സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...
സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യതയാണ് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെകേരളം കാണുന്നത്. ലാവ്ലിൻ ഭൂമറാങ്ക് ഉയർന്നു വന്നാലും അത്ഭുതപ്പെടേണ്ടതില്ല. പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഉപതിരഞ്ഞടുപ്പ് നടന്ന രണ്ടു സീറ്റുകളിൽ ഇടതുമുന്നണി തോറ്റതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ യുഗം അവസാനിക്കുമെന്ന് ഉറപ്പായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിനുള്ള ചർച്ചകൾ ആരംഭിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിണറായിയെ നീക്കണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയരും.
തത്കാലം ഡൽഹിക്ക് ഒഴിപ്പിക്കാനാണ് സി പി എം ആലോചിക്കുന്നത്. പിണറായിയെ കേരളത്തിൽ നിർത്തിയാൽ അദ്ദേഹത്തെ കേന്ദ്രം വേട്ടയാടുമെന്നാണ് സി പി എം കരുതുന്നത്. ചേലക്കരയിലെ ജയം കെ. രാധാക്യഷ്ണന് അവകാശപ്പെട്ടതായി. രണ്ടുപതിറ്റാണ്ടായി സി പി എമ്മിന് ഒപ്പം നിൽക്കുന്ന ചേലക്കരയിൽ നിന്നും കെ.രാധാകൃഷ്ണനെ മാറ്റിയത് പാർട്ടിയുടെ നടുവൊടിക്കുമെന്ന് കരുതിയെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഭാവിയിൽ മുഖ്യമന്ത്രിയാവാൻ സാധ്യതയുണ്ടായിരുന്ന രാധാക്യഷ്ണനെ പിണറായി ഒരുക്കിയതാണ്. കഴിഞ്ഞ തവണ കെ.രാധാകൃഷ്ണൻ നേടിയ 77 % വോട്ട് ഇക്കുറി 72 % ആയത് പിണറായിക്കുള്ള പണിയാണ്. ഇക്കുറി പാലക്കാട് പിടിച്ചു കൊടുക്കാമെന്ന ഉറപ്പ് സി പി.എമ്മിലെ. പിണറായി ഭക്തർ ബി.ജെ.പിക്ക് നൽകിയിരുന്നുവെന്നും കോൺഗ്രസ് പറയുന്നു.
പാലക്കാട് പി. സരിനെ സ്ഥാനാർത്ഥിയാക്കിയത് കൃഷ്ണകുമാറിനെ ജയിപ്പിക്കുന്നതിന് വേണ്ടിയാണ്.ത്യശൂരിൽ നടത്തിയ കളി പാലക്കാടും കളിക്കാൻ തീരുമാനിച്ചെങ്കിലും രാഹുൽ മാങ്കൂട്ടം എന്ന സ്ഥാനാർത്ഥിയും ഷാഫി പറമ്പിൽ എന്ന എംപിയും ചേർന്ന് പിണറായി എന്ന പട്ടത്തിന്റെ കയർ പൊട്ടിച്ചു വിട്ടു.2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പാർട്ടി അഖിലേന്ത്യാ സെക്രട്ടറിയാക്കാനുള്ള സാധ്യതയാണ് തെളിയുന്നത് . പിണറായിയുടെ രാഷ്ട്രീയ ലൈൻ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് ഈ പശ്ചാത്തലത്തിലാണെന്ന് രാഷ്ട്രീയ കേരളം വിലയിരുത്തുന്നു.
സി പി എമ്മിനെ കേരളത്തിൽ നിന്ന് ഇല്ലാതാക്കിയ പിണറായിയെ മഹത്തായ ഒരു ദൗത്യമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അതായത് രാജ്യത്ത് നിന്ന് സി പി എമ്മിനെ നിഷ്കാസിതമാക്കുക. പിണറായിയെ അഖിലേന്ത്യാ സെക്രട്ടറിയാക്കാനുള്ള തീരുമാനം ഏറെക്കുറെ കേന്ദ്രകമ്മിറ്റി എടുത്തുകഴിഞ്ഞു. പിണറായിയോളം മുതിർന്ന ഒരംഗം കേന്ദ്ര കമ്മിറ്റിയിലില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത് . ഇപ്പോൾ കേന്ദ്ര കമ്മിറ്റിയിലുള്ളവർ പിണറായിക്ക് താഴെയാണ്. പിണറായി അഖിലേന്ത്യാ സെക്രട്ടറിയായാൽ കേരളം രക്ഷപ്പെടുമെന്ന് കരുതുന്ന ഒരു വിഭാഗം നേതാക്കൾ സി.പി. എമ്മിലുണ്ട്. മരുമകൻ മുഹമ്മദ് റിയാസിനെ സുരക്ഷിതനാക്കാൻ അനുയോജ്യമായ സ്ഥാനം അഖിലേന്ത്യാ സെക്രട്ടറി സ്ഥാനമാണെന്ന് പിണറായിക്കറിയാം.
അതുകൊണ്ടു കൂടിയാണ് ഡൽഹിയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുമെന്ന് അറിയാമായിരുന്നിട്ടും ഇങ്ങനെയൊരു തീരുമാനത്തിലേക്ക് പിണറായി നീങ്ങുന്നത്. പിണറായി സ്ഥാനം ഒഴിഞ്ഞാലുടൻ കസേര കരസ്ഥമാക്കാൻ എം.വി. ഗോവിന്ദൻ പുര നിറഞ്ഞ് നിൽപ്പുണ്ട്. ഏതായാലും ഗോവിന്ദൻ പിണറായിയെക്കാളും നല്ല മുഖ്യമന്ത്രിയായിരിക്കുമെന്ന് പാർട്ടിക്കാർ തന്നെ പറയുന്നു.സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻറെ സർക്കാരിനെതിരെ അതിശക്തമായ വിമർശനങ്ങളാണ് നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ കെടുകാര്യസ്ഥത ഒന്നുകൊണ്ട് മാത്രമാണ് ഇലക്ഷൻ തോറ്റതെന്ന് സിപിഐ നേതാക്കൾ പരസ്യമായി പറയുന്ന സാഹചര്യം വന്നു ചേരും. .
സി പി ഐയുടെ പരസ്യ വിമർശനങ്ങൾക്ക് സിപിഎം മറുപടി പറയില്ല. പിണറായി വിജയൻറെ സ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ ആയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കുന്നത് രസകരമായ കാര്യമാണ്. സീസറിന്റെ ഭാര്യ വിശുദ്ധയായിരിക്കണം എന്ന ഒരു പ്രസ്താവനയുടെ ബാക്കിയായിട്ടാണ് കേരള രാഷ്ട്രീയത്തിലെ മഹാമേരുവായിരുന്ന കെഎം മാണി ധനകാര്യ മന്ത്രിസ്ഥാനം രാജിവെച്ചത്. അദ്ദേഹത്തിന് കോടതി നോട്ടീസ് നൽകിയിരുന്നില്ല. കോടതി നോട്ടീസ് നൽകുക എന്നാൽ കോടതി വിശദീകരണം ചോദിക്കുക എന്നാണ് അർത്ഥം. പ്രതിസ്ഥാനത്ത് ഉള്ളവരിൽ നിന്നാണ് കോടതി വിശദീകരണം ചേദിക്കുന്നത്. പിണറായി വിജയനും മകളും ഇപ്പോൾ നിൽക്കുന്നത് പ്രതിസ്ഥാനത്താണ്. അദ്ദേഹത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് പോലും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിലും വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറല്ല.
സ്വർണകടത്ത് അന്വേഷിക്കാൻ ഇ ഡി ക്ക് താൽപ്പര്യം പോരെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പറഞ്ഞത്. ഇനി താൽപ്പര്യം തനിയെ വന്നുചേരും. കാരണം ബി.ജെ.പി ഒരുപാട് പ്രതീക്ഷിച്ച പാലക്കാടാണ് കിട്ടാതെ പോയത്.കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനെതിരെ കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടും അദ്ദേഹവും അനങ്ങിയിട്ടില്ല. നാണമില്ലാത്തവർക്ക് മുന്നിൽ എന്ത് രാജിയെന്ന് സജി ചോദിച്ചാൽ ഉത്തരമില്ല .അദ്ദേഹത്തിൻ്റെ മുഖ്യമന്ത്രിക്കെതിരെ ഇതിലും വലുത് എന്തൊക്കെ വന്നിരിക്കുന്നു.മുഖ്യമന്ത്രി എന്ന വ്യക്തിപ്രഭാവം ഉപയോഗിച്ച് മകൾ അഴിമതി നടത്തിയെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ മുഖ്യമന്ത്രിയെ മാത്രം ഇതൊന്നും ബാധിക്കുന്നില്ല. .
ഇതിൽ സഹമന്ത്രിമാർക്ക് യാതൊരു പങ്കുമില്ല. അതു തന്നെയാണ് സി പി എമ്മിന്റെ കരുത്ത്. മാസപ്പടി വിഷയം ഏറെടുക്കാൻ സി പി എം തയ്യാറാകാത്തതും അതുകൊണ്ടു തന്നെയാണ്. വീണയുടെ കമ്പനി പ്രതിസ്ഥാനത്ത് വന്നാൽ അവർ മറുപടി പറയട്ടേ എന്നാണ് പാർട്ടിയുടെ നിലപാട് . പിണറായി തോറ്റമ്പിയ സാഹചര്യത്തിൽ ഇനി പാർട്ടി ഇക്കാര്യം ഏറ്റെടുക്കുകയേയില്ല. അതായത് എല്ലാ കണ്ണുകളും പിണറായിയിലാണ്. മൂന്ന് ഉപ തിരഞ്ഞടുപ്പുകൾ കൂടി തോറ്റതോടെ പിണറായി തീർത്തും ഒറ്റപ്പെടും. ഇതിൽ ചേലക്കരയിൽ മാത്രമാണ് സി.പി.എമ്മിന് അൽപ്പമെങ്കിലും പ്രതീക്ഷയുങ്ങായിരുന്നത് . രാധാകൃഷ്ണന്റെ ഇമേജ് മറ്റൊന്നാണ്. ഇതിനെ വെല്ലാൻ കേരള രാഷ്ട്രീയത്തിൽ ആർക്കും കഴിഞ്ഞിട്ടില്ല. പാലക്കാട് സീറ്റിൽ ബീ ജെ. പിയെ . ജയിപ്പിക്കാൻ സി പി എം ശ്രമിച്ചെന്ന ആരോപണവും നേരിട്ടു.
ഇതെല്ലാം പാർട്ടി വോട്ടുകളെ ബാധിച്ചു. ഒരു പാർട്ടിക്കാരനെ മത്സരിപ്പിക്കുന്നതിന് പകരം കോൺഗ്രസ് വിട്ടു വന്നയാളെ മത്സരിപ്പിച്ചു. ഇതോടെ പാർട്ടിക്കാരെല്ലാം എതിരായികോൺഗ്രസുമായി യോജിക്കേണ്ടതില്ലെന്ന സി.പി.എം നിലപാട് ദോഷകരമായി ബാധിക്കുക സി.പി.എമ്മിനെ തന്നെയാണ്. കാരണം കേരളത്തിൽ ഉൾപ്പെടെ ബി ജെ പി ബന്ധത്തിന്റെ ആരോപണം സി പി എം നേരിടുന്നുണ്ട്. സുരേഷ് ഗോപി ജയിച്ചത് സി.പി.എം സഹായത്തോടെയാണെന്ന് ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. കോൺഗ്രസുമായി ചേരരുത് എന്ന തീരുമാനം പരസ്യമായി സഹായിക്കുന്നത് ബി ജെ പിയെയാണെന്ന് പാർട്ടി പ്രവർത്തകർ പോലും കരുതുന്നു.
കോൺഗ്രസ് സഖ്യത്തെക്കാൾ നല്ലത് ദയാവധമാണെന്നാണ് പിണറായി ഉൾപ്പെടെയുള്ള കേരള നേതാക്കളുടെ വാദം. ഇതു കേട്ട് പണ്ട് യച്ചൂരി ഞെട്ടിയിരുന്നു. . കോൺഗ്രസ് മുക്ത ഭാരതം എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ സാക്ഷാൽ പിണറായി വിജയൻ ശ്രമിക്കുന്നത്. സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തിൽ ഭിന്നത രൂക്ഷമാണ്.. കോൺഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വർഗീയതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്നും പിബിയിൽ അഭിപ്രായമുയർന്നു. കോൺഗ്രസ് സഖ്യത്തിന് വേണ്ടി നിലകൊണ്ടവരുടെ കരണത്തടിക്കുന്ന തരത്തിലാണ് പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചത്.
മുമ്പ് ഇത്തരം അഭിപ്രായ ഭിന്നത ഉണ്ടായപ്പോൾ യച്ചൂരി പാലിച്ചത് കനത്ത നിശബ്ദതയാണ്. അന്ന് ഭൂരിപക്ഷാഭിപ്രായം ഇങ്ങനെയാവുമ്പോൾ യച്ചൂരിക്ക് നിശബ്ദനാവാതെ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല.പിണറായിയുടെ ലൈൻ സി പി എം സ്വീകരിച്ചതോടെ പൊളിഞ്ഞത് ഇന്ത്യാ മുന്നണിയാണ് . സീതാറാം യച്ചൂരിയുടെ വിയോഗത്തിന് മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ആലോചിച്ച് തയ്യാറാക്കിയ പദ്ധതിയാണ് പ്രകാശ് കാരാട്ടിന്റെ സഹായത്തോടെ പിണറായി നടപ്പാക്കിയത്. അതായത് കേരളത്തിലെ ഉപതിരഞ്ഞടുപ്പ് ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുമെന്ന് ചുരുക്കം.ബി.ജെ.പി.ക്കെതിരായ പോരാട്ടത്തിൽ ദേശീയതലത്തിൽ കോൺഗ്രസുമായി കൈകോർത്തത് നേട്ടമായെങ്കിലും സി.പി.എമ്മിന്റെ വളർച്ചയ്ക്ക് അത് ഗുണമായില്ലെന്ന് പാർട്ടി വിലയിരുത്തിയത്.
അതുകൊണ്ടുതന്നെ ബി.ജെ.പി.യെ എതിർക്കുന്നതിനൊപ്പം കോൺഗ്രസിൽനിന്ന് അകലം പാലിക്കേണ്ടതുണ്ടെന്ന രാഷ്ട്രീയെലെൻ ഉറപ്പിക്കാൻ സി.പി.എം തീരുമാനിച്ചു. കോൺഗ്രസ് സഹകരണത്തിന് അനുകൂലമായിരുന്ന മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നയത്തിനുപകരം പി.ബി. കോർഡിനേറ്റർ പ്രകാശ് കാരാട്ടിന്റെ ലൈനിലേക്കാണ് പാർട്ടി പോകുന്നത്.കാരാട്ടിന്റെ ലൈൻ തീരുമാനിക്കുന്നത് പിണറായി വിജയനാണ്. എന്നും കോൺഗ്രസ് സഖ്യത്തിന് എതിരായിരുന്ന കേരള ഘടകത്തിന്റെ സമ്മർദവും നയംമാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്.
കോൺഗ്രസിനെതിരെ നിലപാട് കടുപ്പിക്കാനുള്ള പിണറായിയുടെ തീരുമാനമാണ് കാരാട്ട് നടപ്പിലാക്കിയത്. ബി.ജെ.പി.യെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ കോൺഗ്രസ് അടക്കമുള്ള ജനാധിപത്യ-മതേതര പാർട്ടികളുമായി സഹകരിക്കാമെന്നായിരുന്നു സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയായിരിക്കേ ആവിഷ്കരിച്ച രാഷ്ട്രീയനയം. കഴിഞ്ഞ കണ്ണൂർ പാർട്ടി കോൺഗ്രസ് ഈ നയം അംഗീകരിച്ചതുമാണ്.2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായി കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് പുതിയ രാഷ്ട്രീയലൈൻ. നവ-ഉദാര സാമ്പത്തികനയം, മൃദുഹിന്ദുത്വം എന്നീ കാരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിനോടുള്ള അകലംപാലിക്കൽ.
തിരഞ്ഞെടുപ്പുകളിലും ആർ.എസ്.എസ്.-ബി.ജെ.പി. കൂട്ടുകെട്ടിന്റെ വർഗീയ അജൻഡയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലുംമാത്രം ഇന്ത്യസഖ്യവുമായി സഹകരിച്ചാൽ മതിയെന്നാണ് വാദം.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ആധിപത്യം ചെറുക്കാൻ ഇന്ത്യസഖ്യത്തിനു സാധിച്ചെങ്കിലും സി.പി.എം. സ്വതന്ത്ര വളർച്ച നേടിയില്ല. കോൺഗ്രസിനും പ്രാദേശികപ്പാർട്ടികൾക്കും വളർച്ചയുണ്ടായി. അതിനാൽ, തിരഞ്ഞെടുപ്പ് ധാരണയുടെയോ സഖ്യത്തിന്റെയോ പേരിൽ പാർട്ടിയുടെ സ്വതന്ത്ര മേൽവിലാസത്തിനും പ്രവർത്തനത്തിനും മങ്ങലേൽക്കുന്ന സ്ഥിതിയുണ്ടാവരുത് -രേഖ നിർദേശിച്ചു.പശ്ചിമബംഗാൾ, ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളും വിലയിരുത്തിയാണ് പുതിയ തീരുമാനം.
പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് വേണ്ടത് എന്നും രേഖ വ്യക്തമാക്കുന്നു.കേരളത്തിൽ ബി.ജെ.പി.- ആർ.എസ്.എസ്. സ്വാധീനം വർധിച്ചെന്നാണ് വിലയിരുത്തൽ. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘപരിവാർ പ്രവർത്തനങ്ങളെ ചെറുക്കാൻ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും രാഷ്ട്രീയരേഖ നിർദേശിച്ചു. ഇതും പിണറായിയുടെ ലൈൻ തന്നെയായിരുന്നു. ആർ.എസ്. എസിന്റെ വളർച്ചയുടെ ചുക്കാൻ സി.പി.എമ്മിന്റെ കൈയിലാണെന്നാണ് പൊതുവേ പറയപ്പെടുന്നത്.ഒരു വിഭാഗം പ്രവർത്തകർ കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ കോൺഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിനുള്ളത്.
ബിജെപിയെ ചെറുക്കാൻ പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോവണം. പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യങ്ങളാണ് പ്രായോഗികമെന്ന് ചിലർ അഭിപ്രായപ്പെട്ടു. അന്ന് പിബി യോഗത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നതിനാൽ വിഷയം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ഇത് ഇപ്പോഴും കേന്ദ്ര കമ്മറ്റി പരിഗണിക്കുന്നു. സിപിഎം ബംഗാൾ ഘടകത്തിന്റെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎം പ്രത്യക്ഷ സഖ്യത്തിലേർപ്പെട്ടിരുന്നു. എന്നാൽ രണ്ട് പാർട്ടികളും തിരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായി. ഈ അനുഭവം മുൻനിർത്തി കോൺഗ്രസ്-സിപിഎം സഖ്യം ഫലവത്താവില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്.
കോൺഗ്രസ് സഖ്യം ഇല്ലായിരുന്നെങ്കിൽ ഇതിനെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമായിരുന്നു എന്നാണ് കേരള നേതാക്കൾ അഭിപ്രായപ്പെട്ടത്.കോൺഗ്രസുമായി ഇടതുപാർട്ടികൾ ഒരിക്കലും ധാരണ ഉണ്ടാക്കരുതെന്ന അഭിപ്രായമാണ് പിണറായിയും മറ്റും മുമ്പേ വച്ചുപുലർത്തുന്നത്. പിണറായിയുടെ അഭിപ്രായത്തിന് ബി ജെ പിയുടെ പിന്തുണയുണ്ട്. ഏതുവിധേനയും ഇടതുപാർട്ടികളെ കോൺഗ്രസിൽ നിന്നും അകറ്റുകയാണ് ബി ജെ പിയുടെ ലക്ഷ്യം. പിണറായിയുടെ അഭിപ്രായത്തിന് പി.ബിയിൽ ഒരു പ്രബല വിഭാഗത്തിൻ്റെ പിന്തുണയുണ്ട്. ബിജെപിക്ക് ദീർഘകാലം രാജ്യം ഭരിക്കണമെങ്കിൽ കോൺഗ്രസ് നശിക്കണം. അതിനുള്ള ശ്രമങ്ങൾ രാജ്യത്ത് നാളുകൾക്ക് മുമ്പേ ആരംഭിച്ചു കഴിഞ്ഞിരുന്നു.
കോൺഗ്രസ് സഖ്യത്തെ എതിർക്കുന്നു എന്നതാണ് പിണറായി വിജയനോടുള്ള നരേന്ദ്ര മോദിയുടെ പ്രതിപത്തിക്ക് പിന്നിലുള്ളത്. കേരളത്തിൽ സ്വർണ്ണക്കടത്ത് കേസ് പോലുള്ള ആരോപണങ്ങൾ കെട്ടു മുറുക്കിയിട്ടും മോദി പിണറായിയെ തൊടാത്തതിന് പിന്നിലുള്ള കാരണം ഇതാണ്. ഇടതുപാർട്ടികളുടെ പിന്തുണയില്ലാതെ കോൺഗ്രസിന് ദേശീയ തലത്തിൽ നിലനിൽപ്പില്ല. ഇടതു പാർട്ടികൾ ദേശീയ തലത്തിൽ ഒരു കൺസോർഷ്യമായി മാറിയാലും അവർ എത്ര ദൂരം പോകുമെന്ന് മോദിക്ക് നന്നായറിയാം. പ്രതിപക്ഷത്തെ ഇല്ലാതാക്കണമെങ്കിൽ അവർ പല ട്രാക്കുകളിലൂടെ ഓടണം. അതിനാണ് പിണറായിയുടെ സഹായ ത്തോടെ മോദി ശ്രമിക്കുന്നത്. യച്ചൂരിയ്ക്ക് എം.പി സ്ഥാനം നൽകാമെന്ന കോൺഗ്രസ് വാഗ്ദാനം ഇല്ലാതാക്കിയതും പിണറായിയാണ്.
മോദിയെ സംബന്ധിച്ചടത്തോളം പിണറായി പ്രതീക്ഷ പുലർത്തുന്ന നേതാവാണ്. ഏതായാലും രാജ്യത്തിന്റെ ഭാവി മോദിയുടേതാണെന്ന് ഉറപ്പിക്കാം. ഇത്തരത്തിൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ ചലനങ്ങൾക്ക് പിണറായിയുടെ തീരുമാനങ്ങൾ കാരണമാകും. ബംഗാളിലും ത്രിപുരയിലും ഇല്ലാതായ സി പി എം കേരളത്തിൽ കൂടി ഇല്ലാതാകുന്നതോടെ നരേന്ദ്രമോദി വിഭാവനം ചെയ്ത കോൺഗ്രസ് മുക്ത സങ്കൽപ്പം നടപ്പിലാവും. ഇടതുപാർട്ടികളെ കൂടി ഇല്ലാതാക്കുക എന്നത് ബി ജെ പിയുടെ രാഷ്ട്രീയ ലൈനാണ്.അങ്ങനെ സംഭവിച്ചാൽ മാത്രമേ ബിജെപിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയുകയുള്ളു. ഇടതുപക്ഷം തകർന്നടിഞ്ഞാൽ കേരളത്തിൽ ആ സ്പേസിലേക്ക് എത്തുക ബി ജെ പിയായിരിക്കും. ഇതാണ് പാലക്കാട് നടന്നത്. അവിടെ യഥാർത്ഥത്തിൽ യുഡി എഫും ബി.ജെ പിയും തമ്മിലായിരുന്നു മത്സരം.
സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയതുമായി ബന്ധപ്പെട്ട് സി പി എം സിറാജ്, സുപ്രഭാതം പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ നിന്നു തന്നെ കാര്യങ്ങൾ വ്യക്തമാണ്. തങ്ങൾ മുസ്ലിങ്ങൾക്കൊപ്പമാണെന്ന പ്രതീതിയുണ്ടാക്കി ഹിന്ദുവോട്ടുകൾ പരമാവധി ബി.ജെ പിക്ക് കരസ്ഥമാക്കി കൊടുക്കുക എന്ന രാഷ്ട്രീയ ലൈനാണ് പിണറായി സ്വീകരിച്ചത്. തനിക്കും മകൾക്കു മെതിരായ കേസുകളിൽ തുടർന്നും മൗനം പാലിച്ചാൽ അതിൻറെ ഗുണം ബി ജെ പിക്ക് ലഭിക്കുമെന്ന വ്യക്തമായ സന്ദേശമാണ് പിണറായി നൽകിയിരിക്കുന്നത്. മുസ്ലീം പ്രീണനം മരുമകന് വേണ്ടിയുള്ള തന്ത്രമാണെന്ന് പറയുന്നവർ മണ്ടൻമാരാണ്.
മുസ്ലീം പ്രീ ണനത്തിലൂടെ ബിജെപിയെ വളർത്താനാണ് സി പി എം ശ്രമിക്കുന്നത് .അപ്പോൾ ബി ജെ പി തങ്ങളെ സഹായിക്കുമെന്നും അതിലൂടെ അധികാരം നിലനിർത്താൻ കഴിയുമെന്നും പിണറായി ആഗ്രഹിക്കുന്നു. അധികാരം നിലനിർത്താനുള്ള ഓട്ടപ്പാച്ചിലിനിടയിൽ സി പി എമ്മുകാർ മറ്റ് പാർട്ടികളിൽ എത്താതിരുന്നാൽ ഭാഗ്യം. പക്ഷേ പാലക്കാട് ആ പടക്കം പൊട്ടിയില്ല. ബി.ജെ.പിക്ക് വോട്ടു മറിച്ചു കൊടുത്തതു കൊണ്ടുള്ള ദോഷം പി. സരിന് മാത്രമാണ്. ഇതോടെ അവസാനിച്ചത് പി. സരിന്റെ ഭാവിയാണ്. ഈ ഫലം പിണറായി പ്രതീക്ഷിച്ചതല്ല. പാലക്കാട് ബി.ജെ.പി ജയിക്കുമെന്ന അദ്ദേഹത്തിന്റെ പുലർകാല പ്രതീക്ഷകൾ അസ്തമിച്ചു. ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..
https://www.facebook.com/Malayalivartha