കണ്ണീര്‍ക്കാഴ്ചയായി... ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി കുട്ടികളുള്‍പ്പെടെ അഞ്ച് മരണം... ഏഴ് പേര്‍ക്ക് പരുക്ക്
കണ്ണീര്‍ക്കാഴ്ചയായി... ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി കുട്ടികളുള്‍പ്പെടെ അഞ്ച് മരണം... ഏഴ് പേര്‍ക്ക് പരുക്ക് .മൂന്നുപേരുടെ നില ഗുരുതരം.
തൃശൂര്‍ നാട്ടിക ജെ.കെ തിയേറ്ററിനടുത്ത് ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് ദാരുണ സംഭവം. പാലക്കാട്ടു നിന്നുള്ള നാടോടി സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കണ്ണൂര്‍ ആലക്കോട് സ്വദേശി ലോറി ക്‌ളീനര്‍ അലക്സാണ്ടറാണ് ലോറി ഓടിച്ചിരുന്നത്. ഇയാള്‍ക്ക് ലൈസന്‍സില്ല. അലക്സാണ്ടറെയും ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി ജോസിനെയും അറസ്റ്റു ചെയ്തു.
നരഹത്യക്കാണ് കേസ്. അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മദ്യപിച്ച് അടുത്ത സീറ്റില്‍ ഉറക്കത്തിലായിരുന്നു. പാലക്കാട് മീന്‍കര ഡാം ചെമ്മനംതോട് കോളനിയില്‍ താമസക്കാരായ കാളിയപ്പന്‍ (50), ഭാര്യ നാഗമ്മ (39), മകന്‍ വിജയുടെ ഭാര്യ രാജേശ്വരി (ബംഗാരി 20), മകന്‍ വിശ്വ (ഒരു വയസ്), ഇവരുടെ ബന്ധു രമേശിന്റെയും ചിത്രയുടെയും മകള്‍ ജീവ (4) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന ദേവചന്ദ്രന്‍ (31), ദേവചന്ദ്രന്റെ ഭാര്യ ജാന്‍സി (29), മകള്‍ ശിവാനി (5), ദേവചന്ദ്രന്റെ സഹോദരന്‍ വിജയ് എന്നിവരാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലുള്ളത്.
അതേസമയം കണ്ണൂരില്‍ നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റി പോകുകയായിരുന്നു ലോറി. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് വഴി തിരിച്ചുവിട്ടിരുന്നു. ബാരിക്കേഡും ദിശാ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഡ്രൈവര്‍ ഇതു കാണാതെ വന്ന വേഗതയില്‍ വാഹനം മുന്നോട്ടെത്തു. ബാരിക്കേഡ് തകര്‍ത്താണ് ലോറി പാഞ്ഞുകയറിയത്. ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടെ കയറിയിറങ്ങി 250 മീറ്റര്‍ മുന്നോട്ട് പോയാണ് ലോറി നിന്നത്.
വണ്ടി തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കെ നാട്ടുകാര്‍ തടയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനത്തിലുള്ളത്. എന്നാല്‍ പൊലീസിന്റെ പരിശോധനയില്‍ ക്ലീനര്‍ അലക്സാണ് വാഹനം ഓടിച്ചതെന്നും ഇയാള്‍ക്ക് ലൈസന്‍സില്ലെന്നും കണ്ടെത്തി. ഇയാളും ഡ്രൈവറും നന്നായി മദ്യപിച്ചിരുന്നെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.
മൂന്ന് മാസം മുമ്പ് കൂലിപ്പണികള്‍ക്കായാണ് നാടോടി സംഘം ഇവിടെയെത്തിയത്. സ്ഥിരമായി ഇതേ പ്രദേശത്ത് റോഡരികിലാണ് കിടന്നുറങ്ങിയിരുന്നത്.
"
https://www.facebook.com/Malayalivartha