കെ.സുരേന്ദ്രന്റെയും എം.ബി. രാജേഷിന്റെയും ഭാവി അവതാളത്തിൽ: പാർട്ടികളിൽ കാറ്റ് പിടിക്കുന്നു !
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ
ഉത്തരവാദിത്വം മന്ത്രി എം.ബി. രാജേഷിന്റെ തലയിൽ ചാരാനുള്ള ശ്രമങ്ങളാണ് വിവാദമായത്. പി. സരിനെ സ്ഥാനാർത്ഥിയാക്കി ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്ത് എത്തിച്ചതിന്റെ ഉത്തരവാദിത്വം സി പി എം സംസ്ഥാന കമ്മിറ്റിക്കാണെന്ന് രാജേഷ് അനുകൂലികൾ പറയുന്നു. അതേ സമയം തന്നെ പാർട്ടി തോൽപ്പിച്ചു എന്ന പരാതിയാണ് സരിനുള്ളത്. ചുരുക്കത്തിൽ സി പി എംപാലക്കാടിന്റെ പേരിൽ ആടിയുലയുകയാണ്... 2021ന് അപേക്ഷിച്ച് 723 വോട്ടുകൾ കൂടുതൽ നേടാനായി എന്ന ആശ്വാസം മാത്രമാണ് എൽഡിഎഫിന് ഉള്ളത്. മന്ത്രി എം ബി രാജേഷും എ എ റഹീമും അടക്കമുള്ള നേതൃത്വം മെനഞ്ഞ തന്ത്രങ്ങൾ പൊട്ടിപ്പാളീസായി. രാഹുൽ മാങ്കൂട്ടത്തിലിന് മാത്രമല്ല ഷാഫി പറമ്പിലിന് കൂടി തിരിച്ചടി നൽകുക എന്ന സിപിഎം തന്ത്രമാണ് ഫലം വന്നതോടെ പാളിയത്. കഴിഞ്ഞ രണ്ടു തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽഡിഎഫിന് ഇത്തവണയും മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാനായില്ല. ഇത്തവണയും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.തെരഞ്ഞെടുപ്പ് അടുത്തിട്ടും ശക്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയാണ് കോണ്‍ഗ്രസിൽ നിന്ന് എത്തിയ പി സരിൻ വാതിലിൽ മുട്ടിയത്. സീറ്റ് മോഹിച്ചു വന്ന ആൾ എന്ന പ്രചാരണം തുടക്കം മുതൽ സരിനെതിരെ ഉണ്ടായി. എന്നാൽ, സരിൻ നിഷ്പക്ഷ വോട്ടുകൾ കൊണ്ടുവരുമെന്ന കണക്കുകൂട്ടലുകൾ പാളി.
പുതുതായി ചേർത്ത വോട്ടുകൾ കൂടി കണക്കുകൂട്ടുമ്പോൾ നിസാരമായ വോട്ട് വർധന മാത്രമാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. പിന്നീട് കോൺഗ്രസ് പക്ഷത്തുനിന്ന് ഒട്ടേറെ പേരെ മറുകണ്ടം ചാടിച്ച് സരിൻ സ്വന്തം പാളയത്തിൽ എത്തിച്ചു. എന്നാൽ, അതും വോട്ടായില്ല. നീലപ്പെട്ടി, പാതിരാ റെഡ് എന്നിങ്ങനെ പലവിധ നാടകങ്ങളും ഇതിനിടെ അരങ്ങേറി. കൃഷ്ണദാസിനെ പോലുള്ള നേതാക്കൾ ആ നാടകത്തെ തള്ളിപ്പറഞ്ഞത് സ്വന്തം പാർട്ടി അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. ഏറ്റവും ഒടുവിൽ സന്ദീപ് വാര്യരുടെ വരവു മുൻനിർത്തി രണ്ടു മുസ്ലിം പത്രങ്ങളിൽ പരസ്യം നൽകി ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിച്ചതും പാഴായി. ചുരുക്കത്തിൽ എല്ലാ അടവുകളും പാളി.
രണ്ടാം സ്ഥാനത്ത് എങ്കിലും എത്തുക എന്നുള്ള മോഹം നടന്നില്ല. സംസ്ഥാന സെക്രട്ടറിയുടെ എല്ലാ ആശിർവാദത്തോടെയും കൂടി മന്ത്രി എം ബി രാജേഷ് ആണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. രാജേഷിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന് ഏറ്റ പരാജയം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. എന്നാൽ ഇപ്പോൾ സി പി എം സംസ്ഥാന സെക്രട്ടറി എല്ലാം രാജേഷിന്റെ തലയിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഇതാണ് രാജേഷിനെ വേദനിപ്പിക്കുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പാലക്കാട് സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന് എംബി രാജേഷ് പറഞ്ഞു.പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും വോട്ട് കൂട്ടാനായി.നാല്‍പതിനായിരം വോട്ട് പിടിക്കാനാകുമെന്ന് കരുതിയിരുന്നു.കല്ലേറുകൾ കാര്യമാക്കുന്നില്ല.പാലക്കാട് കണ്ടത് എസ്ഡിപിഐ - ജമാത്ത് ഇസ്ലാമി - യുഡിഎഫ് കൂട്ട്കെട്ടാണ്.അവരുടെ ഔദാര്യത്തിലാണ് യുഡിഎഫ് ജയിച്ചത്..ഇന്നലത്തെ എസ്ഡിപിഐ ആഘോഷം കേരളത്തിനുള്ള താക്കീതാണെന്നും അദ്ദേഹം പറഞ്ഞു
രാഹുലിന്‍റെ വിജയത്തിന്‍റെ അവകാശം ആദ്യം ഉന്നയിച്ചത് മത തീവ്രവാദികളാണ്.യുഡിഎഫ് നേതാക്കളുടെ സർട്ടിഫിക്കറ്റിന് വേണ്ടിയല്ല സിപിഎം പ്രവർത്തിക്കുന്നത്.ആക്ഷേപങ്ങൾ കേട്ടാൽ ക്ഷീണിച്ച് പോകുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് കോട്ട നിലനിർത്താൻ തന്‍റെ സഹായം വേണ്ടി വന്നു എന്ന് പറഞ്ഞാൽ അവർക്ക് നാണക്കേട്.പാലക്കാട് സിപിഎം ഒറ്റക്കെട്ടയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.പരസ്യം കൊടുക്കാനുള്ള സ്വാതന്ത്ര്യം പോലും മാധ്യമങ്ങൾ നൽകിയില്ലെന്നും എംബി രാജേഷ് പറഞ്ഞു.
അതേ സമയം രാജേഷ് പാലക്കാട് പ്രയോഗിച്ച എല്ലാ തന്ത്രങ്ങളും സി പി എം തള്ളിപറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തി.. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. പ്രചാരണം നയിച്ച എംബി രാജേഷ് ഉൾപ്പെടെയുള്ളവർക്ക് പക്വത കുറവെന്ന വിമര്‍ശനവും ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നുണ്ട്. സിപിഎമ്മിൽ ദൂരവ്യാപക ചർച്ചകൾക്ക് വഴി മരുന്നിടുന്നതാണ് പാലക്കാട്ടെ തോൽവി. സ്ഥാനാർഥിത്വം മാത്രമല്ല തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നയസമീപനങ്ങൾ വരെ വരും ദിവസങ്ങളിൽ ഇഴകീറി പരിശോധനക്ക് വിധേയമാകും.മൂന്നാം സ്ഥാനത്ത് നിന്ന് നിലമെച്ചപ്പെടുത്തലിനപ്പുറം എന്ത് പ്രതീക്ഷിക്കണമെന്ന ചോദ്യവുമായാണ് സിപിഎം നേതാക്കൾ പാലക്കാടിന് വണ്ടി കയറിയത്.വീണു കിട്ടിയ സരിനെ വിദ്യയാക്കിയതിൽ തുടങ്ങി ആദ്യാവസാനം സസ്പെൻസ് ത്രില്ലറായിരുന്നു തെരഞ്ഞെടുപ്പ് കളം. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നേരിയ വോട്ട് കൂടിയെന്നതാണ് ഏക പിടിവള്ളി. എന്നാൽ, ഇതിനായിരുന്നോ പി സരിനെ ഇറക്കിയതെന്ന മറുചോദ്യവും ഉയരുന്നുണ്ട്. പെട്ടി വിവാദം മുതൽ പരസ്യവിവാദം വരെ തൊട്ടതിലെല്ലാം പാലക്കാട്ട് കൈപൊള്ളിയെന്ന ചർച്ച ഫലം വരും മുമ്പെ സജീവമാണ്.
പ്രാദേശിക തലത്തിൽ നിന്ന് തെരഞ്ഞെടുപ്പ് നയിച്ച എംബി രാജേഷ് അടക്കമുള്ള നേതാക്കാൾക്ക് പക്വത കുറവുണ്ടായെന്ന വിമർശനവും പാലക്കാട്ടെ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്കുണ്ട്. അതെല്ലാം ഇനി വിശദമായ ചർച്ചക്ക് പാർട്ടി വിധേയമാക്കും. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യുഡിഎഫിനെ മുഖ്യശത്രുവാക്കിയപ്പോൾ ബിജെപിയോട് പലപ്പോഴും സ്വീകരിച്ചത് മൃദുസമീപനമായിപ്പോയെന്ന വിമർശനം ബാക്കിയാണ്.
പെട്ടി വിവാദത്തിൽ കോൺഗ്രസിനെ നേരിടാൻ ബിജെപിക്കൊപ്പം സിപിഎമ്മും ഒരുമിച്ചിറങ്ങിയതിലെ നാണക്കേട് ഇനിയും പാർട്ടിയെ വേട്ടയാടും. ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാര്യർ ഇടത്തോട്ട് വരുമെന്ന് ഉറപ്പിച്ചിട്ടും കോൺഗ്രസ് റാഞ്ചിയതാണ് മറ്റൊരു വീഴ്ച. ക്ലീൻ സർട്ടിഫിക്കറ്റ് ആദ്യം നൽകിയ സിപിഎം നേതാക്കൾ പിന്നീട് സന്ദീപിനെ വർഗ്ഗീയവാദിയാക്കിയുള്ള പ്രചാരണവും കോൺഗ്രസ് നന്നായി ഉപയോഗിച്ചു. സന്ദീപിന്‍റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ വൈകിപ്പോയെന്നാണ് വിമർശനം.
പ്രചാരണത്തിന്‍റെ ക്ലൈമാക്സിൽ സുപ്രഭാതത്തിലും സിറാജിലും നൽകിയ പരസ്യം തന്ത്രപരമായ മറ്റൊരു വീഴ്ചയായി. ഭൂരിപക്ഷ വിഭാഗത്തെയോ അതോ ന്യൂനപക്ഷങ്ങളെയോ ആരെ ഒപ്പം നിർത്തണമെന്നതിൽ വ്യക്തതയില്ലാത്ത വിധം പാളുന്നതായി പാലക്കാട്ടെ സിപിഎം അടവുനയങ്ങൾ. വർഗ്ഗീയശക്തികൾ കോൺഗ്രസിന് നൽകിയ വിജയമെന്ന് പുറത്ത് പറയുമ്പോഴും പാർട്ടി പരാജയം വിശദമായി പരിശോധിക്കാനാണ് തീരുമാനം,
എം.ബി. രാജേഷിനെ ചുമതല ഏൽപ്പിച്ചതോടെ എൻ എൻ കൃഷ്ണദാസിനെയും എ.കെ ബാലനെയും പോലുള്ള നേതാക്കൾ പൂർണമായി തെറ്റി. കൃഷ്ണ ദാസ് പണപ്പെട്ടി വിവാദത്തിൽ പാർട്ടി നിലപാടിന് എതിരെ രംഗത്തെത്തിയതും വാർത്തയായി. എ.കെ. ബാലന് സരിന്റെ സ്ഥാനാർത്ഥിത്വത്തിൽ തികഞ്ഞ വിയോജിപ്പുണ്ടായിരുന്നു. പാലക്കാട് തന്നെയും കൃഷ്ണദാസിനെയും പോലുള്ള സീനിയർ നേതാക്കളെ കളത്തിൽ ഇറക്കാരെ രാജേഷിനെ പോലുള്ള ജൂനിയർമാരെ രംഗത്തിറക്കിയതിൽ മുതിർന്ന നേതാക്കൾക്ക് വിയോജിപ്പുണ്ടായിരുന്നു. അവർ പാർട്ടി തോൽക്കാൻ മാത്രമല്ല ദയനീയമായി തോൽക്കാനാണ് ആഗ്രഹിച്ചത്. അതിന്റെ ഫലമാണ് ഇപ്പോൾ കണ്ടത്.
ബാലനും കൃഷ്ണദാസുമൊക്കെ രാജേഷിനെതിരെ സർവസനാഹങ്ങളുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. അവർ രാജേഷിനെതിരെ പരോക്ഷമായി ഉയർത്തുന്നത് ഗുരുതരമായ ഒരു ആരോപണമാണ്. സരിനെ നിർത്തി സി പി എമ്മിനെ ദയനീയമായി തോൽപ്പിച്ചു എന്ന ആരോപണമാണ് അത്. ഇതിന് പിന്നിൽ ഒരു കഥയുണ്ട്. അത് രാജേഷിന്റെ അളിയൻ നിധിൻ കണിച്ചേരിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഡോ. പി. സരിനെ സഖാവ് സരിൻ എന്ന് അഭിസംബോധന ചെയ്യരുതെന്ന് രാജേഷ് പറഞ്ഞത് വാർത്തയായിരുന്നു. സഖാവ് സരിൻ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചപ്പോൾ സഖാവ് അല്ല ഡോക്ടർ എന്ന് മന്ത്രിഎം.ബി രാജേഷ് തിരുത്തി. എം.ബി. രാജേഷിന്റെ ഭാര്യാസഹോദരൻ നിധിൻ കണിച്ചേരി മത്സരിക്കാനിരുന്ന പാലക്കാട് സീറ്റാണ് സരിൻ പിടിച്ചുവാങ്ങിയത്. സരിന്റെ തോൽവി ഇതോടെ ഉറപ്പിച്ചിരുന്നു.
സരിനെ സ്ഥാനാർത്ഥിയാക്കിയത് സി പി എം ജില്ലാ കമ്മിറ്റിയിലെ ഭൂരിപക്ഷം നേതാക്കൾക്കും അത്യപ്തിയുണ്ടായിരുന്നു. ഈ അത്യപ്തി ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹരിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. നിധിൻ കണിച്ചേരിയെ ഒഴിവാക്കിയതിൽ എം.ബി. രാജേഷിനും എതിർപ്പുണ്ടായിരുന്നു. ഇത് പരിഹരിക്കാനും സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല. നിധിന് സീറ്റ് നൽകാതിരിക്കാൻ വേണ്ടിയാണ് സരിനെ സ്ഥാനാർഥിയാക്കിയതെന്ന് സി പി എം ജില്ലാ നേതാക്കൾ കരുതി. സന്ദീപ് വാര്യരുടെ മനം മാറ്റം സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനിടെയാണ് സഖാവ് സരിൻ എന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ സഖാവല്ല ഡോക്ടർ എന്ന് എം.ബി. രാജേഷ് തിരുത്തിയത്. ഈ പരാമർശം മാധ്യമ പ്രവർത്തകർ കേട്ടില്ലെന്ന് തോന്നിയപ്പോൾ രണ്ടു തവണ ഡോക്ടർ സരിൻ എന്ന് എഴുതണമെന്ന് ആവർത്തിച്ചു . സരിൻ സഖാവല്ല എന്നും രാജേഷ് പറഞ്ഞു. ഇതിൽ നിന്ന് സരിനും സി.പി.എമ്മും തമ്മിലുള്ള അകൽച്ച വ്യക്തമായി. ഡോ. പി. സരിൻ്റെ പ്രതികരണങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ക്രോസ് വോട്ട് സംബന്ധിച്ച പരാമർശമാണ് സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചിരുന്നു.. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിൻ്റെ വിജയം സി.പി.എം വോട്ട് കൊണ്ടാണെന്നാണ് സരിൻ പറഞ്ഞത്. ഇ. ശ്രീധരനെ പരാജയപ്പെടുത്താൻ സി.പി.എം പാർട്ടി സ്ഥാനാർഥിക്ക് വോട്ടുചെയ്യാതെ യു.ഡി.എഫിന് ചെയ്യുകയായിരുന്നെന്ന സരിൻ്റെ പരാമർശം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി. യു.ഡി.എഫ് - എൽ.ഡി.എഫ് മത്സരം നാടകം മാത്രമാണെന്ന് ബി.ജെ.പിയുടെ ആരോപിച്ചു,. ഇത് വലിയ പ്രതിസന്ധിയാണ് സ്യഷ്ടിച്ചത്.സരിൻ്റെ പ്രസ്താവന വന്നയുടൻ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ പ്രതികരിച്ചതും ഇത്തരത്തിലാണ്. പാർട്ടിക്കകത്ത് സരിൻ്റെ സ്ഥാനാർഥിത്വത്തിൽ വിയോജിപ്പുള്ളവർ അപക്വമായ പ്രതികരണം സംബന്ധിച്ച് നേതൃത്വത്തോട് പരാതി പറഞ്ഞിരുന്നു.
സരിൻ കോൺഗ്രസ് സോഷ്യൽ മീഡിയ പ്രചാരണ വിഭാഗം കൺവീനറാ യിരിക്കെ മുഖ്യമന്ത്രി, സി.പി.എം നേതാക്കൾ ഉൾപ്പടെയുള്ളവരെ വ്യക്തിപരമായി ആക്ഷേപിച്ച് ഇട്ട പോസ്റ്റുകൾ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് എല്ലാ പോസ്റ്റുകളും അവിടെ തന്നെ നിലനിൽക്കുമെന്നാണ് സരിൻ മറുപടി നൽകിയത്. ഇതോടെ സി.പിഎമ്മിന്റെ വോട്ടുകൾ പോലും സരിന് കിട്ടിയില്ല.
പാലക്കാട്ടെ തോൽവിക്ക് ബിജെപിയിലും വലിയ പൊട്ടിത്തെറിയുണ്ടായിരിക്കുകയാണ് സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചയാകും. നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാനും സാധ്യതയുണ്ട്. ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ വിമർശനത്തിന് തയ്യാറെടുക്കുകയാണ് കൂടുതൽ നേതാക്കൾ.
ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പാലക്കാടും വയനാടും വെച്ച് യുഡിഎഫിന് ആഹ്ളാദിക്കാം. ചേലക്കര ഉന്നയിച്ച് എൽഡിഎഫിനും. എന്നാൽ, കേരളം പിടിക്കാനിറങ്ങുന്ന ബിജെപിക്ക് ബാക്കിയുള്ളത് കടുത്ത നിരാശ. സംസ്ഥാനത്ത് പാർട്ടി ഏറ്റവും പ്രതീക്ഷ വെച്ച മികച്ച സംഘടനാ സംവിധാനമുള്ള പാലക്കാടാണ് തോറ്റത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യിലുള്ള പാലക്കാട് നഗരസഭയിൽ പോലും കടുത്ത നിരാശയാണുണ്ടായത്.
പാലക്കാട് മത്സരിച്ചത് കൃഷ്ണകുമാറാണെങ്കിലും ശരിക്കും തോറ്റത് സുരേന്ദ്രൻ ആണെന്നാണ് പാർട്ടിയിലെ വിമർശകർ പറയുന്നത്. മണ്ഡലത്തിൽ ക്യാമ്പ് ചെയത് സുരേന്ദ്രൻ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളി. കഴിഞ്ഞ തവണത്തെക്കാൾ പതിനായിരം വോട്ടാണ് ഇത്തവണ ബിജെപിക്ക് കുറഞ്ഞത്. സുരേന്ദ്രൻ വളരെ കുറച്ച് മാത്രം പോയ ചേലക്കരയിൽ പാർട്ടിക്ക് കൂടിയത് 9000 ത്തിലേറെ വോട്ടുകൾ. കണ്ണായ പാലക്കാടൻ കോട്ടയിലെ തോൽവിയുടെ ആഘാതം ഉടനൊന്നും മാറില്ല.
സംഘടനാ സംവിധാനത്തിൽ പാളിച്ചകളുണ്ടായെന്ന് ബി ഗോപാലകൃഷ്ണനെ പോലുള്ള നേതാക്കൾ പരസ്യമായി വിമർശിച്ച് തുടങ്ങി. എഫ് ബി പോസ്റ്റായി കമൻറായും നേതാക്കള്‍ വിമർശനങ്ങൾ ഉന്നയിച്ചുകഴിഞ്ഞു. കടുത്ത അതൃപ്തിയുള്ള ശോഭാ സുരേന്ദ്രന്‍റെ അടുത്ത നീക്കവും നിർണ്ണായകമാണ്. ശോഭയായിരുന്നെങ്കിൽ ഇതല്ല ഫലമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷത്തിന്‍റെയും നിലപാട്. കൃഷ്ണദാസ് പക്ഷവും അധ്യക്ഷനെതിരായ പടയൊരുക്കത്തിലാണ്. സുരേന്ദ്രനിൽ അടിയുറച്ച് വിശ്വസിച്ച ആർഎസ്എസിനും കിട്ടിയത് കനത്ത തിരിച്ചടി. സംഘടനാപ്രശ്നങ്ങളിൽ സുരേന്ദ്രനൊപ്പം നിന്ന കേന്ദ്ര നേതൃത്വം ഇനി മാറ്റിച്ചിന്തിക്കാൻ സാധ്യതയേറെയാണ്. സുരേന്ദ്രനെ മാറ്റണമെന്ന മുറവിളിയെ ഇനി അങ്ങനെ ദേശീയനേതൃത്വത്തിന് കണ്ടില്ലെന്ന് നടിക്കാനാകില്ല.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിലും വോട്ട് ചോര്‍ച്ചയുണ്ടായതിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. പാലക്കാട് സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോര്‍ന്നെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്ന് ബിജെപി നേതാവ് എൻ ശിവരാജൻ പറഞ്ഞു.
സംഘടന കൂടുതൽ ശക്തിപ്പെടുത്തണമെന്നും കുറെക്കാലമായി സജീവമല്ലാത്തവരെ തിരികെ കൊണ്ടു വരണമെന്നും ശിവരാജൻ കൂട്ടിച്ചേര്‍ത്തു. സംഘടനാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കെ സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍റെ പ്രതികരണം. പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ വര്‍ഗീയതയും കോഴയും കൂറുമാറ്റവും അടക്കമാണ് ചര്‍ച്ചയായതെന്നും ഇതിനെ പ്രതിരോധിക്കുന്നതിൽ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.
ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കര മണ്ഡലത്തിലാണെന്നാണ് സന്ദീപ് വചസ്പദിയുടെ പോസ്റ്റ്. . അവിടെ ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി നടത്തിയത്. പതിനായിരത്തോളം വോട്ട് ചേലക്കരയിൽ ബിജെപിക്ക് കൂടി. പ്രചാരണത്തിന് നേതൃത്വം നൽകിയ തൃശ്ശൂർ ജില്ലാ കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നു. വയനാടും ബിജെപി വോട്ട് വിഹിതം നിലനിർത്തി. അവിടെയും പാർട്ടി എന്ന നിലയിൽ ബിജെപി അടിത്തറ ശക്തമാണ്.
എന്നാൽ പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങൾ. പ്രചാരണത്തിൽ അടക്കം ഇത് കാണാമായിരുന്നു. വർഗ്ഗീയതയും കോഴയും കൂറുമാറ്റവും അടക്കം വിഷയങ്ങളായി. ഈ കാര്യങ്ങൾ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കും. എങ്കിലും പാലക്കാട് ബിജെപിയുടെ അടിത്തറയ്ക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. ഈ തിരിച്ചടി താത്കാലികം മാത്രമാണ്. ഇതിനെയും പാർട്ടി മറികടക്കും. അതിനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ടെന്ന് വചസ്പദി എഴുതി.
ഇത്തരത്തിൽ രാജേഷിനും സുരേന്ദ്രനും വാട്ടർലൂ ആയിരിക്കുകയാണ് പാലക്കാടൻ കാറ്റ്. പെയ്തുതോരാതെ ഇത് തുടരുമെന്ന് തന്നെ കരുതാം.
https://www.facebook.com/Malayalivartha