എങ്ങനെ വിശ്വസിക്കാന്‍ പറ്റും... നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തണുത്തെന്ന് കരുതിയിരുന്ന നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച വിഷയം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് നാല്‍പ്പത്തിയൊന്നാമതായിട്ടാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജിക്കാരി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും നവീന്റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് മഞ്ജുഷ ഹൈക്കോടതിയില്‍ ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചത്.
നവീന്റെ കുടുംബത്തിനൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും സി പി എമ്മും ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കണ്ടറിയേണ്ടത്. സര്‍ക്കാര്‍ സി ബി ഐ അന്വേഷണം ശരിവച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. അല്ലാത്ത പക്ഷേ 'നവീന്റെ കുടുംബത്തിനൊപ്പം' എന്ന നിലപാട് വലിയ തോതില്‍ ചോദ്യം ചെയ്യപ്പെടുമെന്നും ഉറപ്പാണ്.
നവീന്‍ ബാബുവിന്റെ ഭാര്യയും തഹസില്‍ദാരുമായ കെ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ നവീന്‍ ബാബുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയാതാണോയെന്ന് സംശയിക്കുന്നതായി കുടുംബം ചൂണ്ടികാട്ടിയിട്ടുണ്ട്. എ ഡി എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാതെയാണ് ക്യാമറാമാനേയും കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ എത്തിയത്. പ്രസംഗത്തില്‍ നവീന്‍ ബാബുവിനെ മോശക്കാരനാക്കി ചിത്രീകരിച്ച് പുറംലോകത്ത് പ്രചരിപ്പിച്ചത് മനഃപൂര്‍വമാണ്. മരണത്തിനുശേഷവും പ്രതിയായ ദിവ്യയും മറ്റും നവീന്‍ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണ്. കൈക്കൂലിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ പരാതി പോലും വ്യാജമാണ്. എ ഡി എമ്മിന്റെ മരണത്തിന് ശേഷമാണ് തങ്ങളുടെ സംശയങ്ങള്‍ വര്‍ധിച്ചത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ കണ്ടവര്‍ ആരൊക്കെയെന്നതില്‍ വിശദമായ അന്വേഷണം വേണം. കളക്ട്രേറ്റിലേയും റെയില്‍വേ സ്റ്റേഷനിലേയും ക്യാര്‍ട്ടേഴ്‌സിലേയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണം.
ആത്മഹത്യയെന്ന പൊലീസ് നിഗമനം തങ്ങള്‍ വിശ്വസിക്കുന്നില്ല. കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നു. എ ഡി എമ്മിന്റെ മരണത്തിന് ശേഷം രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് നാളിതുവരെ അന്വേഷണത്തില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടാക്കാനായില്ല. സി സി ടിവി അടക്കമുളള ശാസ്ത്രീയ തെളിവുകള്‍ പോലും സമാഹരിക്കുന്നില്ല. യഥാര്‍ഥ തെളിവുകള്‍ മറച്ചുപിടിക്കാനും പ്രതിയെ രക്ഷിക്കാനുളള വ്യജതെളിവുകളുണ്ടാക്കാനുമാണ് അന്വേഷണസംഘത്തിന് വ്യഗ്രതയെന്നും സംശയിക്കുന്നു.
മരണത്തിനുശേഷമുളള ഇന്‍ക്വസ്റ്റ് അടക്കമുളള തുടര്‍നടപടികളിലെ വീഴ്ചയും മനപൂര്‍വമാണെന്ന് കരുതേണ്ടിയിരിക്കുന്നു. അടുത്ത ബന്ധുവിന്റെ സാന്നിധ്യം പോലുമില്ലാതെ പൂര്‍ത്തിയാക്കിയ നടപടിക്രമങ്ങള്‍ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയമുണ്ട്. അതുകൊണ്ടുതന്നെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവന്‍ പ്രതികളേയും നിയമത്തിനുമുന്നില്‍ എത്തിക്കാനും സി ബി ഐ അന്വേഷണം തന്നെ വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാര്യ കെ.മഞ്ജുഷ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രധാനമായും 3 ആരോപണങ്ങളാണുള്ളത്. 1) സിപിഎം നേതാവ് പ്രതിസ്ഥാനത്തു നില്‍ക്കുമ്പോള്‍ സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ല. 2) പ്രത്യേക അന്വേഷണ സംഘം തെളിവുകള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു; പ്രതിഭാഗത്തിനു തെറ്റായ തെളിവുകള്‍ കെട്ടിച്ചമയ്ക്കാന്‍ അവസരം നല്‍കുന്നതായി സംശയിക്കുന്നു 3) കൊലപാതകമാണെന്നു സംശയമുണ്ട്.
"
https://www.facebook.com/Malayalivartha