വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം
അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും രംഗത്ത് വന്നതോടെ കുരുക്ക് മുറുകുന്നു. ശ്രീലങ്കയിലെ തുറമുഖ വികസനത്തിനായി 50 കോടി യുഎസ് ഡോളര്‍ വായ്പ നല്‍കാമെന്നേറ്റ യുഎസ് ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍, പദ്ധതിയിലെ പ്രധാന പങ്കാളികളിലൊരാളായ അദാനി ഗ്രൂപ്പിനെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്ന് അറിയിച്ചു.
കൊളംബോയിലെ പോര്‍ട്ട് ടെര്‍മിനല്‍ പദ്ധതിക്കാണു സ്ഥാപനം പണം നല്‍കാമെന്നേറ്റത്. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും പഠിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ഉറപ്പാക്കിയശേഷമേ വായ്പ നല്‍കുകയുള്ളുവെന്ന് സ്ഥാപനം അറിയിച്ചു. ഇതിനിടെ അദാനി ഗ്രൂപ്പിനെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് വിശാല്‍ ഝാ എന്ന അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
അദാനി ഗ്രൂപ്പ് അടക്കം വിവിധ കമ്പനികളുമായി ഷെയ്ഖ് ഹസീന ഭരണകൂടം ഒപ്പുവച്ച ഊര്‍ജ,വൈദ്യുതി പദ്ധതികളില്‍ വിശദാന്വേഷണം നടത്താന്‍ ബംഗ്ലദേശ് ഇടക്കാല സര്‍ക്കാര്‍ നിയോഗിച്ച ഉന്നതസമിതി ശുപാര്‍ശ ചെയ്തു. ഷെയ്ഖ് ഹസീന അധികാരത്തിലിരുന്ന 2009 മുതല്‍ 2024 വരെ ഒപ്പുവച്ച ഊര്‍ജപദ്ധതികളില്‍ അഴിമതി നടന്നതായി തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണു പ്രത്യേക ഏജന്‍സിയെ വച്ച് അന്വേഷിക്കണമെന്നു ഊര്‍ജ, ധാതുവിഭവ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിയോഗിക്കപ്പെട്ട ദേശീയ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തത്.
അദാനി പവര്‍ ലിമിറ്റഡിന്റെ ബംഗ്ലദേശ് ഇന്ത്യ ഫ്രണ്‍ഷിപ് പവര്‍ കമ്പനി ലിമിറ്റഡ് (ബിഐഎഫ്പിസിഎല്‍) 1234.4 മെഗാവാട്ട് താപവൈദ്യുതി നിലയം അടക്കം 7 വന്‍കിട ഊര്‍ജ, വൈദ്യുതി പദ്ധതികളാണു സമിതി പരിശോധിച്ചതെന്ന് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ഓഫിസ് അറിയിച്ചു. ആറെണ്ണത്തില്‍ ഒരെണ്ണം ചൈനീസ് കമ്പനിയുടെയും മറ്റെല്ലാം ഷെയ്ഖ് ഹസീനയോടു അടുപ്പമുള്ള ബംഗ്ലദേശ് കമ്പനികളുടേതുമാണ്. ഊര്‍ജരംഗത്തെ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ് ബംഗ്ലദേശില്‍ നിക്ഷേപം നടത്തിയത്.പദ്ധതിയുമായി ബന്ധപ്പെട്ടു കിട്ടാനുള്ള 80 കോടി ഡോളര്‍ നല്‍കണമെന്നാവശ്യപ്പെട്ടു ഈയിടെ അദാനി ഗ്രൂപ്പ് ബംഗ്ലദേശ് സര്‍ക്കാരിനു കത്തെഴുതിയിരുന്നു.
അതേസമയം അദാനിക്ക് മേല്‍ കുരുക്ക് മുറുക്കി അമേരിക്ക. ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. പാര്‍ലമെന്റില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോര്‍ജ വൈദ്യുതി കരാര്‍ ലഭിക്കാന്‍ 2200 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി. അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഗൗതം അദാനിക്കും അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനിക്കും എസ്ഇസി ചോദ്യം ചെയ്യലിന് നോട്ടീസയച്ചതായി വാര്‍ത്താ എജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസെത്തിയത്. നടപടിയോട് അദാനിഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
കേസില്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇരുവരും അടക്കം 8 പേര്‍ക്കെതിരെ യുഎസിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. അതേസമയം മഹാരാഷ്ട്രയിലെ തോല്വി കാര്യമാക്കാതെ നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിലുടനീളം കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് വിഷയം ആയുധമാക്കും. നിലവില്‍ രാഹുല്‍ ഗാന്ധി മാത്രാമാണ് വിഷയം സജീവമായി ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ മറ്റു പാര്‍ട്ടികളോടും വിഷയത്തില്‍ പിന്തുണ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുമായടക്കം അദാനി കരാറുകളിലേര്‍പ്പെട്ടിട്ടുണ്ടെന്നും, അഴിമതിക്കാരനെങ്കില്‍ എന്തിന് കരാറിലേര്‍പ്പെട്ടെന്നുമാണ് ബിജെപിയുടെ ചോദ്യം. വിദേശ ശക്തികളുടെ നിര്‍ദേശമനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. ഈ വാദത്തിലൂന്നിയായിരിക്കും ബിജെപി പ്രതിരോധം.
"
https://www.facebook.com/Malayalivartha