പാലക്കാട് ഉപ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പ് അട്ടിമറി നീക്കം നടത്തി പിണറായിയെ മുട്ടുകുത്തിക്കാനുള്ള ലീഗിന്റെ ശ്രമങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നു തന്നെ പിന്തുണയുണ്ടോയെന്ന് സി പി എം സംശയം
വിചിത്രമായ ഒരു സംശയത്തിലാണ് പിണറായി സര്‍ക്കാര്‍. സ്വന്തം മന്ത്രിസഭയിലെ ഒരു അംഗത്തെ കുറിച്ചാണ് സര്‍ക്കാരിന് സംശയം.
ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹ്മാനും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ. സക്കീറും ചേര്‍ന്ന് സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കാന്‍ ശ്രമിക്കുകയാണോ എന്ന സംശയത്തിലാണ് സി.പി.എമ്മും സര്‍ക്കാരും .
സി പി എം നേതാവും മുന്‍ പി.എസ്. സി ചെയര്‍മാനുമായ എം.കെ. സക്കീര്‍ അധ്യക്ഷനായ വഖഫ് ബോര്‍ഡിന്റെ നീക്കങ്ങള്‍ അട്ടിമറിക്കാന്‍ മുസ്ലീം ലീഗും ബിഷപ്പുമാരും കൈ കോര്‍ത്തതോടെയാണ് കള്ളന്‍ കപ്പലില്‍ തന്നെയാണോ എന്ന സംശയം ഉണ്ടായിരിക്കുന്നത്. പാലക്കാട് ഉപ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പ് അട്ടിമറി നീക്കം നടത്തി പിണറായിയെ മുട്ടുകുത്തിക്കാനുള്ള ലീഗിന്റെ ശ്രമങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നു തന്നെ പിന്തുണയുണ്ടോ എന്നാണ് സി പി എം സംശയിക്കുന്നത്.. വഖഫ് വിഷയം കത്തിക്കാളുമ്പോള്‍ ന്യൂനപക്ഷ ക്ഷേമമന്ത്രി വി അബ്ദുറഹ്മാനെയും സി പി എം സംശയ നിഴലില്‍ നിര്‍ത്തുന്നു. ടി.കെ ഹംസയെ പോലെ പരിണിത പ്രജ്ഞനായ ഒരു നേതാവിനെ വഖഫ് ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മന്ത്രി അബ്ദുറഹ് മാന്‍ പറഞ്ഞയച്ചത് വഖഫ് വിഷയം വഷളാക്കാനാണെന്നും സി പി എമ്മിന് സംശയമുള്ളതായി മനസിലാക്കുന്നു. മുനമ്പം വഖഫ് വിഷയം ലീഗിനും ക്രൈസ്തവ സഭകള്‍ക്കും സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി എറിഞ്ഞു കൊടുത്തതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടോ എന്നും പാര്‍ട്ടി സംശയിക്കുന്നു. വഖഫ് വിഷയത്തില്‍ പി .കെ കുഞ്ഞാലിക്കുട്ടി കളിച്ച കളിയാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാരിനും സി പി എമ്മിനും മുന്നിലെ ഏറ്റവും വലിയ തലവേദനയായി തീര്‍ന്നിരിക്കുകയാണ് വഖഫ് വിഷയം. ഒരു മുന്‍ കോണ്‍ഗ്രസുകാരനാണ് മന്ത്രി വി. അബ്ദുറഹിമാന്‍.
മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കത്തില്‍ സമവായശ്രമവുമായി മുസ്ലിം ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തിയത് സര്‍ക്കാരിനെ ഞ്ഞെട്ടിച്ചു. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തി. അതിരൂപതയിലെ മറ്റ് ബിഷപ്പുമാരും മുനമ്പം സമരസമിതി അംഗങ്ങളും ചര്‍ച്ചയ്‌ക്കെത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ലീഗിന്റെ പുതിയ നീക്കം. മുനമ്പം ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ പരിഹാരം കാണാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ മുസ്ലിം ലീഗ് അത്തരം ചര്‍ച്ചകളിലേക്ക് കടക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ലീഗ് നേതാക്കള്‍ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് നേരിട്ടെത്തിയത്. അതിരൂപതയുടെ കീഴിലാണ് മുനമ്പം പ്രദേശം. മുനമ്പത്തെ പള്ളിയങ്കണത്തിലാണ് സമരപ്പന്തലും.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിനു ശേഷം 22നാണ് സംസ്ഥാന സര്‍ക്കാര്‍ മുനമ്പം വിഷയം ചര്‍ച്ചചെയ്യുന്നതിനുള്ള ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. വിഷയത്തിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും സര്‍ക്കാര്‍ പ്രായോഗിക പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പി.രാജീവ് ഇന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇനി യോഗത്തിനൊന്നും ഒരു പ്രസക്തിയുമില്ല.
സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാനുഷിക പ്രശ്നമാണ്. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകണം. മുനമ്പം പ്രശ്നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അതിനാലാണ്, സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. രമ്യമായി വിഷയം പരിഹരിക്കാന്‍ ഫാറൂഖ് കോളേജും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ കാര്യങ്ങള്‍ സര്‍ക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ ഇക്കാര്യത്തില്‍ യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
മെത്രാന്‍ സമിതിയിലെ 16 മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തതായി ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അറിയിച്ചു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുവേണ്ടി സര്‍ക്കാരിന്റെയടുത്ത് കാര്യങ്ങള്‍ പറയാമെന്ന് ഇവര്‍ വ്യക്തമാക്കി. ഇക്കാര്യം പരിഹരിക്കാമെന്ന് ഇരുവര്‍ക്കും വിശ്വാസമുണ്ട്. ഇരുവരും വന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. മതമൈത്രിയാണ് ഇവിടെ നിലനിര്‍ത്തിപോകേണ്ടത്. 600-ലധികം കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം സര്‍ക്കാരിനെ ഞ്ഞെട്ടിച്ചതോടെയാണ് എം.വി. ഗോവിന്ദനും പിണറായി വിജയനുമൊക്കെ സാദിഖലി തങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.
സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം പാര്‍ട്ടി നിലപാടു തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു . പാലക്കാട് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ജമാഅത്തൈ ഇസ്ലാമിയും എസ്.ഡി.പി.ഐയും യുഡിഎഫുമായി ചേര്‍ന്ന് ഇടതുപക്ഷ വിരുദ്ധ പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സാദിഖലി തങ്ങളെ കുറിച്ച് പിണറായി വിജയന്‍ പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
'ജമാഅത്തൈ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ആശയ തടങ്കലിലാണ് മുസ്ലീംലീഗ്. സാദിഖലി തങ്ങള്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റാണ് എന്നര്‍ഥം. ആ പ്രസിഡന്റിനെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. എന്നാല്‍ ലീഗില്‍ പോലും വലിയ പ്രസക്തിയൊന്നും ഇല്ലാത്ത ആള്‍ക്കാര്‍ ഒരുപടികൂടി കടന്നു സംസാരിക്കുകയാണ്. എന്തും പറയാന്‍ യാതൊരു ഉളുപ്പും ഇല്ലാത്ത പ്രചരണ കോലാഹലമാണ് ഇവര്‍ ഉണ്ടാക്കുന്നത്.
മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമാണ് പറഞ്ഞത്. ഞങ്ങള്‍ കൃത്യമായ രാഷ്ട്രീയ വിമര്‍ശനമാണ് ഉന്നയിച്ചത്. അതിനെ ഉടനെ മതപരമായ വികാരം രൂപപ്പെടുത്താനുള്ള വര്‍ഗീയ അജണ്ടയായി ചിലര്‍ കൈകാര്യം ചെയ്തു. അപ്പോഴും മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശദീകരണമാണ് ലീഗ് നേതൃത്വം നല്‍കുന്നത്. ജമാഅത്തൈ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും തടങ്കല്‍ പാളയത്തിലാണ് ലീഗ്. മതവികാരം ആളിക്കത്തിക്കാന്‍ മുസ്ലീം ലീഗ് ജമാഅത്തൈ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ഒപ്പം ചേര്‍ന്ന് നടത്തുന്ന ഈ പ്രവര്‍ത്തനം തിരിച്ചറിയണം.
പച്ചയായ വര്‍ഗീയത മുഖമുദ്രയായി മാറുകയും തങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണെന്ന പരസ്യമായി നിലപാട് സ്വീകരിക്കുന്ന വിഭാഗമായി ജമാഅത്തെ ഇസ്ലാമി മാറി. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഒരു ഭാഗത്ത് ആര്‍എസ്എസിന്റെ കൗണ്ടര്‍ പാര്‍ടാണ് ജമാഅത്തൈ ഇസ്ലാമി. അതുകൊണ്ടാണ് ഞങ്ങള്‍ ജമാഅത്തൈ ഇസ്ലമിയെ എതിര്‍ക്കുന്നത്. ഇനിയും എതിര്‍ക്കും. ഇത് പാര്‍ട്ടിയുടെ നിലപാടാണ്', എം.വി ഗോവിന്ദന്‍ പറഞ്ഞു.
പാലക്കാട് ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞടുപ്പുകളാണ് സര്‍ക്കാരിന് പുതിയ വൈതരണിയായി മാറിയത്. മുനമ്പം ഇത്തരത്തില്‍ വളര്‍ന്നു വികസിക്കുമെന്ന് സര്‍ക്കാര്‍ കരുതിയതേയില്ല. ആര്‍ക്കും പരിഹരിക്കാന്‍ കഴിയാത്ത വിഷയമായി മുനമ്പം മാറിയിരിക്കുന്നു. ഒടുവില്‍ എല്ലാം കൈവിട്ട ശേഷമാണ് ഒരു സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.അപ്പോഴാകട്ടെ അതിന്റെ നേട്ടം ആണുങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. ഇനിയിപ്പോള്‍ യോഗം എന്തിനെന്ന് വരെ സര്‍ക്കാര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കൃത്യ സമയത്ത് കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇത്തരത്തില്‍ കോടാലയായത്.
അബ്ദുള്‍ റഹ്മാന് ലീഗ് നേതാക്കളുമായുള്ള ബന്ധമാണ് സര്‍ക്കാരിനെ കുഴയ്ക്കുന്നത്. ലീഗുമായി വളരെ മികച്ച ബന്ധമാണ് മന്ത്രിക്കുള്ളത്.കോണ്‍ഗ്രസുകാരനായിരുന്ന മന്ത്രി ജയിക്കുന്നതും ലീഗിന്റെ സഹായത്തോടെയാണെന്ന് സി പി എം കരുതുന്നു. .ലീഗ് വിചാരിക്കാതെ ജയിക്കാന്‍കഴിയുന്ന സ്ഥലമല്ല താനൂര്‍.തോല്‍പ്പിച്ചത് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ ആണെങ്കിലും അബ്ദുറഹ്മാന്റെ വിജയത്തിന്റെ മധുരം ലീഗിന് കൂടി അവകാശപ്പെട്ടതാണ്. സര്‍ക്കാരിന്റെ അതീവരഹസ്യ നീക്കങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്ന സംശയത്തിലാണ് പിണറായി.
കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വിചാരിച്ചാല്‍ തീരാവുന്ന വിഷയം മാത്രമാണ് മുനമ്പത്തുള്ളത്. വഖഫ് ഭൂമിയല്ലെന്ന് ഒരു തീരുമാനം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ ജനങ്ങള്‍ അംഗീകരിക്കും. കാരണം ലീഗാണ് മുസ്ലീം വിശ്വാസികളെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷി. മുസ്ലീങ്ങള്‍ വേണ്ടെന്നുപറയുകയും വഖഫ് ബോര്‍ഡ് വേണമെന്ന് പറയുകയും ചെയ്താല്‍ ഉത്തരവാദിത്തം സര്‍ക്കാരിനാവും. ടി.കെ. ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നെങ്കില്‍ ഇത്രയും ഗുരുതരമായ ഒരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ചുരുക്കത്തില്‍ ബി ജെ പിയുടെ കോര്‍ട്ടിലേക്ക് പന്ത് എറിഞ്ഞു നല്‍കിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.
മുനമ്പം ചെറായി ഭാഗത്തെ നിര്‍ദ്ധനരായ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്ന ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം കടുത്ത അനീതിയാണ്.
വഖഫ് ബോര്‍ഡിന്റെ പരിധിയില്ലാത്ത അധികാരങ്ങള്‍ തടയാനും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഇല്ലാതാക്കാനും കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വരുന്ന വഖഫ് ഭേദഗതി ബില്‍ സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സ്വാഗതം ചെയ്തത് സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്താണ്.
രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്ന വഖഫ് സംവിധാനങ്ങള്‍ ഏതു നിയമത്തിന്റെ പേരിലായാലും തിരുത്തപ്പെടണം .ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം ഇവിടെ സംഭവിക്കാന്‍ പാടില്ല. മുനമ്പം ചെറായി ഭാഗത്ത് സംഭവിക്കുന്നതുപോലുള്ള നീക്കങ്ങള്‍ രാജ്യത്ത് ഒരിടത്തും ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത് .
വഖഫ് അവകാശങ്ങള്‍ വേട്ടയാടുന്ന മുനമ്പം
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ കരയുടെ വടക്ക് കടലിനോട് ചേര്‍ന്ന് മുനമ്പം, ചെറായി, പള്ളിക്കല്‍ ദ്വീപ് മേഖലയില്‍ 1989 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുള്‍പ്പെട്ട 600ല്‍പ്പരം കുടുംബങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തിന് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ട് അഞ്ചു വര്‍ഷത്തോളമായി. വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയില്‍ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍. കേട്ടുകേള്‍വിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകള്‍ നിയമാനുസൃതം ആര്‍ജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
വഖഫ് ബോര്‍ഡ് അവകാശവാദങ്ങള്‍ ഉയര്‍ത്തി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ചെറായി, മുനമ്പം, പള്ളിക്കല്‍ പ്രദേശത്തെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം ആരംഭിക്കുന്നത് 1902ലാണ്. അക്കാലത്ത് തിരുവിതാംകൂര്‍ രാജാവ്, ഗുജറാത്തില്‍ നിന്ന് കേരളത്തിലെത്തിയ അബ്ദുല്‍ സത്താര്‍ മൂസ ഹാജി സേട്ടിന് 404 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളക്കെട്ടും കൃഷി ആവശ്യത്തിനായി പാട്ടത്തിന് കൊടുക്കുകയുണ്ടായി. അക്കാലത്തിനും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രദേശവാസികളായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമി ഒഴിവാക്കിയായിരുന്നു പാട്ടം നല്‍കിയത്. ഇതാണ് ഇപ്പോള്‍ വഖഫ് ഭൂമിയാണെന്ന് അവകാശം ഉന്നയിച്ചിരിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റെന്ന് ബോധ്യമുള്ള ഒരു കാര്യത്തില്‍ വഖഫ് ബോര്‍ഡിന് എന്താണിത്ര താല്‍പര്യം എന്നാണ് സര്‍ക്കാരിനും സംശയം. ഇതാണ് സര്‍ക്കാരിനെ കുഴയ്ക്കുന്നത്. അതു കൊണ്ടാണ് ന്യായമായ ചില സംശയങ്ങളിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha