുകളാണ് രഥോത്സവത്തില്‍ പങ്കുകൊള്ളുന്നത്. ഇവ മുഖാമുഖം എത്തുന്നതാണ് രഥസംഗമം.
ബുധനാഴ്ച വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തില്‍ രാവിലെയുള്ള പൂജകള്‍ക്കുശേഷം 11നും 12നും ഇടയില്‍ നടക്കുന്ന രഥാരോഹണത്തോടെ ദേവരഥ പ്രദക്ഷിണത്തിന് തുടക്കമാകും. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ ശിവപാര്‍വതിമാരും ഗണപതിയും വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമിയുമാണ് തേരിലേറി പ്രദക്ഷിണത്തിനിറങ്ങുക.
പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ രഥാരോഹണം നാളെയാണ്. പഴയ കല്‍പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വൈകുന്നേരം മോഹിനി അലങ്കാരവും നാളെ വൈകീട്ട് കുതിരവാഹന അലങ്കാരവും ഉണ്ടാകും. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ ഇന്നും നാളെയും പ്രത്യേക പൂജയുണ്ടാകും.
ഇന്ന് മൂഷികവാഹന അലങ്കാരവും നാളെ അശ്വവാഹന എഴുന്നള്ളത്തും നടക്കും. 15നാണ് പഴയ കല്‍പാത്തി ലക്ഷ്മീനാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍ രഥാരോഹണമുള്ളത്. രഥാരോഹണശേഷം ഇരുക്ഷേത്രങ്ങളിലെയും ദേവരഥങ്ങള്‍ ഗ്രാമപ്രദക്ഷിണത്തിനിറങ്ങും. 15ന് വൈകുന്നേരമാണ് കല്‍പാത്തി കാത്തിരിക്കുന്ന ദേവരഥസംഗമമുള്ളത്.
https://www.facebook.com/Malayalivartha