പറവൂര്‍ മേഖലയില്‍ എത്തിയത് കുറുവ സംഘമാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ്
പറവൂര്‍ മേഖലയില്‍ എത്തിയത് കുറുവ സംഘമാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ്. എന്നാല്‍ എല്ലാ ലക്ഷണങ്ങളും വിരല്‍ചൂണ്ടുന്നത് അവരിലേക്കുതന്നെയെന്നും പോലീസ് പറയുന്നു. ആലപ്പുഴ ജില്ലയില്‍ കുറുവ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ എത്തിയിട്ടുള്ളതും ഇവര്‍ തന്നെയാകാമെന്നു പൊലീസ് കരുതുന്നു. മുന്‍പു കുറുവ സംഘം ഉള്‍പ്പെട്ടിട്ടുള്ള സംഭവങ്ങളുമായുള്ള സാദൃശ്യമാണ് ഇപ്പോള്‍ എത്തിയത് തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കള്‍ തന്നെയാണെന്നു സംശയിക്കാന്‍ കാരണം. ഇവരുടെ വേഷവിധാനങ്ങളും മോഷണരീതിയുമെല്ലാം കുറുവ സംഘത്തോട് സാദൃശ്യമുള്ളതാണ്. കുറുവ സംഘവും വീടിന്റെ പിന്നിലെ വാതിലുകളാണ് ലക്ഷ്യം വയ്ക്കാറുള്ളത്. വടക്കന്‍ പറവൂരിലെത്തിയ സംഘവും പൊളിക്കാന്‍ ശ്രമിച്ചത് വീടിന്റെ പിന്‍വാതിലാണ്.
കുറുവ സംഘം സാധാരണ ചെയ്യാറുള്ളതുപോലെ ഷര്‍ട്ട് ധരിക്കാതെ, ദേഹത്ത് എണ്ണ തേച്ച രീതിയിലുള്ള മോഷ്ടാക്കളാണ് ഇവിടെ എത്തിയതും. പൊലീസിന്റെ കണക്കില്‍ 3 വീടുകളിലാണ് വെളുപ്പിനെ മോഷണം നടന്നതെങ്കിലും നാട്ടുകാര്‍ പറയുന്നത് പത്തോളം വീടുകളില്‍ കുറുവ മോഷണ സംഘം എത്തിയിരുന്നു എന്നാണ്. സ്ഥലത്ത് പെട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. വടക്കന്‍ പറവൂര്‍ തൂയിത്തറ പാലത്തിനു സമീപത്തുള്ള വീട്ടില്‍ മോഷ്ടാക്കള്‍ എത്തിയിരുന്നു. വാതിലില്‍ തട്ടുന്നതു പോലുള്ള ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് ലൈറ്റ് ഇട്ടപ്പോള്‍ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
2 വീടുകളില്‍ മോഷ്ടാക്കള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മറ്റൊരു വീട്ടിലും കൂടി മോഷ്ടാക്കള്‍ എത്തിയെന്നും പൊലീസ് ഉറപ്പിക്കുന്നു. എന്നാല്‍ പത്തോളം വീടുകളില്‍ ഇവര്‍ എത്തിയിരുന്നെന്നാണു പ്രദേശവാസികള്‍ ആവര്‍ത്തിക്കുന്നത്.
ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ഒന്നും മോഷ്ടിച്ചില്ല എന്നതു കണക്കിലെടുത്താണു വന്നതു കുറുവ സംഘമാണോ എന്ന് സ്ഥിരീകരിക്കുന്നതില്‍ പൊലീസ് സമയമെടുക്കുന്നത്. മോഷ്ടിക്കാനാണ് എത്തിയതെങ്കില്‍ എന്ത് അക്രമം നടത്തിയിട്ടാണെങ്കിലും അത് ചെയ്യുന്നവരാണ് കുറുവ സംഘം. ഇത്രയധികം വീടുകളില്‍ എത്തിയിട്ടും വെറും കയ്യോടെ മോഷ്ടാക്കള്‍ പോയതുകൊണ്ട് ഇത് കുറുവ സംഘമാകില്ലെന്നാണു ചിലര്‍ സംശയിക്കുന്നത്.
https://www.facebook.com/Malayalivartha