വൈദ്യുതി ബില്ലടയ്ക്കാന്‍ പറഞ്ഞതിന് ഉദ്യോഗസ്ഥന് ഉടമയുടെ മര്‍ദ്ദനം
മലപ്പുറത്ത് വൈദ്യുതി ബില്ലടയ്ക്കാന്‍ ഫോണ്‍ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫിസില്‍ എത്തി മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫിസിലെ ലൈന്മാന് കാപ്പില്‍ സി.സുനില്‍ ബാബുവിനാണ് (39) മര്‍ദനമേറ്റത്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയെ പ്രവേശിപ്പിച്ചു ചികിത്സ നല്കി. അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് പള്ളിക്കുന്ന് തച്ചു പറമ്പന്‍ സക്കറിയ സാദിഖിനെ (48) പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സുനില്‍ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദനമേറ്റു.
തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ വെട്ടുകത്തിയുമായി ഓഫിസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. രാവിലെ പത്തിനാണു സംഭവം. വൈദ്യുതി ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്.
പ്രകോപിതനായി കെഎസ്ഇബി ഓഫിസില്‍ എത്തിയ സക്കറിയ സാദിഖ്, ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പുറകില്നിന്നും പിടിച്ചു തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. തടയാന്‍ ചെന്ന മറ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഓഫിസിലെ ബെഞ്ചിന്റെ അരികിലൂടെ ഉദ്യോഗസ്ഥര്‍ ഓടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha