ശബരിമല റോപ്‌വേക്ക് വനഭൂമിക്ക് പകരം റവന്യു ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്
അയ്യപ്പദര്‍ശനത്തിന് കൊതിക്കാത്തവര്‍ ആരുണ്ട്. പ്രായാധിക്യത്താല്‍ മലകയറാന്‍ കവിയാതെ അയ്യനെ മനസില്‍ ധ്യാനിച്ച് കഴിയുന്നവര്‍. ശബരിമലയില്‍ റോപ്‌വേ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആശ്വാസം പ്രായമായവര്‍ക്കാണ്. ശബരിമല റോപ്‌വേക്ക് വനഭൂമിക്ക് പകരം റവന്യു ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. 4.5336 ഹെക്ടര്‍ വനഭൂമിക്ക് പകരം കൊല്ലം കുളത്തൂപുഴയില്‍ അത്ര തന്നെ ഭൂമി അനുവദിച്ചു. ആറ് മാസത്തിനകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് റോപ്പ് വേ ഓപ്പറേഷന്‍സ് മേധാവി ഉമാ നായര്‍ പറഞ്ഞു.
കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഒരു വനഭൂമി വിട്ടുനല്‍കണമെങ്കില്‍ അതിന് പരിഹാരവനവത്ക്കരണത്തിനായി തുല്യമായ ഭൂമി വനംവകുപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്ത് നല്‍കണം. ഇതിന്റെ തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ കൊല്ലം ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പമ്പ ഹില്‍ടോപ്പില്‍ നിന്ന് സന്നിധാനം പോലീസ് ബാരക്കിനടുത്തേക്ക് 250 കോടി ചെലവില്‍ നിര്‍മിക്കുന്ന റോപ്‌വേക്ക് ഈ തീര്‍ത്ഥാടന കാലത്തുതന്നെ തറക്കല്ലിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവശ്യസാധനങ്ങളും അത്യാഹിതത്തില്‍ പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിര്‍മിക്കുന്നത്. 2.7 കിലോമീറ്ററാണ് നീളം. 10 മിനിറ്റില്‍ പമ്പയില്‍നിന്ന് സന്നിധാനത്തെത്താം. പുതുക്കിയ രൂപരേഖയില്‍ തൂണുകളുടെ എണ്ണം ഏഴില്‍നിന്ന് അഞ്ചായും മുറിക്കേണ്ട മരങ്ങളുടെ എണ്ണം 300ല്‍നിന്ന് 80 ആയി കുറഞ്ഞതായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
'പകരം ഭൂമി നല്‍കുന്ന പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞു. ഇനി ഇപ്പോള്‍ പകരം ഭൂമി നല്‍കുന്നതിന്റെ കടലാസ്സുകള്‍ ശരിയായി കഴിഞ്ഞാല്‍ ഫൈനല്‍ ക്ലിയറന്‍സിന് വനംവകുപ്പ് അപേക്ഷ നല്‍കും. അത് ലഭിക്കുന്ന മുറയ്ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകും. നിര്‍മാണപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. നാല് മുതല്‍ ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. നിര്‍മാണക്കാലയളവ് 24 മാസമായിരിക്കും. മഴയുള്ള സമയത്തും നട തുറന്നിരിക്കുന്ന കാലത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകും', റോപ്പ് വേ ഓപ്പറേഷന്‍സ് മേധാവി ഉമാ നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha