വായുമലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം...
വായുമലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഓഫീസുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്. ഇത് പ്രകാരം ഡല്‍ഹി നഗരസഭയുടെ ഓഫീസുകള്‍ രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയാകും പ്രവര്‍ത്തിക്കുക. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഓഫീസുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയുമാക്കി പുനഃക്രമീകരിച്ചിട്ടുണ്ട്.
ഓഫീസ് സമയത്ത് നിരത്തിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്. കനത്ത പുകമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞ നിലയിലാണ് ഡല്‍ഹിയിലെ കാലാവസ്ഥ. ഈ സാഹചര്യത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍.
വെള്ളിയാഴ്ചത്തെ വിവരങ്ങള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാരം എറ്റവും മോശം അവസ്ഥയായ 411 എന്ന നിലയിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടര്‍ച്ചയായി ഇതേ നിലയിലാണ് ഡല്‍ഹി കടന്നുപോകുന്നത്.
നേരത്തെ, രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം പരിധിവിട്ടതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. പ്രൈമറി സ്കൂളുകള്‍ (5ാം ക്ലാസ് വരെ)ക്ക് ക്ലാസുകള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈനിലേക്ക് മാറ്റുന്നതായി മുഖ്യമന്ത്രി അതിഷി അറിയിച്ചിരുന്നു.
എല്ലാ സര്‍ക്കാര്‍, സ്വകാര്യ, മുനിസിപ്പല്‍ കോര്പ്പറേഷന്, മുനിസിപ്പല്‍ കൗണ്‍സില്‍ സ്കൂളുകളുടെ മേധാവികളോടും അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഓഫ്ലൈന് ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായുമലിനീകരണം ഗുരുതരമായ നിലയിലേക്ക് ഉയര്‍ന്നതോടെ ഡല്‍ഹിയിലെ എയര്‍ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha