കൂട്ടായ്മ കവര്‍ച്ച കേസ്... പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ
കൂട്ടായ്മ കവര്‍ച്ചാ കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ജില്ലയില്‍ മേനംകുളം പള്ളിത്തുറ പള്ളിക്ക് സമീപം പുതുവല്‍ പുരയിടം വീട്ടില്‍ സ്‌റ്റൈലസ് മകന്‍ ലിജിനെ( 29) യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സിജു ഷെയ്ക്കിന്റേതാണ് ശിക്ഷാ വിധി.
കൂട്ടായ്മ കവര്‍ച്ച നടത്തിയതിന്അഞ്ചു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി അധികം തടവും അനുഭവിക്കണം. ആവലാതിക്കാരന്റെ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയതിന് രണ്ട് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി അധിക കഠിന തടവും, മരണഭയം ഉണ്ടാക്കിയതിന് ഒരു വര്‍ഷം കഠിന തടവുമാണ് അനുഭവിക്കേണ്ടത്. പിഴ തുകയില്‍ 30,000 രൂപ കേസിലെ രണ്ടാം സാക്ഷിക്കും 5,000 രൂപ വീതം ഒന്നും മൂന്നും സാക്ഷികള്‍ക്കും നല്കുന്നതിനും കോടതി ഉത്തരവിട്ടു. 29-7-2009 ജൂലൈ 29 നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയും കൂട്ടുകാരും ചേര്‍ന്ന് പേട്ട വില്ലേജില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബ്ലോക്‌സ് ആന്റ് അലൈഡ്' ബില്‍ഡിംഗ് മെറ്റീരിയല്‍സ് എന്ന സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി സ്ഥാപനത്തിന്റെ മാനേജരുടെ കഴുത്തില്‍ വാള്‍ വെച്ച് ഗുണ്ടാ പിരിവ് ചോദിക്കുകയും അവിടെയുള്ള സ്ത്രീകള്‍ ഉള്‍പ്പെടയുള്ളവരെ ഭീഷണിപ്പെടുത്തി സ്വര്‍ണമാലകളും പണവും മൊബൈല്‍ ഫോണുകളും പിടിച്ചുപറിച്ചെടുക്കുകയും ചെയ്തതിനാണ് വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലിജിന്‍. മറ്റൊരു പ്രതി വിചാരണ വേളയില്‍ മരണപ്പെട്ടിരുന്നു. വലിയതുറ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. എസ്. രാജേഷ്, അഡ്വക്കേറ്റ് സെബിന്‍ തോമസ് എന്നിവര്‍ ഹാജരായി.
"
https://www.facebook.com/Malayalivartha