കീറാമുട്ടിയായി മഹാരാഷ്ട്ര.... മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്ത് കസേര ഉറപ്പിച്ച് ഫഡ്നാവിസ്; ഷിന്‍ഡെയെ പിണക്കില്ല; അമിത് ഷായുടെ തീരുമാനം അന്തിമമാകും
ഭൂരിപക്ഷം ഉണ്ടായിട്ടും മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം ഭീഷണിയില്‍. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ പ്രഖ്യാപനം ഇന്നുണ്ടാകാനാണ് സാധ്യത. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് കസേര ഉറപ്പിച്ചിരിക്കെ, നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയെ പിണക്കാതെയുള്ള ഫോര്‍മുലയ്ക്കായാണു തീരുമാനം നീളുന്നത്.
സഖ്യകക്ഷി നേതാവായ അജിത് പവാറിന്റെയും (എന്‍സിപി) ആര്‍എസ്എസിന്റെയും പിന്തുണ ഫഡ്‌നാവിസിനാണ്. ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായേക്കും. മുഖ്യമന്ത്രിപദത്തിനായും സാധ്യമായില്ലെങ്കില്‍ പ്രധാന വകുപ്പുകള്‍ക്കായും ഷിന്‍ഡെ സമ്മര്‍ദം തുടരുകയാണ്.
ഡല്‍ഹിയിലേക്കു പുറപ്പെട്ട ഫഡ്‌നാവിസ് കേന്ദ്രമന്ത്രി അമിത് ഷായെ കണ്ട് മഹായുതിയിലെ (എന്‍ഡിഎ) ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ധരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവരെയും കാണും. ഷിന്‍ഡെയും അജിത്തും ഡല്‍ഹിയിലെത്തിയേക്കും.
ശിവസേനാ ഉദ്ധവ് പക്ഷത്തുനിന്ന് എംഎല്‍എമാരെ തന്റെ പക്ഷത്തെത്തിച്ച് ബിജെപി കേന്ദ്രനേതൃത്വത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളും ഷിന്‍ഡെ നടത്തുന്നുണ്ട്. ആദ്യത്തെ രണ്ടര വര്‍ഷം ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയ ശേഷം അദ്ദേഹത്തെ പിന്നീട് ബിജെപി ദേശീയ അധ്യക്ഷനാക്കി, ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. കൂടുതല്‍ സീറ്റ് ആര്‍ക്കെന്നു നോക്കാതെ ബിഹാറില്‍ മുഖ്യമന്ത്രിസ്ഥാനം നിതീഷ്‌കുമാറിനു നല്‍കിയ നിലപാട് മഹാരാഷ്ട്രയിലും പിന്തുടരണമെന്ന് ഷിന്‍ഡെ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം താന്‍ മഹാരാഷ്ട്ര പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നാനാ പഠോളെ. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് രാജി സംബന്ധിച്ച അഭ്യൂഹം പരന്നത്. പരാജയം വ്യക്തിപരമല്ലെന്നും ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നുമാണു പഠോളെയുടെ നിലപാട്. പ്രചാരണവേളയില്‍ മഹാവികാസ് അഘാഡിക്ക് അനുകൂലമായിരുന്നു ജനവികാരമെന്നും ഫലം മറിച്ചാണെന്നും അട്ടിമറി സംശയം സംബന്ധിച്ച സൂചനയോടെ പഠോളെ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ സന്ദര്‍ശിച്ച് അദ്ദേഹം സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെ നിര്‍ണയിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ നീളുകയാണ്. 132 സീറ്റു നേടി ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. അതേസമയം ശിവസേന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ വിലപേശല്‍ തുടരുന്നതിനാല്‍ രണ്ടര വര്‍ഷം കഴിഞ്ഞ് അവസരം നല്‍കുമെന്ന വാഗ്ദാനം നല്‍കിയേക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. തീരുമാനം നീണ്ടാല്‍ ഇന്ന് സത്യപ്രതിജ്ഞ ഉണ്ടാകില്ല. അങ്ങനെ വന്നാല്‍, ഗവര്‍ണറുടെ സഹായത്തോടെ അസംബ്‌ളി നിലവില്‍ വന്നതായി രേഖയുണ്ടാക്കാനാണ് നീക്കമെന്ന് അറിയുന്നു.മഹായുതിക്ക് വന്‍ വിജയമൊരുക്കിയതിന്റെ ക്രെഡിറ്റില്‍ ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രി പദത്തിന് അര്‍ഹതയുണ്ടെന്നാണ് ബി.ജെ.പി നിലപാട്. എന്നാല്‍, ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ഷിന്‍ഡെയുടെ ശിവസേനയെ പിണക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല.
ഷിന്‍ഡെയുടെ സഹായമില്ലെങ്കിലും 41 സീറ്റുള്ള അജിത് പവാറിന്റെ സഹായമുള്ളതിനാല്‍ പ്രതിസന്ധിയില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഫഡ്‌നാവിസിന്റെ പേര് ഉയര്‍ത്തിയ അജിത് പവാറിന്റെ നീക്കം ഇതു മുന്നില്‍ കണ്ടാണ്. അജിത് പവാര്‍ ഉപമുഖ്യമന്ത്രി പദത്തില്‍ തൃപ്തനാണ്.ലഡ്കി ബഹിന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ നയങ്ങളാണ് വിജയമൊരുക്കിയതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ഷിന്‍ഡെ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അഥവാ, വിട്ടുകൊടുക്കേണ്ടി വന്നാല്‍ ആഭ്യന്തരം അടക്കമുള്ള വകുപ്പുകള്‍ ചോദിച്ചേക്കും.
https://www.facebook.com/Malayalivartha