നിങ്ങള്‍ എന്തൊക്കെയാണ് എഴുതിവിടുന്നത്... ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് മാധ്യമങ്ങള്‍ മൂന്ന് ദിവസമായി തുള്ളിക്കൊണ്ടിരിക്കുന്നത്
സംസ്ഥാന ബിജെപിയെ കുറിച്ച് മാധ്യമങ്ങളഇല്‍ വരുന്ന വാര്‍ത്തകളില്‍ മാധ്യമങ്ങളോട് കയര്‍ത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് മാധ്യമങ്ങള്‍ മൂന്ന് ദിവസമായി തുള്ളിക്കൊണ്ടിരിക്കുന്നത്. ഇതിലെല്ലാം മാധ്യമങ്ങള്‍ നിരാശരാകേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
'ഇന്നത്തെ ബിജെപി യോഗം സജീവ അംഗത്വത്തെക്കുറിച്ചും പ്രാഥമിക അംഗത്വത്തെക്കുറിച്ചും മാത്രമുള്ള ചര്‍ച്ചയാണ്. നിങ്ങള്‍ എന്തൊക്കെയാണ് എഴുതിവിടുന്നത്. 15 കൊല്ലമായി ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി. മുരളീധരന്‍ രാജ്യസഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് കേരള അധ്യക്ഷ പദവി പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് എഴുതി. എന്തെങ്കിലും അടിസ്ഥാനം ഇതിലുണ്ടോ? ഈ രീതിയിലുള്ള ചവറ് വാര്‍ത്തകളുമായിട്ടാണോ നിങ്ങള്‍ വന്നിരിക്കുന്നത്?' - കെ സുരേന്ദ്രന്‍ ചോദിച്ചു.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെക്കുറിച്ചും ചേലക്കരയില്‍ അവര്‍ തോറ്റമ്പിയതും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയവും പാര്‍ട്ടിയില്‍ നടന്ന പൊട്ടിത്തെറിയ്ക്കും പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.
എന്നാല്‍ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയും യോഗത്തില്‍ ചര്‍ച്ചയായേക്കും. വിഷയം യോഗത്തില്‍ ഉന്നയിക്കാനുളള നീക്കമാണ് ഒരു വിഭാഗം നടത്തുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രന്‍ രാജി വയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതു പോലും നാടകമാണെന്ന വിലയിരുത്തലാണ് എതിര്‍ചേരിയുടേത്. എന്നാല്‍ രാജി ആവശ്യമില്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നുമുള്ള ആത്മവിശ്വാസത്തിലാണ് സുരേന്ദ്രനും അനുകൂലികളും.
https://www.facebook.com/Malayalivartha