വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി... കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് പങ്കെടുക്കുന്നത്...
വിവാദങ്ങൾ ഉയർന്നു നിൽക്കുന്നതിനിടയിൽ നിർണായകമായ മറ്റൊരു തീരുമാനം . എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഡിസംബര്‍ 2 മുതല്‍ 27 വരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിശീലനം. പരിശീലനത്തിനു ശേഷം വീണ്ടും അദ്ദേഹം കലക്ടറായി ചുമതലയേല്‍ക്കും. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് അരുണ്‍ കെ.വിജയന്‍ പങ്കെടുക്കുന്നത്.
സംസ്ഥാനത്തുനിന്ന് ആറ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടറി തലത്തിലേക്കു പ്രൊമോഷൻ ലഭിക്കാന്‍ വേണ്ടുന്ന മൂന്നാംഘട്ട പരിശീലന പരിപാടിയാണിത്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂര്‍ കലക്ടര്‍ പരിശീലനത്തിനു പോകുന്നത്. അദ്ദേഹം തിരിച്ചെത്തി ചുമതല ഏല്‍ക്കുന്നതു വരെ എഡിഎമ്മിന് താല്‍ക്കാലിക ചുമതല നല്‍കും.അതെ സമയം ഇന്നലെ നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജില്ലാ കലക്ടർ അരുണ്‍ കെ.വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി.
‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കലക്ടറുടെ മൊഴി നേരത്തേ പുറത്തു വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കലക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു.ആദ്യ മൊഴിയിൽ നൽകിയ കാര്യങ്ങളെല്ലാം കലക്ടർ ആവർത്തിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ രക്ഷിക്കാൻ കലക്ടർ കൂട്ടു നിൽക്കുകയാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
അരുൺ കെ. വിജയനെതിരായ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ പോയതിനു പിന്നാലെയാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha