എല്ലാം കലങ്ങി തെളിയുന്നു... ഇപി ജയരാജനെ കുടുക്കിയതിന്റെ പേരില്‍ ആദ്യ വെടി; രവി ഡി.സി. മൊഴി നല്‍കി; പിന്നാലെ ഡിസി ബുക്സിലെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്‌പെന്റ് ചെയ്തു
ചേലക്കര തെരഞ്ഞെടുപ്പ് ദിവസം പുറത്ത് വിട്ട ആത്മകഥാ വിവാദത്തില്‍ ആദ്യ നടപടി. സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡി.സി ബുക്‌സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡി.സി ബുക്‌സ് സസ്‌പെന്റ് ചെയ്തു. ജയരാജന്റെ പരാതിയില്‍ പ്രസാധക സ്ഥാപനത്തിന്റെ ഉടമ രവി ഡി സിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി.
ഇ പി ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആള്‍ക്കെതിരെയാണ് ഡി സി ബുക്‌സിന്റെ നടപടി. ഇത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമെന്നാണ് സൂചന. ഇ പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ രവി ഡി സിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇത് തള്ളി ഡി സി ബുക്സ് രംഗത്ത് വന്നിരുന്നു.
നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ തങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അഭിപ്രായ പ്രകടനം അനുചിതമെന്നും സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജില്‍ പങ്കുവച്ച കുറിപ്പില്‍ ഡി സി ബുക്‌സ് വ്യക്തമാക്കിയിരുന്നു.
ആത്മകഥ സംബന്ധിച്ച കള്ളപ്രചാരണത്തില്‍ ഇ പി ജയരാജന്‍ നല്‍കിയ പരാതിയില്‍ കോട്ടയം പൊലീസ് ഡിസി ബുക്‌സ് ഉടമ രവി ഡിസിയുടെ മൊഴിയെടുത്തു. ആത്മകഥ പ്രസിദ്ധീകരിക്കാനായി കരാറില്ലെന്ന് രവി ഡിസി മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മൊഴി എടുത്തത്. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
പ്രസിദ്ധീകരിക്കാന്‍ നല്‍കാത്ത ആത്മകഥയിലെ ഉള്ളടക്കം സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തെറ്റായ വാര്‍ത്തകള്‍ വന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ കരാറൊന്നും ഇല്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം നടപടിക്രമങ്ങള്‍ പാലിച്ചേ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കൂവെന്നും അന്വേഷണഘട്ടത്തില്‍ പരസ്യമായ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡിസി ബുക്സ് തിങ്കളാഴ്ച വൈകിട്ട് നവമാധ്യമങ്ങളിലൂടെ അറിയിച്ചു.
ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കരാറില്ലെന്ന് രവി ഡി.സി. മൊഴി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ഇ.പി. ജയരാജന്‍ രംഗത്തെത്തി. കരാറില്ലെന്നത് സത്യസന്ധമായ കാര്യമാണെന്നും തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥാ വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നുപറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇത് ആദ്യം വന്നത്. പിന്നെ എല്ലാ ചാനലുകളിലും വാര്‍ത്തയായി. എനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. ആ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഞാന്‍ പോലീസിനോട് ആവശ്യപ്പെട്ടതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
എത്രമാത്രം വലിയ ഗൂഢാലോചനയാണിത്. ഇത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ സംഘടിതമായി നടത്തുന്ന ശ്രമത്തിന്റെയും പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരായ ആക്രമണത്തിന്റെയും ഭാഗമാണ് ഇ.പി. ജയരാജന്‍ പറഞ്ഞു. അതേസമയം, ഒപ്പമുള്ള ആരെങ്കിലും ചതിച്ചതാണോ എന്ന ചോദ്യത്തിന് ഇ.പി. ജയരാജന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
പാര്‍ട്ടിക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല. ഇതിനുപിന്നില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. അതില്‍ കുറേ പേജുകള്‍ ഞാന്‍ എഴുതിയതാണ്. അത് ഞാന്‍ എഴുതി എന്റെ പോക്കറ്റില്‍വെച്ചതല്ല. ഇത് തയ്യാറാക്കാന്‍ ചിലരുടെ സഹായം സ്വീകരിച്ചിട്ടുണ്ട്. അവരൊന്നും ഇങ്ങനെ ചോര്‍ത്തികൊടുക്കുന്നവരല്ല. ഞാന്‍ ഒരാളെക്കുറിച്ച് കുറ്റം പറയണമെങ്കില്‍ പൂര്‍ണമായും വ്യക്തതയും തെളിവും വേണം. ഇത് ആസൂത്രിതമായ ഗൂഢാലോചനയാണ്. അത് പോലീസ് കണ്ടെത്തും. ഞാനും എന്റെ സുഹൃത്തുക്കളും അതിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഒരു അനൗദ്യോഗിക ചര്‍ച്ചയും ഡി.സി. ബുക്‌സുമായി നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha