വിജയലക്ഷ്മിയുടെ കൊലപാതകം... മൃതദേഹം കുഴിച്ചിട്ട് അവിടെ മൂന്നു തെങ്ങിന്‍ തൈകള്‍ വച്ച ശേഷമാണ് ജയചന്ദ്രന്‍ കരുനാഗപ്പള്ളിയിലേക്ക് മടങ്ങിയത്
അമ്പലപ്പുഴയില്‍ കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ കൊലപാതകം മൃതദേഹം കണ്ടെത്തിയതോടെ രണ്ടാഴ്ച നീണ്ട ദുരൂഹതയ്ക്ക് അവസാനമായി. നവംബര്‍ നാലിനാണ് വിജയലക്ഷ്മി അമ്പലപ്പുഴയില്‍ എത്തിയത്. ആറാം തീയതി മുതല്‍ വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ എറണാകുളം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസില്‍നിന്ന് ലഭിച്ച ഫോണാണ് വിജയലക്ഷ്മിയുടെ തിരോധാനത്തിന്റെ ചുരുളഴിച്ചത്.
ഫോണ്‍ ലഭിച്ച കണ്ടക്ടര്‍ അതു പൊലീസിനു കൈമാറി. ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മില്‍ അയച്ച സന്ദേശങ്ങള്‍ അതില്‍നിന്നു പൊലീസിനു കിട്ടി. ഇതോടെ, വിജയലക്ഷ്മി അവസാനമായി സംസാരിച്ചത് ജയചന്ദ്രനുമായാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ ജയചന്ദ്രനെ തേടി പൊലീസ് അമ്പലപ്പുഴയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. മീന്‍ പിടിക്കാന്‍ ഈ സമയം ജയചന്ദ്രന്‍ കടലില്‍ പോയിരുന്നു. കടലില്‍ പോയാല്‍ ഒരാഴ്ചയോളം കഴിഞ്ഞേ ജയചന്ദ്രന്‍ തിരിച്ചെത്തൂ എന്നാണ് ഭാര്യ സുനിമോള്‍ പറഞ്ഞത്. എന്നാല്‍ നിര്‍ണായകമായ ചില വിവരങ്ങള്‍ സുനിമോളില്‍നിന്ന് ഇതിനിടെ പൊലീസിനു ലഭിച്ചിരുന്നു.
വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിലുള്ള ബന്ധം സുനിമോള്‍ക്കറിയാമെന്നു പൊലീസ് മനസ്സിലാക്കി. മത്സ്യവില്‍പന നടത്തുന്ന വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കരുനാഗപ്പള്ളിയില്‍ വച്ചാണ് പരിചയപ്പെട്ടത്. അതു പിന്നീട് സൗഹൃദമായി. ഇതു മനസ്സിലാക്കിയ സുനിമോള്‍ വിജയലക്ഷ്മിയെ കാണാന്‍ കരുനാഗപ്പള്ളിയിലെത്തി. തന്നെ ജയചന്ദ്രന്‍ സ്‌നേഹിക്കുന്നുവെന്നും ഓച്ചിറ ക്ഷേത്രത്തില്‍ വച്ച് സ്ഥിരമായി കണ്ടിരുന്നുവെന്നും പണം നല്‍കിയിരുന്നുവെന്നും വിജയലക്ഷ്മി സുനിമോളോട് പറഞ്ഞിരുന്നു.
വീട്ടുജോലി നോക്കിയിരുന്ന സുനിമോളും വിദ്യാര്‍ഥിയായ മകനും വീട്ടില്‍ ഇല്ലാത്ത ദിവസമാണ് വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം കരൂരിലെ വീട്ടിലെത്തി. ഇവിടെ വച്ച് വെട്ടുകത്തി കൊണ്ടു തലയ്ക്കടിച്ച് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തുകയായിരുന്നു. വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും അതിനെപ്പറ്റി ജയചന്ദ്രനുമായി തര്‍ക്കമുണ്ടായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും വിജയലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങളും ജയചന്ദ്രന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി.
മൃതദേഹം വീടിനു പിന്നിലെ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. വീട്ടില്‍ നിന്ന് 5 മീറ്റര്‍ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. അതേസമയം ജനസാന്ദ്രതയേറിയ പ്രദേശത്ത് ആരും കാണാതെ ജയചന്ദ്രന്‍ മൃതേദേഹം എങ്ങനെ കുഴിച്ചിട്ടു എന്നതും പൊലീസ് പരിശോധിക്കുകയാണ്. കുഴിയെടുക്കുന്ന സമയത്തോ മൃതദേഹം മറവു ചെയ്യുന്ന സമയത്തോ ആരും കണ്ടില്ലെന്നതും പൊലീസിനെ അദ്ഭുതപ്പെടുത്തുന്നുണ്ട്.
മൃതദേഹം കുഴിച്ചിട്ട് അവിടെ മൂന്നു തെങ്ങിന്‍ തൈകള്‍ വച്ച ശേഷമാണ് ജയചന്ദ്രന്‍ കരുനാഗപ്പള്ളിയിലേക്ക് മടങ്ങിയത്. ഇതിനിടെ വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് പതിവു പോലെ മീന്‍ പിടിക്കാനായി ബോട്ടില്‍ കടലിലേക്കു പോയി. തിരിച്ചെത്തിയപ്പോള്‍ കരുനാഗപ്പള്ളിയില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ചോദ്യം ചെയ്യലില്‍, താന്‍ ദൃശ്യം സിനിമ കണ്ടിരുന്നുവെന്നും ജയചന്ദ്രന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ജയചന്ദ്രന്‍ കരൂരിലെ വീട്ടിലേക്ക് താമസം മാറിയത്. ഇവിടെ ജയചന്ദ്രന്‍ നാട്ടുകാരുമായി അധികം സംസാരിച്ചിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കുമാറ്റി.
https://www.facebook.com/Malayalivartha