പരിധി കൂട്ടണമെന്ന് ആവശ്യം... ശബരിമലയില്‍ തിരക്ക്; പതിനെട്ടാം പടി കയറാനായി തീര്‍ഥാടകരുടെ വലിയ നിര, 64,722 പേര്‍ ദര്‍ശനം നടത്തി; വെര്‍ച്വല്‍ ക്യൂ പരിധികൂട്ടിയില്ലെങ്കില്‍ ഒട്ടേറെ പേര്‍ക്ക് ദര്‍ശനം കിട്ടാതെ വരും
ശബരിമലയില്‍ തിരക്ക് കൂടുകയാണ്. അയ്യപ്പ ദര്‍ശനത്തിന്റെ പുണ്യം നുകരാന്‍ സന്നിധാനത്തേക്ക് തീര്‍ഥാടക പ്രവാഹം. വൈകിട്ട് 3ന് നട തുറന്നപ്പോള്‍ മുതല്‍ തീര്‍ഥാടകരുടെ തിരക്കാണ്. സന്നിധാനം വലിയ നടപ്പന്തല്‍ തിങ്ങി നിറഞ്ഞ് തീര്‍ഥാടകര്‍ പതിനെട്ടാംപടി കയറാനായി കാത്തു നില്‍ക്കുകയാണ്. മണ്ഡലകാല തീര്‍ഥാടനത്തിനായി നട തുറന്ന ശേഷമുള്ള വലിയ തിരക്കാണ് രാത്രി അനുഭവപ്പെട്ടത്.
വൈകിട്ട് 7 വരെയുള്ള കണക്ക് അനുസരിച്ച് 64,722 പേര്‍ ദര്‍ശനം നടത്തി. അതില്‍ 8028 പേര്‍ സ്‌പോട് ബുക്കിങ് എടുത്തവരാണ്. അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് നട അടയ്ക്കും വരെ വലിയ തിരക്കില്ലായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇന്നലെ വന്നവരില്‍ നല്ലൊരു ഭാഗവും. പമ്പ സന്നിധാനം പാതയില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉച്ചയ്ക്കു ശേഷം വനപാലകര്‍ മുറിച്ചു മാറ്റി. ഇതുകാരണം തീര്‍ഥാടകരെ കുറെ സമയം തടഞ്ഞു നിര്‍ത്തി. ഉച്ചയ്ക്കു ശേഷം നിലയ്ക്കല്‍ നിന്നു പമ്പയിലേക്ക് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് ബസുകളിലും തിരക്ക് അനുഭവപ്പെട്ടു.
പുല്ലുമേട് വഴി ശബരിമല ദര്‍ശനത്തിന് എത്തി വനത്തിനുള്ളില്‍ കുടുങ്ങിയ 3 തീര്‍ത്ഥാടകരെ സംയുക്ത സേന രക്ഷപ്പെടുത്തി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സന്നിധാനത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളിലായി വനത്തില്‍ കഴുതക്കുഴിക്ക് സമീപം കുടുങ്ങിപ്പോയ ചെന്നൈ ഏലൂര്‍ റാണിപ്പേട്ട് സ്വദേശികളായ വരുണ്‍ (20), കോടീശ്വരന്‍ (40), ലക്ഷ്മണന്‍ (50) എന്നിവരെയാണ് വനം വകുപ്പ്, എന്‍ഡിആര്‍എഫ്, പോലീസ് എന്നിവരുടെ സംയുക്ത സേന രക്ഷിച്ചത്.
പുല്ലുമേട് വഴിയെത്തിയ 20 ശബരിമല തീര്‍ഥാടകര്‍ വനത്തില്‍ കുടുങ്ങി. സംഘത്തിലെ രണ്ട് പേര്‍ക്ക് ശാരീരിക അസ്വസ്ഥത വന്നതോടെയാണ് കുടുങ്ങിയത്. ഫയര്‍ ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി. സന്നിധാനത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ ഉള്ളിലാണ് കുടുങ്ങിയത്.
ഇന്നും പുലര്‍ച്ചെ 3 ന് നട തുറന്നപ്പോള്‍ വലിയ നടപ്പന്തലില്‍ ക്യൂ ഉണ്ടായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും എല്ലാവരും പതിനെട്ടാംപടി കയറി. പിന്നെ ചെറിയ സംഘങ്ങളായി തീര്‍ഥാടകര്‍ എത്തി. കാത്തുനില്‍ക്കാതെ അവര്‍ക്കു പടി കയറി ദര്‍ശനം നടത്താന്‍ കഴിഞ്ഞു. മാളികപ്പുറത്തും തിരക്ക് കുറവായിരുന്നു. ഉച്ചപൂജ തൊഴാന്‍ വളരെ കുറച്ചു തീര്‍ഥാടകരാണ് ഉണ്ടായത്. ഉച്ചയ്ക്ക് 12ന് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ കാര്‍മികത്വത്തില്‍ കളഭാഭിഷേകം നടന്നു. തുടര്‍ന്ന് ഉച്ചപൂജയും.
ഏറ്റവും കുറവ് തീര്‍ഥാടകര്‍ ദര്‍ശനത്തിന് എത്തിയ ദിവസമായിരുന്നു ബുധനാഴ്ച. രാത്രി 10 വരെയുള്ള കണക്കനുസരിച്ച് 51,223 പേരാണ് ദര്‍ശനം നടത്തിയത്. ഇതില്‍ 2350 പേരാണ് സ്‌പോട് ബുക്കിങ് വഴി എത്തിയത്. സ്‌പോട് ബുക്കിന് വഴി എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. കരിമല, പുല്ലുമേട് കാനന പാതകളിലൂടെ എത്തുന്ന തീര്‍ഥാടകരിലും കുറവുണ്ട്. അഴുതക്കടവ്, കരിമല വഴി 2632 പേരും സത്രം, പുല്ലുമേട് വഴി 1172 പേരുമാണ് ഇതുവരെ ദര്‍ശനത്തിനു കാല്‍നടയായി എത്തിയത്. അഴുതക്കടവ് വഴി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും സത്രം വഴി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയുമാണ് തീര്‍ഥാടകരെ കടത്തിവിടുന്നത്.
ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ പരിധി കൂട്ടുന്ന കാര്യം ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായില്ല. ദര്‍ശനം നടത്തുന്ന തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ വെര്‍ച്വല്‍ ക്യൂ പരിധി 80,000 ആയി ഉയര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിലെ തീര്‍ഥാടക സംഘങ്ങള്‍ ദേവസ്വം ഓഫിസില്‍ വിളിച്ച് വെര്‍ച്വല്‍ ക്യൂ കിട്ടാത്തതിനാല്‍ തീര്‍ഥാടനത്തിന് എത്താന്‍ കഴിയാത്തതിന്റെ പ്രയാസങ്ങള്‍ പങ്കുവച്ചിരുന്നു. സ്‌പെഷല്‍ കമ്മിഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നതാണ്. ഇക്കാര്യങ്ങള്‍ ഇന്നലെ ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശം വരുമോ എന്നു നോക്കാമെന്നാണു ബോര്‍ഡിലെ ധാരണ.
ളാഹ മഞ്ഞത്തോടിനു സമീപം ശബരിമല തീര്‍ഥാടന പാതയില്‍ കാട്ടാനക്കൂട്ടം. 20 മിനിറ്റോളം ഗതാഗതം മുടങ്ങി. ആനകള്‍ റോഡ് കുറുകെ കടന്ന ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
"
https://www.facebook.com/Malayalivartha