സന്നിധാനത്ത് ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ മാത്രം മതി... സുരക്ഷ ഉറപ്പാക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യയെ കോടതി സ്വമേധയാ കക്ഷിചേര്‍ത്തു
ശബരിമല സന്നിധാനത്ത് പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ മാത്രം മതിയെന്നും ഓര്‍ക്കിഡ് പൂക്കളും ഇലകളും വേണ്ടെന്നും ഹൈക്കോടതി. ഓരോ ദിവസവും പുഷ്പങ്ങള്‍ മാറ്റണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, മുരളീ കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. കോടതി നോട്ടിസിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മിഷണറും കോടതിയെ അറിയിച്ചു.
ശബരിമലയില്‍ വിതരണം ചെയ്യുന്ന ഉണ്ണിയപ്പത്തിലും അരവണയിലും നിശ്ചിത അളവില്‍ മാത്രമേ ഈര്‍പ്പമുള്ളൂ എന്ന് ഉറപ്പാക്കണം. സുരക്ഷ ഉറപ്പാക്കുന്നതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യയെ കോടതി സ്വമേധയാ കക്ഷിചേര്‍ത്തു. ഭക്തര്‍ ഉടയ്ക്കുന്ന നാളികേരം കൊപ്രാക്കളം തൊഴിലാളികള്‍ അനധികൃതമായി ശേഖരിക്കുന്നത് കര്‍ശനമായി തടയണമെന്നും കോടതി നിര്‍ദേശിച്ചു. ത്രിവേണി മുതല്‍ ഹില്‍ടോപ്പുവരെ 25 കെഎസ്ആര്‍ടിസി ബസുകള്‍ ഒരേസമയം പാര്‍ക്കുചെയ്യുന്നത് ചെറുവാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഇക്കാര്യത്തില്‍ വിശദീകരണത്തിന് കെഎസ്ആര്‍ടിസി സമയം തേടി. പത്തിലധികം കെഎസ്ആര്‍ടിസി ബസുകള്‍ ഇവിടെ ഒരേസമയം പാര്‍ക്ക് ചെയ്യുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചു. കാറുകളും മറ്റും 24 മണിക്കൂറിലധികം പാര്‍ക്കിങ്ങില്‍ തുടരാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ച കോടതി, അനുമതി രണ്ടാഴ്ച കൂടി നീട്ടി.
പഴകിയ വനസ്പതി സൂക്ഷിച്ച പാണ്ടിത്താവളത്തെ അന്നപൂര്‍ണ ഹോട്ടലിന് 5,000 രൂപയും കാലാവധി കഴിഞ്ഞ 40 പായ്ക്കറ്റ് ഗരംമസാല സൂക്ഷിച്ച ശ്രീഹരി ഹോട്ടലിന് 10,000 രൂപയും ഡ്യൂട്ടി മജിസ്‌ട്രേട്ട് പിഴയിട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചു. പമ്പയിലും സന്നിധാനത്തുമായുള്ള കെട്ടിടങ്ങള്‍ ശുചിയാക്കി സ്വന്തം ചെലവില്‍ പെയിന്റടിച്ച് നല്‍കാമെന്ന് അഖില ഭാരത അയ്യപ്പസേവാ സംഘം ഹൈക്കോടതിയില്‍ അറിയിച്ചു.
ശബരിമലയിലെ ചുക്കുവെള്ളപ്പുരയ്ക്ക് സമീപം മരക്കൊമ്പ് വീണ് പരുക്കേറ്റ കര്‍ണാടക സ്വദേശിയായ തീര്‍ഥാടകന്‍ സഞ്ജുവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഹൈക്കോടതി കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടി. സഞ്ജു ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്. പെരിയാര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഡപ്യൂട്ടി ഡയറക്ടറോടും റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha