ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു
അങ്ങനെ വലിയൊരു യുദ്ധത്തിലേക്ക് പോകുമെന്ന് കരുതിയ ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധത്തിന് പരിഹാരമാകുന്നത്.
ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയില്‍ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേല്‍ സൈന്യവും ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇസ്രയേല്‍ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്.
നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഇക്കാര്യം അറിയിക്കാനായി ലോകത്തെ അഭിസംബോധന ചെയ്തു. ലെബനന്‍ - ഇസ്രയേല്‍ വെടിനിര്‍ത്തല്‍ വിവരം പങ്കുവച്ച ബൈഡന്‍, നല്ല വാര്‍ത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി.
ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാല്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഹിസ്ബുള്ള ധാരണ ലംഘിച്ചാല്‍ ഇസ്രയേല്‍ കനത്ത തിരിച്ചടിക്ക് മുതിരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ദക്ഷിണ ബെയ്‌റൂത്തില്‍ തിങ്കളാഴ്ച ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 31 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദക്ഷിണ ബെയ്‌റൂത്തിലും പരിസര പ്രദേശത്തും 25 സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലും അറിയിച്ചിരുന്നു. ഹിസ്ബുല്ല കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ആക്രമണത്തിന് ശേഷം ദക്ഷിണ ലെബനോനില്‍ നിന്നുള്ള വിദൂര ദൃശ്യങ്ങള്‍ ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേലി സൈന്യം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ദക്ഷിണ ലബനോനിലെ രണ്ട് ജില്ലകളില്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയെന്നാണ് ലെബനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ വാരാന്ത്യത്തിലും ഇസ്രയേല്‍ ലെബനോനില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ജനസാന്ദ്രതയേറിയ ബസ്ത മേഖലയില്‍ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 29 പേര്‍ കൊല്ലപ്പെട്ടതായാണ് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഹിസ്ബുല്ലയുടെ കമാന്‍ഡ് സെന്ററാണ് തിങ്കളാഴ്ചത്തെ ആക്രമണത്തില്‍ ലക്ഷ്യമിട്ടതെന്ന് ഇസ്രയേലി സൈന്യം അവകാശപ്പെട്ടു. അതേസമയം ബെയ്‌റൂത്തിന്റെ സമീപ പ്രദേശങ്ങളില്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കാതിരുന്ന മേഖലകളിലും ഇസ്രയേലി ആക്രമണം നടന്നതായും ആളുകള്‍ താമസിച്ചിരുന്ന കെട്ടിടങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് നിലവിലെ പ്രസിഡന്റ് ചിട്ടയോടെ അധികാര കൈമാറ്റം ഉറപ്പാക്കുന്നതാണ് അമേരിക്കയിലെ പരമ്പരാഗത ശൈലി. എന്നാല്‍ 2020 ല്‍ പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപ് ഈ പതിവ് തെറ്റിച്ചിരുന്നു. നിയുക്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അധികാരം കൈമാറാതിരുന്ന ട്രംപിന്റെ നടപടി വലിയ വിവാദങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊക്കെ കാരണമായിരുന്നു. വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയരുകയും ഒടുവില്‍ 2021 ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തിന് വരെ കാരണമായിരുന്നു ട്രംപ് അധികാര കൈമാറ്റത്തിന് മടികാട്ടിയത്.
എന്നാല്‍ 2020 ല്‍ ട്രംപ് ചെയ്തതുപോലെ ഇക്കുറി താന്‍ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബൈഡന്‍. പരമ്പരാഗത രീതിയില്‍ ജനുവരിയില്‍ ചിട്ടയോടെയുള്ള അധികാര കൈമാറ്റം ബൈഡന്‍ ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലും ജോ ബൈഡന്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇതെന്ന് വിവരിച്ചുകൊണ്ടാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ബൈഡന്‍ പങ്കെടുക്കുന്നതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.
"
https://www.facebook.com/Malayalivartha