പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
പാമോലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മുഖ്യമന്ത്രിയെ കുറ്റ വിമുക്തമാക്കണമെന്ന റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. പാമോലിന്‍ കേസ് സര്‍ക്കാര്‍ പിന്‍വലിക്കാനിരിക്കെയാണ് വി.എസിന്റെ ഈ നീക്കം.
1991ലെ കരുണാകരന്‍ മന്ത്രിസഭ 15,000 മെട്രിക് ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്. അന്വേഷണം നടത്തിയ വിജിലന്‍സ്, 1996ല്‍ കേസ് രജിസ്ടര്‍ ചെയ്തു. പാമോലിന്‍ ഇറക്കുമതി ചെയ്തതിലൂടെ 2.31 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് രജിസ്ടര്‍ ചെയ്തത്.
മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ ഒന്നാം പ്രതിയും അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ കേസില്‍ രണ്ടാം പ്രതിയുമായിരുന്നു. പാമോലിന്‍ ഇറക്കുമതി ചെയ്ത സമയത്തെ സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍ അടക്കം ഏഴ് പേരായിരുന്നു കേസിലെ ആകെ പ്രതികള്‍.
ഡിസംബര്‍ 2010 ല്‍ കെ. കരുണാകരന്റെ മരണശേഷം സുപ്രീം കോടതി അദ്ദേഹത്തിനെതിരായുള്ള നടപടിക്രമങ്ങള്‍ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കേസ് കോടതിയില്‍ നടക്കുന്നതിനിടെ 2005ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നുവെങ്കിലും തുടര്‍ന്ന് വന്ന വിഎസ് സര്‍ക്കാര്‍ ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha