ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്... നടനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി
ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. നടനെ അഭിനന്ദിച്ചു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ചിത്രവും കുറിപ്പും പങ്കുവച്ചു. ''അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രന്‍സ് വിജയിച്ചു. ഇന്ദ്രന്‍സിനും ഒപ്പം വിജയിച്ച 1483 പേര്‍ക്കും അഭിനന്ദനങ്ങള്‍''- ശിവന്‍കുട്ടി പറഞ്ഞു. ഫലമറിയുമ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു താരം.
500ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്റെ വിജയം. 68-ാം വയസ്സിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്. കുട്ടിക്കാലത്ത് കുടുംബപ്രാരാബ്ധങ്ങള്‍ മൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇന്ദ്രന്‍സ് പിന്നീട് തയ്യല്‍ കടയില്‍ ജോലി തുടങ്ങുകയായിരുന്നു. തുടര്‍ന്നു സിനിമയിലെത്തി മികച്ച അഭിനേതാവെന്ന പേരെടുക്കുമ്പോഴും പാതിവഴിയില്‍ മുടങ്ങിയ പഠനവഴിയിലേക്കു വീണ്ടും മടക്കയാത്രയെന്ന മോഹം മനസ്സിലുണ്ടായിരുന്നു. ഇതോടെയാണു തുല്യതാ പരീക്ഷയെന്ന കടമ്പ ചാടിക്കടക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
'പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല. വല്യ പാടാ'ണെന്നും ഇന്ദ്രന്‍സ് പറയുന്നു. ഇംഗ്ലീഷും ഹിന്ദിയുമാണ് പേടി. കണക്കും സയന്‍സുമൊന്നും ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഴാം ക്ലാസ് തുല്യത പരീക്ഷയില്‍ ഏറ്റവും എളുപ്പം മലയാളമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍പം പേടിയോടെയാണ് ഏഴാംക്ലാസ് പരീക്ഷയെഴുതാന്‍ പോയതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. നാലാംക്ലാസില്‍ പഠനം നിര്‍ത്തിയെന്ന് ഇന്ദ്രന്‍സ് പറയുന്നുണ്ടെങ്കിലും വായന മുടക്കിയിരുന്നില്ല. ഇനി പത്താംക്ലാസ് പരീക്ഷയെഴുതുകയാണ് താരത്തിന്റെ ലക്ഷ്യം. അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും എഴുതാന്‍ തന്നെയാണ് തീരുമാനം. പത്താംതരം തുല്യതാ പരീക്ഷയെഴുതിയാല്‍ ഇന്ദ്രന്‍സിനെ സാക്ഷരതാ മിഷന്റെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്ന് ആലോചനകള്‍ നേരത്തെ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha