വനത്തിനകത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത് പുരയുടെ വലിപ്പമുള്ള വലിയ പാറയുടെ മുകളിലായിരുന്നുവെന്ന് കുട്ടമ്പുഴയിലെ വനത്തില്‍നിന്ന് പുറത്തെത്തിയ പാറുക്കുട്ടി
വനത്തിനകത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത് പുരയുടെ വലിപ്പമുള്ള വലിയ പാറയുടെ മുകളിലായിരുന്നുവെന്ന് കുട്ടമ്പുഴയിലെ വനത്തില്‍നിന്ന് പുറത്തെത്തിയ പാറുക്കുട്ടി പ്രതികരിച്ചു.
വഴി തെറ്റിയാണ് തങ്ങള്‍ വനത്തില്‍ അകപ്പെട്ടതെന്നും രാത്രി തീരെ ഉറങ്ങിയില്ലെന്നും പാറു . വലിയ പാറയിലാണ് കയറി നിന്നത്. എവിടെനിന്ന് ആന വന്നാലും ഞങ്ങളെ പിടിക്കാനാകില്ല.
അടുത്തിരിക്കുന്ന ആളെ പോലും കാണാനാകാത്ത അത്രയും കൂരിരുട്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. പശുവിനെ തിരഞ്ഞ് വനത്തില്‍ കയറിയ മൂന്ന് സ്ത്രീകളെയും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്.
''ചെക്ക് ഡാം വരെ വഴി തെറ്റാതെയാ ഞങ്ങള്‍ വന്നത്. അതുകഴിഞ്ഞപ്പോള്‍ വഴി തെറ്റി. മുമ്പോട്ട് പോകേണ്ടതിനു പകരം പുറകോട്ട് പോയി. ആന നടന്ന വഴിച്ചാലാണ്. അങ്ങനെയാണ് വനത്തില്‍ അകപ്പെട്ടത്. രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. വെളുപ്പിന് രണ്ടര വരെ ആന സമീപത്തൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ല. വലിയ പാറയിലാണ് ഞങ്ങള്‍ കയറി നിന്നത്. ഒരു പുരയുടെ അത്രയുണ്ട്. എവിടെനിന്ന് ആന വന്നാലും ഞങ്ങളെ പിടിക്കാനാകില്ല. അഥവാ കൈയും കാലും കുത്തി കയറിയാലും ഞങ്ങള്‍ക്ക് മാറാനുള്ള സൗകര്യമുണ്ടായിരുന്നു. അടുത്തിരിക്കുന്ന ആളെ പോലും കാണാനാകാത്ത അത്രയും കൂരിരുട്ടായിരുന്നു'' -പാറു പറഞ്ഞു.
കുട്ടമ്പുഴ അട്ടിക്കളം സ്വദേശികളായ പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍, മാളികേക്കുടി മായാ ജയന്, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന് എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച കാണാതായ പശുവിനെ അന്വേഷിച്ച് വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ വനത്തിലേക്ക് പോയത്. കാണാതായ മായയുമായി ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചിരുന്നു. ബാറ്ററി തീരുമെന്നും മൊബൈല്‍ ഫോണ്‍ ഓഫാകുമെന്നും മായ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ ബന്ധം നിലച്ചു.
നിരന്തരം കാട്ടാന സാന്നിധ്യമുള്ള പ്രദേശമാണിത്. പാറുക്കുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാല്‍ സ്ഥലം മാറിപ്പോവുകയായിരുന്നു.
രാവിലെ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധിക്കാനായി കലക്ടര്‍ക്ക് വനം മന്ത്രി എ.കെ ശശീന്ദ്രന് നിര്‍ദേശം നല്കിയിട്ടുണ്ടായിരുന്നു. വനം വകുപ്പ് ജീവനക്കാര്‍, ഫയര്‍ ഫോഴ്സ്, നാട്ടുകാര്‍, വനം വാച്ചര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ടായിരുന്നു. 25ഓളം പേരടങ്ങുന്ന സംഘമാണ് ഇവരെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha