ഉത്തരം പറയേണ്ടി വരും... പടിയിറങ്ങും മുമ്പ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമം നടന്നതായി ജോ ബൈഡനെതിരെ ട്രംപ് ജൂനിയര്‍; വിവാദം പൊടി പൊടിക്കുന്നു
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ഗുരുതര ആരോപണവുമായി ട്രംപ് ജൂനിയര്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകനായ ട്രംപ് ജൂനിയര്‍ പറഞ്ഞു. ബൈഡന്‍ ഭരണകൂടം യുക്രൈന് അടുത്തിടെ നല്‍കിയ സഹായം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ജൂനിയറിന്റെ ആരോപണം.
റഷ്യയെ ലക്ഷ്യമിട്ട് അമേരിക്ക നല്‍കുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രേനിയന്‍ സൈന്യത്തിന് അനുമതി നല്‍കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപ് ജൂനിയറിന്റെ പ്രതികരണം. നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്ന ജനുവരി 20നാണ് ബൈഡന്റെ കാലാവധി അവസാനിക്കുന്നത്.
ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് യുഎസ് നീക്കിയത്. റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ യുഎസ് നയത്തിലുണ്ടാകുന്ന സുപ്രധാന മാറ്റമാണ് ദീര്‍ഘദൂര മിസൈലുകള്‍ക്കുള്ള വിലക്ക് നീക്കിക്കൊണ്ട് ബൈഡനെടുത്ത തീരുമാനം. യുദ്ധമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ബൈഡന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
വിലക്ക് നീക്കയിതിന് പിന്നാലെ ആദ്യഘട്ടമായി പശ്ചിമ റഷ്യയിലെ കസ്‌ക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍ - ഉത്തര കൊറിയന്‍ സംയുക്ത സേനയ്‌ക്കെതിരെയാകും യുക്രൈന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ തീരുമാനം സംബന്ധിച്ച് വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളുണ്ടായിട്ടില്ല. എന്നാല്‍ വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയുടെ പ്രതികരണം.
മാധ്യമങ്ങളിലെ ചര്‍ച്ച ഉചിതമായ നടപടി സ്വീകരിക്കാന്‍ അനുമതി ലഭിച്ചെന്നാണ്, വാക്കുകള്‍ കൊണ്ടല്ല പോരാട്ടം നടക്കേണ്ടത്. അതിനാല്‍ അത്തരം കാര്യങ്ങളൊന്നും പ്രഖ്യാപിക്കുന്നില്ല, മറുപടി മിസൈലുകള്‍ പറയുമെന്നുമായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. വരും ദിവസങ്ങളില്‍ ആദ്യത്തെ ദീര്‍ഘദൂര ആക്രമണം നടത്താന്‍ യുക്രൈന്‍ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. 190 മൈല്‍ (306 കിലോമീറ്റര്‍) വരെ ദൂരപരിധിയുള്ള റോക്കറ്റുകള്‍ ഉപയോഗിച്ചായിരിക്കും റഷ്യക്ക് മേല്‍ യുക്രൈന്‍ സ്‌ട്രൈക്ക് നടത്തുക.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് നേടിയ അപ്രതീക്ഷിത വിജയം ഏവരെയും അദ്ഭുതപ്പെടുത്തി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവില്‍ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ തകര്‍ത്തു തരിപ്പണമാക്കിയാണ് ട്രംപ് വെന്നിക്കൊടി പാറിച്ചത്. നേരത്തേ 2017 മുതല്‍ 2021 വരെ പ്രസിഡന്റായിരുന്ന ട്രംപിന്റെ ഭരണകാലം ഓര്‍മിക്കുന്നവര്‍ക്കെല്ലാം ഈ വിജയം ആശ്ചര്യകരമായി തോന്നാതിരിക്കില്ല.
സ്ഥിരതയും തുടര്‍ച്ചയുമില്ലാത്ത നയങ്ങളും തീരുമാനങ്ങളുമായിരുന്നു ട്രംപിന്റെ ഒന്നാമൂഴത്തെ വ്യത്യസ്തമാക്കിയത്. 2020 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ട ശേഷം അദ്ദേഹം കാട്ടിക്കൂട്ടിയ വിക്രിയകളും കേട്ടുകേള്‍വിയില്ലാത്തതായിരുന്നു. മറ്റ് ഏതൊരു രാജ്യത്തായാലും അത്തരമൊരാള്‍ വീണ്ടും മത്സരിക്കാന്‍ കഴിയാത്ത വിധം അയോഗ്യനാക്കപ്പെടുമായിരുന്നു. അന്ന് ക്യാപ്പിറ്റോളില്‍ അനുയായികളെ കലാപത്തിനു പ്രേരിപ്പിച്ചതിനു പുറമേ മറ്റു ചില ക്രിമിനല്‍ കേസുകളില്‍ കൂടി അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തി. അത്തരം ഒരാള്‍ വീണ്ടും മത്സരത്തിന് ഒരുമ്പെട്ടാല്‍ മറ്റ് ഏതൊരു ജനാധിപത്യ രാജ്യത്തായാലും പരാജയം ഉറപ്പായിരുന്നു.
യുഎസ് ജനത പക്ഷേ, ട്രംപ് തന്നെ മതിയെന്നു തീരുമാനിച്ചു. അദ്ദേഹത്തിന്റെ എതിരാളിക്ക് ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ചെയ്യുന്നതില്‍ കൂടുതലായി ഒന്നും വാഗ്ദാനം ചെയ്യാന്‍ പോലും കഴിയാത്തതാണ് വോട്ടര്‍മാരെ ആ വിധം ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. ബൈഡന്റെ നയങ്ങള്‍ തുടരുമെന്ന കമലയുടെ പ്രഖ്യാപനം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കിനെപ്പോലും നിരാശപ്പെടുത്തിയെന്നാണ് ഫലം വ്യക്തമാക്കുന്നത്.
"
https://www.facebook.com/Malayalivartha