സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം
സജി ചെറിയാന്‍ വിഷയ്യില്‍ പിണറായി വിജയനോട് ഇടഞ്ഞ് സിപിഐ. ഭരണ ഘടനയെ തള്ളി പറഞ്ഞെന്ന് ആരോപണമുള്ള മന്ത്രി എങ്ങനെ മന്ത്രിസഭയില്‍ തുടരുമെന്നാണ് ഉയരുന്ന ചോദ്യം. ഇത് തന്നെയാണ് സിപിഐയ്ക്കുമുള്ളത്. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കും. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ ശേഷം നടപടികളുണ്ടായിട്ട് കാര്യമില്ലെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.
നേരത്തെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ താന്‍ രാജിവയ്ക്കുന്നുവെന്ന് പറഞ്ഞ വ്യക്തിയാണ് സജി ചെറിയാന്‍. രാജിവച്ച ശേഷം അന്വേഷണം നടന്നു. കുറ്റമുക്തനായി. എന്നാല്‍ ഈ കുറ്റമുക്തിയിലാണ് ഹൈക്കോടതി സംശയം ഉന്നയിക്കുന്നത്. ഇതോടെ വീണ്ടും അന്വേഷണം എത്തുന്നു. എന്നാല്‍ പുനരന്വേഷണം ആയതിനാല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സജി ചെറിയാന്‍ പറയുന്നത്. എന്നാല്‍ മന്ത്രി അല്ലാതിരുന്നപ്പോള്‍ പോലും സത്യസന്ധമായ അന്വേഷണം നടന്നില്ല. ഈ സാഹചര്യത്തില്‍ മന്ത്രിയായിരിക്കുമ്പോള്‍ എങ്ങനെ പോലീസിന് ഈ കേസ് നല്ല രീതിയില്‍ കൈകാര്യം ചെയ്യാനാകുമെന്ന ചോദ്യമാണ് ഉയരുന്നത്. അതിനാല്‍ രാജി വച്ച് അന്വേഷണത്തിന് വഴിയൊരുക്കണമെന്നാണ് സിപിഐയുടെ നിലപാട്. അതിനിടെ എല്ലാ വശവും നോക്കി തീരുമാനം എടുക്കുമെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ വിശദീകരിച്ചു കഴിഞ്ഞു. സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ പോലെ രാജി അനിവാര്യമെന്ന നിലപാട് തന്നെയാണ് സിപിഎം സെക്രട്ടറി എംവി ഗോവിന്ദനുമുള്ളത്. സിപിഎം സെക്രട്ടറിയേറ്റ് ഈ വിഷയം ചര്‍ച്ചയാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിയ്ക്ക് അനുകൂലമല്ലെന്നും സൂചനകളുണ്ട്. അതുകൊണ്ട് തന്നെ സെക്രട്ടറിയേറ്റ് യോഗം നിര്‍ണ്ണായകമാകും.
ഗുരുതര പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തുന്നത്. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തില്‍ അവിടെ ഉണ്ടായിരുന്നവരുടേതല്ലാതെ മറ്റൊരാളുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പെന്‍ഡ്രൈവ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. അതിന്റെയെല്ലാം ഫലം വരുന്നതിന് മുമ്പാണ് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവയെല്ലാെം ചൂണ്ടികാട്ടിയാണ് അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. മന്ത്രിയെ രക്ഷിച്ചെടുക്കാന്‍ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നും കോടതി പറയുന്നു. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കം തിരിച്ചടിയാകുമോ എന്ന് സര്‍ക്കാരും സിപിഎമ്മും പരിശോധിക്കും. അതിന് ശേഷം സജി ചെറിയാന്‍ വിഷയത്തില്‍ ഉചിതമായ തീരുമാനമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഒരിക്കല്‍ രാജിവച്ചു. പിന്നീട് കീഴ് കോടതി വിധിയിലൂടെ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി. ഇനി ഇത്തരമൊരു സാഹചര്യം ഉണ്ടാക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതുകൊണ്ട് കൂടിയാണ് കാത്തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം.
https://www.facebook.com/Malayalivartha