പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് വീണ്ടും... ഹൈക്കോടതി അനുമതിയോടെ ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച രാഹുലിനെതിരെ നീമയുടെ പരാതി
പൊലീസിനെ വട്ടംകറക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പുതിയ വഴിത്തിരിവില്‍. ഹൈക്കോടതി അനുമതിയോടെ ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലും ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയും (26) തമ്മില്‍ വീണ്ടും അടിപൊട്ടി.
പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട രാഹുലിനെതിരെ നീമയുടെ പരാതിയില്‍ വധശ്രമത്തിനാണു കേസെടുത്തത്. ചെറിയ പ്രശ്‌നങ്ങളാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് പന്തീരാങ്കാവ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു. വധശ്രമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ജാമ്യം നല്‍കുന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പൊലീസ് അറിയിച്ചു.
മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞാണ് രാഹുല്‍ മര്‍ദിച്ചതെന്ന് നീമ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഞായറാഴ്ചയാണ് ആദ്യം മര്‍ദിച്ചത്. തിങ്കളാഴ്ച വീണ്ടും മര്‍ദിച്ചു. പരുക്കേറ്റതോടെ നീമയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം രാഹുല്‍ മുങ്ങുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റിയിലെടുത്തു. ആദ്യം പരാതി നല്‍കാന്‍ നീമ തയാറായില്ല. എന്നാല്‍ പറവൂരില്‍നിന്നു മാതാപിതാക്കള്‍ എത്തിയശേഷം പൊലീസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. നീമ മാതാപിതാക്കള്‍ക്കൊപ്പം പറവൂരിലേക്ക് പോകും.
രാഹുലിന്റെ വീട്ടില്‍നിന്ന് ഇന്നലെ രാത്രിയാണ് നീമയെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നു പന്തീരാങ്കാവ് ഇന്‍സ്‌പെക്ടറും വനിത എഎസ്‌ഐയും രാത്രി ആശുപത്രിയില്‍ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതി ഇല്ലെന്നാണ് പറഞ്ഞത്. നേരത്തേ രാഹുല്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയില്‍ രാഹുല്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസെടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണം വലിയ വിമര്‍ശനത്തിനിടയാക്കി.
ഇതിനിടെ ജര്‍മനിയില്‍ ജോലി ഉണ്ടായിരുന്ന രാഹുല്‍ വിദേശത്തേക്ക് കടന്നു. സിംഗപ്പൂര്‍ വഴിയാണ് ജര്‍മനിയിലേക്ക് പോയത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാതാപിതാക്കളുടെ നിര്‍ബന്ധം മൂലമാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നും പരാതി വ്യാജമാണെന്നും അറിയിച്ച് നീമ രംഗത്തെത്തി. തുടര്‍ന്ന് കേസ് ഹൈക്കോടതിയില്‍ എത്തുകയും, കേസ് റദ്ദാക്കിയ കോടതി ഇരുവരെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയുമായിരുന്നു.
രാഹുലിന് വിദേശത്തേക്ക് കടക്കാന്‍ ഒത്താശ ചെയ്ത പൊലീസുകാരന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയായിരുന്നു. സംഭവത്തില്‍ പൊലീസ് നടപടിയില്‍ വീഴ്ച ഉണ്ടായെന്ന വിമര്‍ശനത്തിലും വനിതാ കമ്മിഷന്‍ ഇടപെടലിലും പന്തീരാങ്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 2 പൊലീസുകാരെ ഐജി സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് രാഹുല്‍ ഒഴികെ 4 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.
കേസ് ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പാകുന്ന ഘട്ടത്തിലാണ് രാഹുല്‍ തിരിച്ചെത്തിയത്. അതിനാല്‍ രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല. ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും ഹൈക്കോടതിയില്‍ നല്‍കിയ ഒത്തുതീര്‍പ്പ് ഹര്‍ജി തീര്‍പ്പാക്കി കേസ് കോടതി റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് പന്തീരാങ്കാവിലെ വീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു ഇരുവരും.
https://www.facebook.com/Malayalivartha