തോല്‍ക്കുന്നവരുടെ വിധി... കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; ശുഭ പ്രതീക്ഷയില്‍ മുന്നണികളെങ്കിലും തോല്‍വിയും ഭയക്കുന്നുണ്ട്
കേരള രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക.
10 മണിയോടെ വിജയികള്‍ ആരെന്നതില്‍ വ്യക്തതയുണ്ടാകും. ഭരണവിരുദ്ധ വികാരമുണ്ടെന്ന് വിശ്വസിക്കുന്ന യുഡിഎഫ്, സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. പോളിങ് കുറഞ്ഞ വയനാട്ടില്‍ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാലും പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്ര എന്നതില്‍ മാത്രമാണ് ആകാംക്ഷ.
ചേലക്കര നിലനിര്‍ത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പാലക്കാട് സി. കൃഷ്ണകുമാറിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. തങ്ങളുടെ വോട്ടുകളെല്ലാം കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്നാണ് മുന്നണികളുടെ കണക്കുനിരത്തിയുള്ള അവകാശവാദം.
മൂന്ന് ഉപതെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ സിപിഎമ്മിന്റെയും, സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. ഇടതു മുന്നണി യോഗവും ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റികളുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലുകള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടാകും. ചേലക്കരയില്‍ വിജയം സിപിഎം ഉറപ്പിക്കുന്നു. പാലക്കാട് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തിയാലും അത് ഗുണമാകുമെന്നാണ് വിലയിരുത്തല്‍. ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാനെതിരെ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. വയനാട് വിജയപ്രതീക്ഷയില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിയുമെന്നാണ് സിപിഐ വിലയിരുത്തല്‍. ഇന്നത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം കിട്ടാത്തതിലെ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാന്‍ ഇടതുമുന്നണി യോഗം ഇന്ന് ഉച്ചക്ക് 12 മണിക്ക് എകെജി സെന്ററില്‍ ചേരും.
അതേസമയം ആത്മകഥാ വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍വച്ചാണ് മൊഴിയെടുത്തത്. പുസ്തക വിവാദം വിശദമായി അന്വേഷിക്കുന്നതിനായാണ് മൊഴിയെടുക്കുന്നത്.
ഉപതിരഞ്ഞെടുപ്പു ദിനത്തിലാണ് സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ 'കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരിലുള്ള പുസ്തക ഭാഗങ്ങള്‍ പുറത്തുവന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമെന്നു വരെ പുസ്തകത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ആത്മകഥാ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ജയരാജന്‍ അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിക്കു പരാതി നല്‍കി.
പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഇറക്കിയ എല്ലാ സമൂഹമാധ്യമ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്രസാധകര്‍ക്കു വക്കീല്‍ നോട്ടിസും അയച്ചു. ജയരാജന്റെ വിശദീകരണത്തില്‍ തൃപ്തിയുണ്ടെന്നും അന്വേഷണം ഇല്ലെന്നുമാണ് പാര്‍ട്ടി നിലപാട്.
അതേസമയം വിജയിച്ച് കഴിഞ്ഞാല്‍ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്റെ ഓഫീസിലേക്കായിരിക്കുമെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോക്ടര്‍ പി സരിന്‍.
അറുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും സരിന്‍ പറഞ്ഞു. കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍ പോകും. താനും സന്ദീപ് വാര്യരും പാര്‍ട്ടിവിട്ടത് ഒരുപോലെയല്ലെന്നും സന്ദീപ് പറഞ്ഞു.
പാലക്കാട്ടെ ഈ മുന്‍ എംഎല്‍എയില്‍ നിന്നാണല്ലോ ഞാന്‍ ഈ പുതിയ നിയോഗത്തിലേക്ക് എത്തിയത്. ഡിസിസി ഓഫീസിലും ലീഗിന്റെ ഓഫീസിലും പോകും. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവിടെയും പോകും. ഏറ്റവും പ്രധാനപ്പെട്ട നന്ദി പറയാന്‍ തിരുവനന്തപുരത്തേക്കും പോകണം. ഫലപ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ തുടരുന്നുണ്ടെങ്കില്‍ കന്റോണ്‍മെന്റ് ഹൗസിലേക്കും പോകുമെന്നും സരിന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha