ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. കെ സുരേന്ദ്രനെതിരെ പാര്‍ടിക്കുള്ളില്‍ വമ്പന്‍ പടയൊരുക്കം. സ്വന്തം പക്ഷത്തായിരുന്ന വി മുരളീധരനടക്കമുള്ളവര്‍ കൈവിട്ടതോടെ സുരേന്ദ്രന്‍ പാര്‍ടിയില്‍ ഒറ്റപ്പെട്ടു. നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് സുരേന്ദ്രനെതിരെ ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലുമെല്ലാമായി രംഗത്തെത്തിയത്. ഇതോടെ അധ്യക്ഷ സ്ഥാനം തന്നെ തെറിക്കുമന്ന അവസ്ഥയിലാണ് സുരേന്ദ്രന്‍.
അതിനിടെ പാലക്കാട്ടെ തോല്‍വിയില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍. കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയായി മാറിയെന്നാണ് വിമര്‍ശനം. വീഴ്ച്ചയുടെ ഉത്തരവാദിത്തതില്‍ നിന്ന് നേതാക്കള്‍ക്ക് ഒഴിഞ്ഞ് മാറാനാകില്ല. ഇത്തില്‍ കണ്ണികളെ പറിച്ചെറിയണമെന്നും നേതൃതലത്തില്‍ ശുദ്ധി കലശം നടത്തണമെന്നും ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിയുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുക്കണമെന്നും ചന്ദ്രശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
എ പ്ലസ് മണ്ഡലത്തിലെ കനത്ത പരാജയത്തിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ നേതൃത്വത്തെ ലക്ഷ്യമിട്ട് പലയിടങ്ങളില്‍ നിന്നായി വിമര്‍ശനം കടുക്കുകയാണ്. മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം സി കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് പ്രധാന വിമര്‍ശനം. 2016 ല്‍ ശോഭ സുരേന്ദ്രന്‍ നേടിയ നാല്‍പ്പതിനായിരം വോട്ട് ഇക്കുറി മുപ്പത്തി ഏഴായിരത്തിലേക്ക് ചുരുങ്ങി. താഴെതട്ടിലെ പ്രവര്‍ത്തകരെ വിശ്വാസത്തില്‍ എടുക്കാതെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് വന്‍ തോല്‍വിക്ക് കാരണമെന്ന് ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കനാകില്ല. ബിജെപിയുടെ അടിസ്ഥാന വോട്ടില്‍പോലും ചോര്‍ച്ച വന്നു. ജില്ലാ പ്രസിഡന്റ് പോലും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ലെന്നും നേതാക്കള്‍ വിമര്‍ശിക്കുന്നു. സന്ദീപ് വാര്യറുടെ പോക്കിനെ അവഗണിച്ചത് ഉചിതമായില്ലെന്നും വിലയിരുത്തലുണ്ട്. സന്ദീപിനെ പിന്തുണയക്കുന്ന കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങിയപ്പോള്‍ ആര്‍എസ്എസ് ഇടപെട്ട് താല്‍ക്കാലികമായി ഒപ്പം നിര്‍ത്തിയിട്ടുണ്ട്. താമസിയാതെ സന്ദ്രീപ് വാര്യര്‍ ഇവരെ പുറത്ത് ചാടിക്കുമെന്നാണ് ജില്ലയിലെ ഒരു വിഭാഗം പറയുന്നത്. ഇത് പാലക്കാട് മുനിലിപ്പാലിറ്റി ഭരണം പോലും നഷ്ടമാകുന്ന ,സാഹചര്യമുണ്ടാകും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിമുടി പരാജയപ്പെട്ട ജില്ലാ നേതൃത്വത്തിലും സസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം പാലക്കാട്ടെ തോല്‍വി സംബന്ധിച്ച് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ കെ സുരേന്ദ്രനോട് ചോദിക്കാനായിരുന്നു ഇന്നലെ വി മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തോല്‍വിയുടെ ഉത്തരവാദിത്തം പൂര്‍ണമായും സുരേന്ദ്രന്റെ തലയില്‍ കെട്ടിവച്ചുകൊണ്ടുള്ള മുരളീധരന്റെ പ്രതികരണം ബിജെപിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്കുള്ള സൂചനയാണ്. സി കൃഷ്ണകുമാര്‍ അല്ല സ്ഥാനാര്‍ഥി എങ്കില്‍ വിജയം ഉറപ്പായിരുന്നു എന്നും പാര്‍ടിയുടെ മേല്‍ക്കൂരയ്ക്ക് കാര്യമായ പ്രശ്‌നമുണ്ടെന്നുമുള്ള മുതിര്‍ന്ന നേതാവ് ശിവരാജന്റെ പ്രതികരണവും സുരേന്ദ്രനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്.
പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ചയുണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫേസേബുക്കില്‍ കുറിപ്പില്‍ അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരും ജനങ്ങള്‍ക്ക് താല്പര്യം ഉള്ളവരും സംഘടനയുടെ മുഖമാവണമെന്നും സംഘടന ആരുടെയും വഖ്ഫ് പ്രോപ്പര്‍ട്ടി അല്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന സമിതി അംഗം സി വി സജനി പ്രതികരിച്ചത്.
സ്ഥാനാര്‍ഥി നിര്‍ണയം പാളി എന്ന് പാര്‍ടി നേതാക്കളെല്ലാവരും പരസ്യമായി വ്യക്തമാക്കുന്നുണ്ട്. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണം എന്നായിരുന്നു കുമ്മനമടക്കമുള്ള നേതാക്കളുടെ അഭിപ്രായം. ഇത് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി കേന്ദ്രൃത്വത്തിന് കത്തെഴുതുകയും ചെയ്തു. എന്നാല്‍ ഇതിനെയെതിര്‍ത്ത് കെ സുരേന്ദ്രന്‍ തനിക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തി. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു നിന്ന് സുരേന്ദ്രന്‍ കുമ്മനമടക്കമുള്ള നേതാക്കളെ അകറ്റി നിര്‍ത്തി എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം പാലക്കാട്ടെ പാര്‍ടി പ്രവര്‍ത്തകരുടെ വോട്ടുകളടക്കം കുറഞ്ഞതിന് കാരണമായെന്നാണ് പഴി.
ബിജെപി പ്രവര്‍ത്തകരും വലിയതോതില്‍ സുരേന്ദ്രനെതിരെ തിരിഞ്ഞിട്ടുണ്ട്. പാര്‍ടിയെ നശിപ്പിക്കാതെ ഇറങ്ങിപ്പോകൂ എന്നതരത്തിലാണ് സുരേന്ദ്രന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍. പാര്‍ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രനെ കൊണ്ടുവരണമെന്നും അത് ശരിയാകില്ലെന്നുമുള്ള അഭിപ്രായങ്ങളും പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍ കെ സുരേന്ദ്രന്‍ തോല്‍വിയുടെ പഴിചാരുന്നത് തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥന് മേലാണ്. രഘുനാഥന് വീഴ്ച പറ്റി എന്നാണ് സുരേന്ദ്രന്റെ അഭിപ്രായം. ഏതായാലും ചൊവ്വാഴ്ച കൊച്ചിയില്‍ നടക്കാനിരിക്കുന്ന നേതൃയോ?ഗത്തില്‍ കെ സുരേന്ദ്രനു നേരെ വലിയ തോതില്‍ കടന്നാക്രമണം ഉണ്ടാകും. എം ടി രമേശും കുമ്മനം രാജശേഖരനും സുരേന്ദ്രനെതിരെ നിലപാട് കടുപ്പിക്കും. സന്ദീപ് വാര്യര്‍ പാര്‍ടി വിട്ടതിനടക്കം സുരേന്ദ്രന്‍ മറുപടി പറയേണ്ടിവരും.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തില്‍ അഴിച്ചു പണി ഉണ്ടാകാനാണ് സാധ്യത. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വി മുരളീധരന്‍ കൂടി കൈവിട്ടതോടെ കെ സുരേന്ദ്രന്റെ അധ്യക്ഷ സ്ഥാനം തെറിക്കും എന്ന കാര്യം ഉറപ്പാണ്. ഉപതെരഞ്ഞെടുപ്പിന് മുമ്പുള്ള പരസ്യ പ്രതികരണം ശോഭാസുരേന്ദ്രന്റെ അധ്യക്ഷ മോഹത്തിന് തിരിച്ചടിയാകും. പ്രസിഡന്റ് സ്ഥാനത്തിനായി പി കെ കൃഷ്ണദാസ് എം ടി രമേശ് വിഭാഗം ഇതോടെ സമ്മര്‍ദ്ദം ശക്തമാക്കും.
"
https://www.facebook.com/Malayalivartha