പഴയ സുരയല്ലിത്... സുരേന്ദ്രന്റെ രാജിയ്ക്കായി മുറവിളി കൂട്ടുന്നവര്‍ വായടയ്‌ക്കേണ്ടി വരും; പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന്; കേന്ദ്രത്തിന്റെ പിന്തുണ
സുരേന്ദ്രനെതിരായ നീക്കത്തിനെതിരെ ഒരു മുഴം മുമ്പെറിഞ്ഞുള്ള രാജി സന്നദ്ധത കെ സുരേന്ദ്രന് തല്‍ക്കാലം തുണയാകുന്നു. വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയും കെ സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാലക്കാട് തോല്‍വിയില്‍ അധ്യക്ഷന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ സുരേന്ദ്രന്‍ മാറില്ലെന്ന് വ്യക്തമാക്കുന്നത്. ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നുമായിരുന്നു ജവദേക്കറിന്റെ ട്വീറ്റ്.
അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിന്റെ മുഖ്യ അജണ്ട. എന്നാല്‍ പാലക്കാട്ടെ ദയനീയ പരാജയവും യോഗത്തില്‍ ഉന്നയിക്കാനുളള നീക്കമാണ് പാര്‍ട്ടിയിലെ കെ സുരേന്ദ്രന്‍ വിരുദ്ധ ചേരി നടത്തുന്നത്. സുരേന്ദ്രന്‍ രാജി വയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന ആത്മവിശ്വാസത്തിലാണ് സുരേന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതു പോലും നാടകമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളികള്‍ ഉന്നയിക്കുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും വികെ ശ്രീകണ്ഠന്‍ എംപിയും വ്യക്തമാക്കി.
കോണ്‍ഗ്രസ് ആശയങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നും അവര്‍ നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമെന്നും എ തങ്കപ്പന്‍ പറഞ്ഞു. അതൃപ്തരായ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും സ്വാഗതമെന്നും നഗരസഭാധ്യക്ഷയെ അടക്കം കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും ജനപ്രതിനിധികള്‍ക്ക് ബി ജെ പിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്നും വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
പാലക്കാട്ടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ ലഡ്ഡു സന്തോഷത്തോട നഗരസഭാധ്യക്ഷ കഴിച്ചു. സി കൃഷ്ണകുമാറിനെതിരായ സാമ്പത്തിക ആരോപണം അതീവ ഗുരുതരമാണ്. തമിഴ്‌നാട്ടിലെ ബ്ലേഡ് കമ്പനിയെ കുറിച്ച് അന്വേഷിക്കണം. സന്ദീപ് വാര്യര്‍ക്ക് പിന്നാലെ ഇനിയും നേതാക്കള്‍ വരുമെന്നും വി.കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.
പാലക്കാട് തോല്‍വിക്ക് കാരണം 18 കൗണ്‍സിലര്‍മാരാണെന്ന് സുരേന്ദ്ര പക്ഷം പരാതിപ്പെട്ടെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പരസ്യമായി ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പ്രഭാരി പി. രഘുനാഥിനും കെ.സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ച് ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയാണ് തോല്‍വിയ്ക്ക് കാരണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും തിരിച്ചടിച്ചു. നടപടിയുമായി മുന്നോട്ടു പോകാനാണ് നേതൃത്വത്തിന്റെ തീരുമാനമെങ്കില്‍ കൂട്ടരാജി യിലേക്ക് പോകാനാണ് കൗണ്‍സിലര്‍മാരുടെ നീക്കം. അതേസമയം, കൗണ്‍സിലര്‍മാര്‍ക്ക് മറുപടിയുമായി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറും രഘുനാഥും രംഗത്തെത്തി.
പാലക്കാട്ടെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം നഗരസഭയിലെ 18 കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കാനുള്ള സുരേന്ദന്‍ പക്ഷത്തിന്റെ നീക്കമാണ് ശിവരാജന്‍ ഉള്‍പ്പെടെയുള്ളവരെ പ്രകോപിപ്പിച്ചത്. സ്വന്തം ബൂത്തില്‍ പോലും സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് കുറഞ്ഞതിന് കൗണ്‍സിലര്‍മാര്‍ എന്തു പിഴച്ചു വെന്നാണ് ചോദ്യം . സി. കൃഷ്ണകുമാരുടെ ആസ്തി വെളിപ്പെടുതണമെന വെല്ലുവിളിയും എന്‍. ശിവരാജന്‍ ഉയര്‍ത്തുന്നു. നഗരസഭ ഭരണത്തിലെ പാളിച്ചകള്‍ അല്ല സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയതാണ് തോല്‍വിക്ക് കാരണമെന്നാണ് നഗരസഭ ചെയര്‍പേഴ്‌സന്റെ വിശദീകരണം. അതേസമയം, ആരോപണങ്ങളെല്ലാം സി കൃഷ്ണകുമാര്‍ നിഷേധിച്ചു.
https://www.facebook.com/Malayalivartha