ഇത് സാമ്പിൾ വെടിക്കെട്ട്... ഇ.പിയുടെ ആത്മകഥ ഉടൻ വരും ഇ പിയുടെ യുദ്ധം റിയാസിനോട് ... പിന്തുണയുമായി നേതാക്കൾ
പോളിംഗ് ദിനം മുട്ടൻപണിയായി കട്ടൻ ചായയും പരിപ്പ് വടയും ആത്മകഥാ വിവാദം. രാത്രി തന്നെ ഡിസി ബുക്സ് അവരുടെ പേജിൽ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിൻറെ ജീവിതം എന്ന പുസ്തകത്തിൻ്റെ മുഖ ചിത്രം വരെ നൽകിയിരുന്നു. ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്. രാവിലെ പുസ്തകത്തിലെ വിശദാംശങ്ങൾ ബോംബായാണ് പുറത്തേക്ക് വന്നത്. സർക്കാറിനും പാർട്ടിക്കുമെതിരെ ഇപിയുടെ തുറന്നടിക്കൽ വൻ ചർച്ചയായി. ഇതിൽ നിന്നും ഇ.പി. ഇക്കാര്യം മനസിലാക്കിയിരുന്നതായി പാർട്ടി കരുതുന്നു.
പുറത്ത് വന്ന ആത്മകഥയിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രയാസമുണ്ട്. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസം. നിലപാട് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. ഒന്നാം പിണറായി സർക്കാറിനെക്കാൾ ദുർബ്ബലമാണ് രണ്ടാം പിണറായി സർക്കാർ എന്ന് അടുത്ത വിമർശനം. തിരുത്തൽ വരുമെന്ന് പറഞ്ഞാൽ പോരാ, അടിമുതൽ മുടി വരെ വേണം. സരിൻ നാളെ വയ്യാവേലിയാകുമെന്നാണ് അടുത്ത വിവാദപരാമർശം. തലേന്ന് വരെ യുഡിഎഫ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചയാൾ കിട്ടാതെ ആയപ്പോൾ മറുകണ്ടം ചാടി. പലഘട്ടത്തിലും സ്വതന്ത്രൻ ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ വയ്യാവേലിയായി സന്ദർഭങ്ങളും ഉണ്ട്. അൻവർ ഉദാഹരണണെന്ന് ആത്മകഥ. കഥാഭാഗം കത്തിപ്പടർന്നതിന് പിന്നാലെ മുഴുവൻ നിഷേധിച്ച് ഇപി ജയരാജൻ രംഗത്തെത്തി. നിയമനടപടി എടുക്കുമെന്നും ഇപി പ്രതികരിച്ചു.
ആത്മകഥാകാരൻ തന്നെ പ്രസാധകരെ തള്ളിയതോടെ വിവാദം പുതിയ വഴിത്തിരിവിലേക്ക് കടന്നു. പിന്നാലെ ഡിസി ബുക്സിൻറെ വിശദീകരണം. സാങ്കേതികകാരണങ്ങളാൽ പ്രകാശനം മാറ്റിവെച്ചു. ഉള്ളടക്കം പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകും. ഇപി പൂർണ്ണമായും തള്ളുമ്പോഴും ടൈറ്റിലിലടക്കം ഡിസി ഉറച്ചുനിൽക്കുന്നതും ഇപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. . നേരത്തെ പൂർത്തിയായ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിൽ സമകാലിക സംഭവങ്ങൾ കൂടി ചേർത്ത് പുതുക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വിവാദ വിഷയമായത്. പുസ്തക വിവാദത്തില്‍ സിപിഎം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തൻ്റെ രാഷ്ട്രീയ ജീവിതവും ആരോപണങ്ങളുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം ഉടൻ ഇറങ്ങുമെന്ന് കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് ഇപി പറഞ്ഞത്. ഏതാണ്ട് ഇതേ സമയം തന്നെയാണ് ഡിസി ബുക്സ് ഇ പി ജയരാജനുമായി പുസ്തകം ഇറക്കാൻ കരാർ ഉണ്ടാക്കിയത്. ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു പുസ്തകം എഴുതും എന്നുള്ള പ്രഖ്യാപനം. ഇതിനായി ഇപി പാർട്ടി അനുമതി തേടിയിരുന്നില്ല.
ദേശാഭിമാനി ലേഖകൻ തന്നെയാണ് ഡിസി ബുക്സിന് പുസ്തകത്തിൻ്റെ ടൈപ്പ് ചെയ്ത പകർപ്പ് എത്തിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നിട്ടും ഇയാൾ വിവരങ്ങൾ പാർട്ടി അറിയിച്ചില്ല എന്ന കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപകാലത്തെ സംഭവ വികാസങ്ങൾ കൂടി ചേർത്ത് പിന്നീട് നേരത്തെ നൽകിയ കരടിൽ പേജുകൾ വർധിപ്പിച്ചു. എല്ലാ വിവരങ്ങളും ഇപിയുടെ നിർദ്ദേശപ്രകാരമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. ലേഔട്ട് ചെയ്ത പുസ്തകത്തിൻ്റെ പിഡിഎഫ് പകർപ്പ് ദേശാഭിമാനി ലേഖകനും ഇ പി ജയരാജനും അയച്ചു കൊടുത്തിരുന്നു എന്ന് പ്രസാധകർ അവകാശപ്പെടുന്നുണ്ട്. പുസ്തകത്തിൻ്റെ പേരടക്കം ഇ പി യുമായി ആലോചിച്ചാണ് നൽകിയത് എന്നും അവർ അവകാശപ്പെടുന്നു.
സമീപകാലത്ത് മുഖ്യമന്ത്രിയുമായും മറ്റും നടത്തിയ ചർച്ചകളെ തുടർന്ന് ഇപി വീണ്ടും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഇത് ഇപിയുടെ മനസ് മാറ്റത്തിന് കാരണമായതെന്നാണ് പ്രസാധകര്‍ കരുതുന്നത്. പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് പിന്നീട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പ്രസാധകർ വ്യക്തമാക്കുന്നില്ല. ഇപിയുടെ പുതിയ വിശദീകരണം പരസ്യമായി തള്ളുന്നില്ല എങ്കിലും നേതാക്കൾ അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പാർട്ടിതലത്തിൽ ഇത് കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കും. 75 തികയുന്ന ഇ പിയെ ഇനി കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ഇടയില്ല എന്നാണ് സൂചന.
ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പ്രധാന പരാമർശം. 'ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുളള കൂടിക്കാഴ്ചയിൽ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബിജെപി നേതാവായ ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്'. അതും പൊതു സ്ഥലത്ത് വെച്ചായിരുന്നു കണ്ടതെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി തുറന്നടിക്കുന്നു.
പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി സരിനെതിരെ കടുത്ത വിമർശനവും പുസ്തകത്തിൽ ഇപി ഉന്നയിക്കുന്നു. പി. സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പിവി അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നത്.
ദേശാഭിമാനി ബോണ്ട് വിവാദവും ഇപി പുസ്തകത്തിൽ പരാമർശിക്കുന്നു. വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിനുമായി ഞാൻ ഒരു ചർച്ചയും നടത്തിയില്ല. ചർച്ച ചെയ്തത് മാർക്കറ്റിംഗ് മേധാവി വേണുഗോപാലായിരുന്നു.
സെക്രട്ടറിയേറ്റ് തീരുമാനം അനുസരിച്ചാണ് ബോണ്ടായി 2 കോടി മുൻകൂർ വാങ്ങിയത്. പക്ഷേ പ്രശ്നം വഷളാക്കിയത് അന്ന് പാർട്ടിക്കുളളിൽ നിലനിവന്ന വിഭാഗീയതയാണ്. വി എസ് അച്യുതാനന്ദൻ ഇത് ആയുധമാക്കി.
താൻ മരിക്കും വരെ സിപിഎം ആയിരിക്കുമെന്നും പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാൽ ഞാൻ മരിച്ചുവെന്നർത്ഥമെന്നും ഇപി പുസ്തകത്തിൽ പരാമർശിക്കുന്നു.
പുസ്തകം താൻ എഴുതി തീർന്നിട്ടില്ല. ഡി സി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. താനതിൻ്റെ അനുമതി ആർക്കും കൊടുത്തിട്ടില്ല. ബോധപൂർവം ഉണ്ടാക്കിയ കഥയാണ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ കാര്യം എങ്ങനെയാണ് ആത്മകഥയിൽ എഴുതുക? താൻ എഴുതാത്ത കാര്യം തൻ്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താൻ ഒരാൾക്കും ഒന്നും കൈമാറിയിട്ടില്ല. താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല. താൻ എഴുതിയിട്ട് ടൈപ്പ് ചെയ്യാൻ കൊടുക്കുകയായിരുന്നു. ആ പുസ്തകത്തിൻ്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. എൻ്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്. താനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന ഭാഗമേ എനിക്ക് അറിയൂ- ഇ പി പറഞ്ഞു.
മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിന് വക്കീൽ നോട്ടീസ്. ഡി സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇ പി ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അഡ്വ കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ആത്മകഥാ വിവാദത്തിൽ ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിട്ടുമുണ്ട്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഡി, ജി പിക്ക് നൽകിയ പരാതിയും മറ്റും ഇ.പി യുടെ നമ്പർ മാത്രമാണ്. പാർട്ടിയെ പരിഹസിക്കുകയാണ് ഇതിലൂടെ ഇ.പി ചെയ്തത്. ആത്മകഥക്ക് പിന്നിലെ കഥ ഇന്റലിജൻസിനെ ഉപയോഗിച്ച് പിണറായി കണ്ടെത്തികഴിഞ്ഞു. എന്നാൽ ഇതെല്ലാം പുല്ല് എന്ന മട്ടിലാണ് ഇ.പി. നീങ്ങുന്നത്. കൃത്യമായി കണ്ടെത്തിയ കാര്യങ്ങൾ ശരിയല്ലെന്ന് ഇ.പി പറയുമ്പോൾ കണ്ണുതള്ളുകയാണ് പാർട്ടിയും സർക്കാരും . മുഹമ്മദ് റിയാസിനെ വഴിവിട്ട് സഹായിക്കുന്നതിനെതിരെ പിണറായിയെ എതിർക്കാൻ കാത്തിരിക്കുകയാണ് പല സി പി എം നേതാക്കളും. അവർ ഇപിക്ക് രഹസ്യ പിന്തുണ നൽകുന്നുണ്ട്. ഇന്നലെ വിവാദമുണ്ടായപ്പോൾ നിരവധി നേതാക്കൾ ഇ.പിയെ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചെന്നാണ് വിവരം. ഇ പിയെ പോലൊരാളെ തഴഞ്ഞ ശേഷം ഒരു ജൂനിയർ നേതാവിനെ ഉന്നത പദവിയിൽ എത്തിച്ചാൽ അത് പൊട്ടിത്തെറിയിലെത്താനാണ് സാധ്യത. റിയാസ് കേന്ദ്ര കമ്മറ്റിയിലെത്തിയാൽ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരിക്കും അദ്ദേഹം. ഇ.പിയെ ഒഴിവാക്കിയാൽ മാത്രമേ റിയാസിന് ഇടം നൽകാൻ കഴിയുകയുള്ളു. അങ്ങനെ ചെയ്താൽ ആത്മകഥ മാത്രമല്ല അതിനപ്പുറവും എഴുതി ഇ.പി പിണറായിയെ കുഴപ്പത്തിലാക്കും.
https://www.facebook.com/Malayalivartha